Sorry, you need to enable JavaScript to visit this website.

അന്താരാഷ്ട്ര നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാക്കണമെന്ന് ഒ.ഐ.സി യോഗത്തിൽ സൗദി

ഗാസയിലെ പുതിയ സംഭവ വികാസങ്ങൾ വിശകലനം ചെയ്യാൻ ജിദ്ദയിൽ ചേർന്ന ഒ.ഐ.സിയുടെ അടിയന്തര അസാധാരണ യോഗത്തിൽ സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ സംസാരിക്കുന്നു.

ജിദ്ദ - ഇരട്ടത്താപ്പും വിവേചനങ്ങളുമില്ലാതെ അന്താരാഷ്ട്ര നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാക്കണമെന്ന് സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ആവശ്യപ്പെട്ടു. ഗാസയിലെ പുതിയ സംഭവ വികാസങ്ങൾ വിശകലനം ചെയ്യാൻ ജിദ്ദയിൽ ചേർന്ന ഒ.ഐ.സിയുടെ അടിയന്തര അസാധാരണ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി. നിലവിൽ ഒ.ഐ.സിയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന സൗദി അറേബ്യ ആഹ്വാനം ചെയ്തതനുസരിച്ചാണ് ഇന്നലെ അടിയന്തര യോഗം ചേർന്നത്. കഴിഞ്ഞ ദിവസം ഗൾഫ് വിദേശ മന്ത്രിമാർ മസ്‌കത്തിൽ സമാന യോഗം ചേർന്നിരുന്നു. ഫലസ്തീനിലെ സാധാരണക്കാർക്ക് സംരക്ഷണം നൽകാൻ അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കണമെന്ന വസ്തുതയാണ് ഗാസയിലെ പുതിയ സംഭവ വികാസങ്ങൾ വ്യക്തമാക്കുന്നതെന്ന് സൗദി വിദേശ മന്ത്രി പറഞ്ഞു. 


സ്ഥിതിഗതികൾ വഷളാകുന്നതിന്റെ അപകടത്തെ കുറിച്ചും അതിന്റെ അപ്രതീക്ഷിത പ്രത്യാഘാതങ്ങളെ കുറിച്ചും സൗദി അറേബ്യ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണക്കാരായ സ്ത്രീകളും കുട്ടികളും വയോജനങ്ങളും കൊല്ലപ്പെടുന്ന സൈനിക ആക്രമണങ്ങൾ നിർത്തിവെക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇസ്രായിൽ സൈന്യം തുടരുന്ന ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. അന്യായമായി ആളുകളെ വധിക്കുന്നതും നിരപരാധികളെ ഭയപ്പെടുത്തുന്നതും കുട്ടികളെയും വയോജനങ്ങളെയും ആക്രമിക്കുന്നതും ഇസ്‌ലാമിക മൂല്യങ്ങൾ വിലക്കുന്നു. 
ഗാസയിലെ ദുരിതങ്ങൾ ലഘൂകരിക്കാൻ ശക്തവും സംയുക്തവുമായ ശ്രമങ്ങൾ ആവശ്യമാണ്. മാനുഷിക ദുരന്തം സംഭവിക്കാതെ നോക്കാൻ പരിക്കേറ്റവരെ ഒഴിപ്പിക്കാനും മരുന്നും മെഡിക്കൽ ഉപകരണങ്ങളും റിലീഫ് വസ്തുക്കളും എത്തിക്കാനും ഗാസയിൽ മാനുഷിക ഇടനാഴികൾ തുറക്കാനും സ്ഥിതിഗതികൾ ശാന്തമാക്കാനും ഊന്നൽ നൽകണം. അക്രമത്തിന്റെയും ദുരിതങ്ങളുടെയും ചക്രത്തിൽ നിന്ന് പുറത്ത് കടക്കാൻ തന്ത്രപരമായ ഒപ്ഷനായി സമാധാന മാർഗം സ്വീകരിക്കണം. 1967 ലെ അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നതാണ് സൗദി അറേബ്യയുടെ നിലപാട്. 
അന്താരാഷ്ട്ര നിയമങ്ങൾ നടപ്പാക്കുന്ന കാര്യത്തിലും സമാധാന പ്രക്രിയ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിലും ആഗോള സമൂഹം ഉത്തരവാദിത്തങ്ങൾ വഹിക്കണം. ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങൾ ഉറപ്പാക്കാൻ ആഗോള സമൂഹവുമായും അറബ്, ഇസ്‌ലാമിക് രാജ്യങ്ങളുമായും ഏകോപനം നടത്തുന്നത് സൗദി അറേബ്യ തുടരും. ഗാസ നിവാസികളെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കുന്നത് നിർത്തിവെക്കുകയും ഗാസ ഉപരോധം എടുത്തുകളയുകയും വേണം. പശ്ചാത്തല സൗകര്യങ്ങളും തന്ത്രപ്രധാന സ്ഥാപനങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ നിർത്തിവെക്കണമെന്നും സൗദി വിദേശ മന്ത്രി ആവശ്യപ്പെട്ടു.


ഇസ്രായിൽ യുദ്ധത്തിൽ 1300 ലേറെ കുട്ടികൾ ഇതിനകം കൊല്ലപ്പെട്ടതായി ഫലസ്തീൻ വിദേശ മന്ത്രി റിയാദ് അൽമാലികി പറഞ്ഞു. ഫലസ്തീനികൾക്കെതിരായ യുദ്ധത്തിന് ഇസ്രായിലിന് അനുമതി നൽകിയവരും ഇതിനാവശ്യമായ ഇസ്രായിലിന് ആയുധങ്ങൾ കൈമാറിയവരും ഗാസ നിവാസികളുടെ രക്തത്തിന് ഉത്തരവാദികളാണ്. പ്രകാശത്തിന്റെയും അന്ധകാരത്തിന്റെയും ആളുകൾ തമ്മിലാണ് സംഘർഷമെന്ന് യുദ്ധം ന്യായീകരിക്കാൻ വേണ്ടി ഇസ്രായിൽ പ്രധാനമന്ത്രി ബെൻജമിൻ നെതന്യാഹു പറയുന്നു. ഗാസ ബാപ്റ്റിസ്റ്റ് ആശുപത്രിക്കു നേരെ ഇസ്രായിലാണ് ആക്രമണം നടത്തിയത്. ഇത്തരമൊരു ആക്രമണത്തെ കുറിച്ച് രണ്ടു ദിവസം മുമ്പ് ഡോക്ടർമാർക്ക് ഇസ്രായിൽ മുന്നറിയിപ്പ് നൽകിയിരുന്നു. അഭൂതപൂർവമായ വംശഹത്യക്കാണ് ഗാസ വിധേയമാകുന്നതെന്നും ഫലസ്തീൻ വിദേശ മന്ത്രി പറഞ്ഞു.
ഗാസ ആക്രമണത്തിന്റെ പേരിൽ ഇസ്രായിലിനെ ശിക്ഷിക്കണമെന്ന് തുർക്കി വിദേശ മന്ത്രി ഹാകാൻ ഫൈദാൻ ആവശ്യപ്പെട്ടു. ഗാസയുമായി ബന്ധപ്പെട്ട് ലോകം ഉയർന്ന തലത്തിൽ ചിന്തിക്കുകയും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും വേണം. ഗാസയിലെ സംഭവ വികാസങ്ങളെ ലോകം അപലപിക്കണം. ഫലസ്തീനിൽ സമാധാനം സാധ്യമാക്കണമെന്നും ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ അനുയോജ്യമായ സാഹചര്യം ഒരുക്കണമെന്നും തുർക്കി വിദേശ മന്ത്രി ആവശ്യപ്പെട്ടു. 


ഇസ്രായിലിന്റെ ഗാസ ആക്രമണങ്ങളിൽ അന്താരാഷ്ട്ര സമൂഹം പുലർത്തുന്ന മൗനം പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കുമെന്ന് ലെബനീസ് വിദേശ മന്ത്രി അബ്ദുല്ല ബൂഹബീബ് പറഞ്ഞു. സൗദി ഡെപ്യൂട്ടി വിദേശ മന്ത്രി എൻജിനീയർ വലീദ് അൽഖുറൈജി, രാഷ്ട്രീയ കാര്യങ്ങൾക്കുള്ള വിദേശ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. സൗദ് അൽസാത്തി, ഒ.ഐ.സിയിലെ സൗദി സ്ഥിരം പ്രതിനിധി ഡോ. സ്വാലിഹ് അൽസുഹൈബാനി എന്നിവർ യോഗത്തിൽ പങ്കെടുത്ത സൗദി സംഘത്തിൽ അടങ്ങിയിരുന്നു. യോഗത്തിനു മുന്നോടിയായി തുർക്കി വിദേശ മന്ത്രി ഹാകാൻ ഫൈദാൻ, പാക്കിസ്ഥാൻ വിദേശ മന്ത്രി ജലീൽ അബ്ബാസ് ഗീലാനി, ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹ എന്നിവരുമായി സൗദി വിദേശ മന്ത്രി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തി ഗാസ സംഘർഷവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇക്കാര്യത്തിൽ നടത്തുന്ന ശ്രമങ്ങളും വിശദമായി വിശകലനം ചെയ്തു. 

Latest News