തിരുവനന്തപുരം- വീട്ടുകാരുമായി പിണങ്ങി വിടുവിട്ട് തലസ്ഥാനത്തെത്തിയ യുവതികളെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. തിരുനെൽവേലി സ്വദേശിനികളായ പതിനഞ്ചു വയസുള്ള കുട്ടികളെയാണ് ഫോർട്ട് പോലീസ് ബന്ധുക്കൾക്കൊപ്പം വിട്ടത്. രണ്ടു ദിവസം മുമ്പാണ് പെൺകുട്ടികൾ കോവളത്ത് എത്തിയത്.
രണ്ടു പെൺകുട്ടികളിൽ ഒരാളുടെ മാതാവ് അടുത്തിടെയാണ് മരിച്ചത്. പിന്നാലെ പിതാവ് മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ കൂട്ടുകാരിയുമൊത്ത് പെൺകുട്ടി നാടുവിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോവളത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച കുട്ടികളുടെ കയ്യിൽ റൂം വാടക കൊടുത്ത ശേഷം ചെലവിന് പണമില്ലായിരുന്നു. കൈയിലുള്ള സ്വർണം വിറ്റ് ചെലവിന് കാശ് സ്വരൂപിക്കാനായാണ് ഇരുവരും ചാലയിലെ ഒരു ജ്വല്ലറിയിൽ എത്തിയത്. കടയുടമക്ക് സംശയം തോന്നി വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
ഫോർട്ട് പോലീസ് സ്ഥലത്തെത്തി പെൺകുട്ടികളോട് വിവരങ്ങൾ തിരക്കിയപ്പോഴാണ് തിരുനെൽവേലിയിൽനിന്നു വീട്ടുകാരറിയാതെ തിരുവനന്തപുരത്തെത്തിയതെന്ന് പറഞ്ഞത്. തുടർന്ന് തിരുനെൽവേലി പോലീസിൽ വിവരമറിയിക്കുകയും ഇന്നലെ ബന്ധുക്കളെത്തി കുട്ടികളെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.