Sorry, you need to enable JavaScript to visit this website.

ട്രക്ക് കത്തിച്ചു തൊഴിലാളിയെ കൊന്നു, ഇൻഷുറൻസ് തുക കൈപ്പറ്റി, ദൽഹിയിലെ സുകുമാരക്കുറുപ്പ് 20 കൊല്ലത്തിന് ശേഷംപിടിയിൽ

ന്യൂദൽഹി- 20 വർഷം മുമ്പ് ഒരാളെ ശ്വാസം മുട്ടിച്ചും മറ്റ് രണ്ട് പേരെ തീകൊളുത്തിയും കൊന്ന കേസിലെ പ്രതി പിടിയിൽ. വ്യാജ തിരിച്ചറിയൽ രേഖയുമായി ആൾമാറാട്ടം നടത്തി വരികയായിരുന്ന മുൻ നേവി ജീവനക്കാരനാണ് അറസ്റ്റിലായത്. 
2004-ൽ ദൽഹിയിലെ ബവാന പ്രദേശത്ത് നടന്ന കൊലപാതക കേസിലെ പ്രതി ദൽഹിയിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള നജഫ്ഗഡിൽ താമസിക്കുന്നുണ്ടെന്ന് ദൽഹി പോലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്. 60 വയസ്സുള്ള ബാലേഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കുമാർ തന്റെ പേര് അമൻ സിംഗ് എന്നാക്കി മാറ്റി പ്രോപ്പർട്ടി ഡീലറായി ജോലി ചെയ്തു വരികയായിരുന്നുവെന്ന് ദൽഹി പോലീസ് ക്രൈംബ്രാഞ്ച് സീനിയർ ഓഫീസർ രവീന്ദർ യാദവ് പറഞ്ഞു. സംശയം സ്ഥിരീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഹരിയാന സ്വദേശിയായ കുമാർ എട്ടാം ക്ലാസ് വരെയാണ് പഠിച്ചത്. 1981-ൽ നേവിയിൽ ചേർന്ന് 1996-ൽ വിരമിച്ചു. അതിനുശേഷം ട്രാൻസ്‌പോർട്ട് ബിസിനസ്സ് ആരംഭിച്ച് കുടുംബത്തോടൊപ്പം ദൽഹിയിലെ ഉത്തം നഗറിലായിരുന്നു താമസം.
2004ൽ ദൽഹിയിലെ സമയ്പൂർ ബദ്ലിയിൽ ഇയാളും സഹോദരൻ സുന്ദർ ലാലും ചേർന്ന് രാജേഷ് എന്നയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയിരുന്നു. വാക്കുതർക്കം കയാങ്കളിയിലേക്ക് നീങ്ങുകയും മദ്യലഹരിയിലായിരുന്ന കുമാറും സഹോദരനും ചേർന്ന് രാജേഷിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കുമാർ രക്ഷപ്പെടാനുള്ള പദ്ധതി തയ്യാറാക്കി. ബീഹാറിൽ നിന്നുള്ള രണ്ട് തൊഴിലാളികളായ മനോജ്, മുകേഷ് എന്നിവരെ ദൽഹിയിലെ സമയ്പൂർ ബദ്ലിയിൽ എത്തിച്ച് അവർക്ക് ജോലി വാഗ്ദാനം ചെയ്തു. തുടർന്ന് കുമാറിന്റെ സഹോദരന്റെ ട്രക്കിൽ മൂവരും രാജസ്ഥാനിലേക്ക് പുറപ്പെട്ടു. ജോധ്പൂരിൽ കുമാർ, തൊഴിലാളികളെ അകത്തിട്ട് ട്രക്ക് കത്തിച്ചു. ഈ ട്രക്കിൽ കുമാറിന്റെ തിരിച്ചറിയൽ രേഖകളുമുണ്ടായിരുന്നു. സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങളിലൊന്ന് കുമാറിന്റേതാണെന്ന് തിരിച്ചറിഞ്ഞു. മറ്റേ മൃതദേഹം തിരിച്ചറിഞ്ഞതുമില്ല. രാജേഷ് വധക്കേസ് കോടതിയിൽ വന്നപ്പോൾ, സുന്ദർലാലിനെ അറസ്റ്റ് ചെയ്തതായും കുമാർ ട്രക്കിന് തീപിടിച്ച് മരിച്ചതായും പോലീസ് പറഞ്ഞു. കുമാറിന്റെ ഭാര്യക്ക് പെൻഷൻ ആനുകൂല്യങ്ങളും ലൈഫ് ഇൻഷുറൻസ് തുകയും ലഭിച്ചു. ട്രക്കിന്റെ ഇൻഷുറൻസും ഭാര്യക്ക് നൽകി. പിടിയിലാകുന്നത് വരെ തന്റെ മുൻകാല ഐഡന്റിറ്റിയും കുറ്റകൃത്യങ്ങളും സമർത്ഥമായി മറച്ചുവെക്കുന്നതിൽ കുമാർ വിജയിക്കുകയും ചെയ്തു. 
പുതിയ വെളിപ്പെടുത്തലുകളെത്തുടർന്ന് ട്രക്ക് തീപിടിത്തക്കേസ് വീണ്ടും അന്വേഷിക്കാൻ ദൽഹി പോലീസ് ജോധ്പൂർ പോലീസിനോട് ആവശ്യപ്പെട്ടു. 

Latest News