ടെൽഅവീവ് - ഗസയിലെ ആശുപത്രിയിൽ ബോംബിട്ടത് തങ്ങളല്ലെന്ന് ലോകം മുഴുവൻ അറിയണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗസയിലെ ഭീകരരാണ് അത് ചെയ്തത്. നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവർ അവരുടെ മക്കളെയും കൊല്ലുകയാണെന്ന് നിഷേധ കുറിപ്പിലൂടെ നെതന്യാഹു അറിയിച്ചു.
ഇസ്‌ലാമിക് ജിഹാദികൾ ഇസ്രായേലിനെതിരെ തൊടുത്ത മിസൈൽ ആക്രമണം പരാജയപ്പെട്ട് ഗസയിലെ ആശുപത്രിയിൽ പതിച്ചതാകാമെന്ന് ഇസ്രായേൽ സൈനിക വക്താവും ന്യായീകരിച്ചു. വിവിധയിടങ്ങളിൽ നിന്ന് ലഭിച്ച ഇന്റലിജൻസ് വിവരമനുസരിച്ച് ആശുപത്രിയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് ജിഹാദ് ഭീകര സംഘടനയ്ക്കാണെന്നും ഇസ്രായേൽ സൈനിക വക്താവ് ട്വീറ്റിൽ കുറിച്ചു. എന്നാൽ, പിറന്ന മണ്ണിൽ അഭയാർത്ഥികളായി കഴിയുന്ന ഫലസ്തീൻ ജനതയുടെ മുഖത്തുനോക്കി നട്ടാൽ മുളക്കാത്ത പച്ചനുണയാണ് ഇസ്രായേലി സയണിസ്റ്റുകൾ വീണ്ടും ആവർത്തിക്കുന്നത്.
ഗസയിലെ അൽ അഹ്‌ലി ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണം വംശീയ കൂട്ടക്കൊലയാണെന്നും സയണിസ്റ്റ് ഭീകര രാഷ്ട്രത്തിന്റെ വികൃതമായ മുഖം തുറന്നുകാട്ടുന്നതാണിതെന്നും ഹമാസ് വ്യക്തമാക്കി. ഇസ്രായേൽ ആക്രമണത്തെ തുടർന്ന് മാറ്റിപ്പാർപ്പിക്കപ്പെട്ട നൂറുകണക്കിന് രോഗികളും കുട്ടികളും സ്ത്രീകളുമാണ് ഇവരുടെ ആക്രമണത്തിന് ഇരയായത്. അമേരിക്കയടക്കമുള്ള പടിഞ്ഞാറൻ രാജ്യങ്ങൾ ഇസ്രായേലിന്റെ ക്രിമിനൽ അധിനിവേശത്തിന് നൽകുന്ന പിന്തുണ ചോദ്യം ചെയ്യപ്പെടണം. അധിനിവേശ സൈന്യത്തിന്റെ ക്രിമിനൽ പ്രവർത്തനങ്ങളും വംശഹത്യയും അവസാനിപ്പിക്കാൻ ലോക രാഷ്ട്രങ്ങളും അറബ് സമൂഹവും ഉടൻ ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
ഗസ സിറ്റിയിലെ അൽ അഹ്‌ലി ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ 500ൽ കൂടുതൽ പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെ സൗദി, ഈജിപ്ത്, യു.എ.ഇ, ഇറാൻ, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ അപലപിച്ചു. സംഭവത്തിൽ ലോകവ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെ, ഇസ്രായേൽ ആക്രമണം ചൂണ്ടിക്കാട്ടി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള ചർച്ച ജോർദ്ദാൻ റദ്ദാക്കി തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്.