ഇനിയെന്തിന് ചര്‍ച്ച? ബൈഡനുമായുള്ള  കൂടിക്കാഴ്ച ജോര്‍ദാന്‍ റദ്ദാക്കി

അമ്മാന്‍-അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കി ജോര്‍ദാന്‍. ഗാസയിലെ ആശുപത്രിയില്‍ നടന്ന വ്യോമാക്രമണത്തില്‍ 500 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ്, ജോര്‍ദാന്‍ ചര്‍ച്ച റദ്ദാക്കിയതായി വിദേശകാര്യമന്ത്രി അയ്മാന്‍ സഫാദി വ്യക്തമാക്കിയത്. ടെല്‍ അവീവില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തിയശേഷം, അമ്മാനില്‍ വെച്ച് ജോര്‍ദാനിലെ അബ്ദുല്ല രാജാവുമായും, ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസിയുമായും ചര്‍ച്ച നടത്തുമെന്നായിരുന്നു ധാരണ. ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം ജോര്‍ദാനിലേക്ക് പോകാനായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ പദ്ധതി. എന്നാല്‍, ജോര്‍ദാന്‍ ചര്‍ച്ചയില്‍ നിന്ന് പിന്‍മാറിയ സാഹചര്യത്തില്‍, ബൈഡന്‍ ഇസ്രയേല്‍ മാത്രം സന്ദര്‍ശിക്കും. അതേസമയം, ഇസ്രയേല്‍ സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് പുറപ്പെട്ടു. 
യുദ്ധം അവസാനിപ്പിക്കാതെ ഈ സമയത്ത് എന്തു ചര്‍ച്ച നടത്തിയിട്ടും കാര്യമില്ലെന്ന് അയ്മാന്‍ സഫാദി ചൂണ്ടിക്കാട്ടി. പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയിരുന്നു. ഗാസയിലെ ആശുപത്രിയില്‍ ആക്രമണം നടത്തിയത് ഇസ്രയേല്‍ ആണെന്ന് അബ്ദുല്ല രാജാവ് ആരോപിച്ചു. മനുഷ്യരാശിക്ക് തന്നെ നാണക്കേടായ ആക്രമണമാണ് നടന്നതെന്നും ഇസ്രയേല്‍ എത്രയും വേഗം സൈന്യത്തെ പിന്‍വലിക്കണമെന്നും അബ്ദുല്ല രാജാവ് ആവശ്യപ്പെട്ടു. 
ഇതിനിടെ, ആക്രമണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. 'ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിയിലുണ്ടായ സ്ഫോടനത്തിലും അതിന്റെ ഫലമായി ഉണ്ടായ ഭയാനകമായ ജീവഹാനിയിലും രോഷാകുലനും ദുഃഖിതനുമാണ്. ഈ വാര്‍ത്ത കേട്ടയുടനെ, ജോര്‍ദാനിലെ അബ്ദുള്ള രണ്ടാമന്‍ രാജാവുമായും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി സംസാരിച്ചു. എന്താണ് സംഭവിച്ചതെന്ന് അന്വേഷണം തുടരാന്‍ ദേശീയ സുരക്ഷാ ടീമിന് നിര്‍ദ്ദേശം നല്‍കി.- ബൈഡന്‍ പറഞ്ഞു.

Latest News