കൊല്ലം- ചലച്ചിത്ര താരം കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വില്ലനും സ്വഭാവ നടനുമായി നിരവധി സിനിമകളില്‍ വേഷമിട്ട ജോണി നൂറിലേറെ ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1979ല്‍ പുറത്തിറങ്ങിയ നിത്യവസന്തമാണ് ആദ്യ ചിത്രം. മേപ്പടിയാനിലാണ് അവസാനമായി വേഷമിട്ടത്.
കഴുകന്‍, ചന്ദ്രകുമാറിന്റെ അഗ്‌നിപര്‍വതം, കരിമ്പന, രജനീഗന്ധി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം കിരീടത്തിലും ചെങ്കോലിലും ചെയ്ത കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. നാടോടിക്കാറ്റിലെ ഗുണ്ടാ കഥാപാത്രത്തിലൂടെ കോമഡി വേഷങ്ങളും വഴങ്ങുമെന്നു തെളിയിച്ചു.
മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലെ ചില ചിത്രങ്ങളിലും ജോണി അഭിനയിച്ചിട്ടുണ്ട്.
പിതാവ്: ജോസഫ്. മാതാവ്: കാതറിന്‍. ഭാര്യ: സ്റ്റെല്ല (അധ്യാപിക, ഫാത്തിമ മാതാ നാഷണല്‍ കോളജ്).
കൊല്ലം ഫാത്തിമ മാതാ കോളജ്, ശ്രീ നാരായണ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജില്‍ പഠനകാലത്ത് കൊല്ലം ജില്ലാ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായിരുന്നു.






