അവര്‍ എല്ലാം തരുന്നു, പക്ഷെ ഞങ്ങളെ കൊണ്ടുപോകൂ... ബന്ദിയാക്കിയ യുവതിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്

ജറൂസലം - തെക്കന്‍ ഇസ്രായിലില്‍ കഴിഞ്ഞ ശനിയാഴ്ച നടത്തിയ മിന്നലാക്രമണത്തിനിടെ ബന്ദിയാക്കിയ യുവതിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. ആദ്യമായാണ് ബന്ദികളില്‍ ഒരാളുടെ വീഡിയോ പുറത്തുവിടുന്നത്. 21 വയസ്സുകാരിയായ മിയ സ്‌കീം എന്ന യുവതിയുടെ വീഡിയോ ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സാണ് പുറത്തുവിട്ടത്. ഇസ്രായില്‍- ഫ്രഞ്ച് ഇരട്ട പൗരത്വമുള്ളയാളാണ് മിയ.
ഒരു മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയില്‍, മിയയുടെ പരുക്കേറ്റ കൈയില്‍ ആരോഗ്യപ്രവര്‍ത്തക ബാന്‍ഡേജ് കെട്ടുന്നത് കാണാം. കൈക്ക് ശസ്ത്രക്രിയ നടത്തിയെന്നും യുവതി പറയുന്നു. അവര്‍ എന്നെ പരിപാലിക്കുന്നു, അവര്‍ എന്നെ ചികിത്സിക്കുന്നു, അവര്‍ എനിക്ക് മരുന്ന് നല്‍കുന്നു. എല്ലാം ശരിയാണ്. പക്ഷേ ഇവിടുന്ന് എത്രയും വേഗം വീട്ടിലേക്ക് മടങ്ങണമെന്ന് മാത്രമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. ദയവായി ഞങ്ങളെ എത്രയും വേഗം ഇവിടെനിന്നു പുറത്തിറക്കൂ.-യുവതി ആവശ്യപ്പെടുന്നു.
താന്‍ ഗാസ അതിര്‍ത്തിക്കടുത്തുള്ള സ്‌ദെറോത്ത് സ്വദേശിയാണെന്ന് യുവതി വീഡിയോയില്‍ പറയുന്നു. ആക്രമണം നടന്ന ദിവസം തെക്കന്‍ ഇസ്രയേലില്‍ കിബുറ്റ്‌സില്‍ ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലിനെത്തിയതായിരുന്നു മിയ സ്‌കീം.  സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ 260 പേരാണു ഹമാസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. മിയ ഉള്‍പ്പെടെ നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തു.
മിയയെ തട്ടിക്കൊണ്ടുപോയതായി ഇസ്രായില്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്) സ്ഥിരീകരിച്ചു. മിയ ഉള്‍പ്പെടെ എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുന്നതിനു ശ്രമിക്കുകയാണെന്നും ഐഡിഎഫ് കൂട്ടിച്ചേര്‍ത്തു. വീഡിയോ പുറത്തുവിട്ടതിനു പിന്നാലെ പ്രതികരണവുമായി മിയയുടെ കുടുംബവും രംഗത്തെത്തി. അവളെ സുരക്ഷിതയായി കാണുന്നതില്‍ സന്തോഷമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.

 

Latest News