Sorry, you need to enable JavaScript to visit this website.

27% ഒ.ബി.സി. സംവരണം, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്... മധ്യപ്രദേശില്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്

ഭോപാല്‍- മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. തെലങ്കാനയിലെ പ്രകടന പത്രികക്ക് അന്തിമരൂപമായി, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കും.
10 ലക്ഷത്തിന്റെ ആക്‌സിഡന്റ് കവര്‍ ഉള്‍പ്പെടെ 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്, സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 27% ഒ.ബി.സി. സംവരണം, സംസ്ഥാനത്തിന് ഐ.പി.എല്‍. ടീം എന്നിവയാണ് മധ്യപ്രദേശ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍. ക്വിന്റലിന് 2,500 രൂപ നിരക്കില്‍ നെല്ലും 2,600 രൂപ നിരക്കില്‍ ഗോതമ്പും സര്‍ക്കാര്‍ കര്‍ഷകരില്‍നിന്ന് സംഭരിക്കും. നെല്ലിന് 3,000 രൂപ ഉറപ്പുവരുത്താനാണ് ലക്ഷ്യമെന്നും കമല്‍നാഥ് അറിയിച്ചു. 59 വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.
നന്ദിനി ഗോ ധന്‍ യോജന വഴി ചാണകം സംഭരിക്കും. പൂട്ടിപ്പോയ ഗോശാലകള്‍ തുറക്കും, കാലിത്തീറ്റക്ക് ഗ്രാന്റ് വര്‍ധിപ്പിക്കും, കര്‍ഷക സൗഹൃദ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറിക്കും. ഗ്രാമീണ മേഖലകളില്‍ ഒരുലക്ഷം ജോലിവാഗ്ദാനം, തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് 1,500 മുതല്‍ 3,000 രൂപവരെ രണ്ടുവര്‍ഷത്തേക്ക് സഹായധനം, സാമൂഹിക ക്ഷേമ പെന്‍ഷന്‍ 1,200 രൂപയാക്കും, ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍ 2,000 രൂപയാക്കും എന്നീ വാഗ്ദാനങ്ങളുമുണ്ട്.
പെണ്‍കുട്ടികളുടെ ജനനം മുതല്‍ വിവാഹംവരെ സഹായം, വനിതാ സംരംഭകര്‍ക്ക് വായ്പ, ഗ്രാമപ്രദേശങ്ങളില്‍ വീടില്ലാത്ത വനിതകള്‍ക്ക് സഹായം, സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യയാത്ര, അങ്കണവാടി ഹെല്‍പ്പര്‍മാരെ സ്ഥിരപ്പെടുത്തുക, ഫീല്‍ഡ് ഹെല്‍ത്ത് വര്‍ക്കര്‍മാരുടെ കേഡര്‍ സൃഷ്ടിക്കുക എന്നിവയും പത്രികയിലെ വാഗ്ദാനങ്ങളാണ്.
നേരത്തെ, രണ്ടുലക്ഷം രൂപവരെ കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതടക്കം പ്രഖ്യാപനങ്ങള്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. ഇതും പ്രകടന പത്രികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 500 രൂപക്ക് ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടര്‍, സ്ത്രീകള്‍ക്ക് മാസം 1,500 രൂപ, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, 100 യൂണിറ്റുവരെ സൗജന്യ വൈദ്യുതി, എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 500 രൂപ, പന്ത്രണ്ടാം ക്ലാസുവരെയുള്ളവര്‍ക്ക് 1,500 രൂപ സഹായധനം എന്നിവ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അര്‍ഹതപ്പെട്ട വധുക്കള്‍ക്ക് പത്തുഗ്രാം വീതം സ്വര്‍ണവും ഒരു ലക്ഷം രൂപയും തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനമാണ്. 'മഹാലക്ഷ്മി ഗാരന്റി' എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ സഹായധനം, 500 രൂപക്ക് പാചകവാതക സിലിണ്ടര്‍, ടി.എസ്.ആര്‍.ടി.സി ബസുകളില്‍ സൗജന്യയാത്ര തുടങ്ങിയവയുമുണ്ടാകുമെന്ന് പ്രകടനപത്രിക സമിതി ചെയര്‍മാന്‍ ഡി. ശ്രീധര്‍ബാബു പറഞ്ഞു. പത്രിക വരുംദിവസങ്ങളില്‍ പുറത്തിറക്കുമെന്നും അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനമാണ് കോണ്‍ഗ്രസിന്റെ മറ്റൊരു വാഗ്ദാനം. അധികാരത്തിലെത്തിയ ശേഷം ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി സംസാരിച്ച് ഇതിനുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബി.ആര്‍.എസ് സര്‍ക്കാരിന് കല്യാണ ലക്ഷ്മി, ശാദി മുബാറക് എന്നീ പദ്ധതികളുണ്ട്. അതുപ്രകാരം തെലങ്കാന സ്വദേശികളും 18 വയസ്സ് തികഞ്ഞവരുമായ നിര്‍ധനപെണ്‍കുട്ടികള്‍ക്ക് 1,00,116 രൂപ ഒറ്റത്തവണ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.

 

Latest News