മസാജ് ചെയ്ത് എയര്‍ ഏഷ്യ മാനേജ്‌മെന്റ് യോഗത്തില്‍ പങ്കെടുത്ത സി. ഇ. ഒയ്‌ക്കെതിരെ കടുത്ത വിമര്‍ശനം

ന്യൂദല്‍ഹി- മസാജ് ചെയ്തും അര്‍ധനഗ്നനായും മാനേജ്‌മെന്റ് യോഗത്തില്‍ പങ്കെടുത്ത എയര്‍ ഏഷ്യ സി. ഇ. ഒയ്‌ക്കെതിരെ കടുത്ത വിമര്‍ശനം. എയര്‍ ഏഷ്യ സി. ഇ. ഒ ടോണി ഫെര്‍ണാണ്ടസ് തന്നെയാണ് താന്‍ മസാജിംഗിനിടെ മാനേജ്‌മെന്റ് യോഗത്തില്‍ പങ്കെടുക്കുന്ന ഫോട്ടോ ലിങ്ക്ഡ് ഇന്നില്‍ പോസ്റ്റ് ചെയ്തത്. 

മസാജിങ്ങിന് വിധേയനാകുന്ന സമയത്ത് തന്നെ കമ്പനിയോട് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാനും അവസരം നല്‍കുന്ന ശൈലിയെ അഭിനന്ദിച്ചായിരുന്നു ടോണി ഫെര്‍ണാണ്ടസ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്തത്. 

ടോണിയുടെ പ്രവര്‍ത്തി തീര്‍ത്തും അനുചിതമായെന്നാണ്് സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായം ഉയര്‍ന്നത്. കോണ്‍ഫറന്‍സ് റൂമില്‍ യുവതി മസാജ് ചെയ്യുന്നതിനിടെ കമ്പനിയുടെ യോഗത്തിലും പങ്കെടുക്കുന്നതാണ് ഫോട്ടോ. 

വളരെയധികം പ്രയാസം നിറഞ്ഞ ഒരാഴ്ചയാണ് കടന്നുപോയതെന്നും ആ സമയത്ത് വെറാനിറ്റ ജോസഫൈനാണ് മസാജ് ചെയ്താല്‍ നല്ലതാന്നു പറഞ്ഞതെന്നും മസാജിനൊപ്പം തന്നെ മാനേജ്‌മെന്റ് യോഗത്തിലും പങ്കെടുക്കാന്‍ അവസരം നല്‍കുന്ന ഇന്‍ഡോനേഷ്യയുടെയും എയര്‍ ഏഷ്യയിലെയും ശൈലി തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നുമാണ് അദ്ദേഹം ലിങ്കിഡിനില്‍ കുറിച്ചത്.

Latest News