Sorry, you need to enable JavaScript to visit this website.

സൗദിയിൽ കോഫി ഷോപ്പില്ലാത്ത പെട്രോൾ ബങ്കിന് 5,000 റിയാൽ പിഴ

ജിദ്ദ - പെട്രോൾ ബങ്കുകൾക്കുള്ള പരിഷ്‌കരിച്ച പിഴകൾ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം നടപ്പാക്കാൻ തുടങ്ങി. ചില നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ പരിഷ്‌കരിക്കുകയും മറ്റു ചില നിയമ ലംഘനങ്ങൾ പുതുതായി നിർണയിക്കുകയും ചെയ്തിട്ടുണ്ട്. കോഫി ഷോപ്പോ റെസ്റ്റോറന്റോ ഇല്ലാതിരിക്കുകയോ മിനിമാർക്കറ്റ് അടക്കുകയോ ചെയ്യുന്ന പെട്രോൾ ബങ്കിന് 5,000 റിയാൽ പിഴ ചുമത്തും. ഈ നിയമ ലംഘനം പുതുതായി ഉൾപ്പെടുത്തിയതാണ്. 
വ്യാപാര സ്ഥാപനങ്ങളും പെട്രോൾ ബങ്കുകളും അടക്കമുള്ള സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നഗരസഭാ നിയമ ലംഘനങ്ങളും ഇവക്കുള്ള പിഴകളും അടങ്ങിയ പരിഷ്‌കരിച്ച നിയമാവലി കഴിഞ്ഞ ദിവസം മുതൽ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം നടപ്പാക്കാൻ തുടങ്ങി. റോഡുകളുമായും പൊതുനിർമാണ ജോലികളുമായും ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്കുള്ള പരിഷ്‌കരിച്ച പിഴകൾ കഴിഞ്ഞ മാസം 15 മുതൽ മന്ത്രാലയം നടപ്പാക്കി തുടങ്ങിയിരുന്നു. 
മിനിമാർക്കറ്റ് പ്രവർത്തിപ്പിക്കാതിരിക്കൽ, എൻജിൻ ഓയിൽ ചെയ്ഞ്ച് സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കൽ, നിർണിത വ്യവസ്ഥകൾ പ്രകാരമുള്ള വിസ്തൃതിയിൽ കുറയാത്ത മസ്ജിദ് ഇല്ലാതിരിക്കൽ, കോഫി ഷോപ്പ് ഇല്ലാതിരിക്കൽ എന്നിവയെല്ലാം പെട്രോൾ ബങ്കുകളുടെ വിഭാഗങ്ങൾക്കനുസരിച്ച് നിയമ ലംഘനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 
പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവർ തലമുടി മറക്കാതിരിക്കുന്നതിനും കൈയുറകൾ ധരിക്കാത്തതിനും 1,000 റിയാൽ പിഴ ലഭിക്കും. വാണിജ്യ സ്ഥാപനങ്ങളിലെ ടോയ്‌ലെറ്റുകളിലെ ശുചീകരണ നിലവാരം മോശമാണെങ്കിൽ 2,000 റിയാൽ പിഴ ചുമത്തും. നഗരത്തിന്റെ പൊതുഭംഗി വികൃതമാക്കുന്ന നിലക്കുള്ള ജനറേറ്ററുകളും ശീതീകരണ ഉപകരണങ്ങളും ഉപയോഗിക്കുന്നതിന് 5,000 റിയാൽ പിഴ ലഭിക്കും. വ്യാപാര സ്ഥാപനത്തിനകത്ത് മലിനജലം കവിഞ്ഞൊഴുകുന്നതിനും ഇതേ തുക പിഴ ലഭിക്കും.
 

Latest News