Sorry, you need to enable JavaScript to visit this website.

മെയ്ഡ് ഇൻ സൗദി  എക്‌സിബിഷന് റിയാദിൽ തുടക്കം

റിയാദ് - സൗദി നിർമിത ഉൽപന്നങ്ങൾ പരിചയപ്പെടുത്താനും സൗദി ഉൽപന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കാനും പുതിയ വിപണികൾ കണ്ടെത്താനും ലക്ഷ്യമിട്ടുള്ള രണ്ടാമത് മെയ്ഡ് ഇൻ സൗദി പ്രദർശനത്തിന് പ്രൗഢോജ്വല തുടക്കം. റിയാദ് ഫ്രന്റ് എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ വ്യവസായ, ധാതുവിഭവ മന്ത്രിയും സൗദി എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് പ്രസിഡന്റുമായ ബന്ദർ അൽഖുറൈഫ് ചതുർദിന എക്‌സിബിഷൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ശേഷം മന്ത്രിയും ഇറാഖ് വാണിജ്യ മന്ത്രി അഥീർ ദാവൂദ് സൽമാൻ അൽഗുറൈരിയും എക്‌സിബിഷൻ ചുറ്റിനടന്നുകണ്ടു. ഇത്തവണ മെയ്ഡ് ഇൻ സൗദി എക്‌സിബിഷൻ വിശിഷ്ടാതിഥി രാജ്യം ഇറാഖ് ആണ്. 
2030 ഓടെ സൗദിയിൽ വ്യവസായ മേഖലയിലേക്ക് രണ്ടു ട്രില്യൺ റിയാലിന്റെ നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിടുന്നതായി എക്‌സിബിഷൻ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിൽ വ്യവസായ, ധാതുവിഭവ മന്ത്രി പറഞ്ഞു. വ്യവസായ മേഖലയിൽ കൂടുതൽ വിജയങ്ങൾ കൈവരിക്കുന്നത് തുടരും. പുതുതായി ആകർഷിക്കുന്ന വ്യാവസായിക നിക്ഷേപങ്ങളിൽ കൂടുതലും കയറ്റുമതി ലക്ഷ്യമിടുന്നവയായിരിക്കും. മുൻനിര വ്യാവസായിക രാജ്യമായും ആഗോള ലോജിസ്റ്റിക് കേന്ദ്രമായും സൗദി അറേബ്യയെ പരിവർത്തിപ്പിക്കാൻ വിഷൻ 2030 ലക്ഷ്യമിടുന്നു. ദേശീയ വ്യവസായ തന്ത്രം, കയറ്റുമതി തന്ത്രം, സൗദിവൽക്കരണ തന്ത്രം എന്നിവ അടക്കം നിരവധി തന്ത്രങ്ങൾ സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്. മെയ്ഡ് ഇൻ സൗദി പ്രോഗ്രാം വ്യവസായത്തിനു മാത്രമുള്ള ഒരു പ്രോഗ്രാം അല്ല. മറിച്ച്, എല്ലാ ഉൽപന്നങ്ങളും സേവനങ്ങളും ഉൾക്കൊള്ളുന്ന ഒരു ദേശീയ പ്രോഗ്രാം ആണിത്. ഇതിൽ സർക്കാർ, സ്വകാര്യ മേഖലകൾക്കും വ്യക്തികൾക്കും സംയുക്ത ഉത്തരവാദിത്തമുണ്ട്. 
വെല്ലുവിളികൾ അഭിമുഖീകരിക്കാൻ കഴിയുന്ന ശക്തമായ വ്യാവസായിക അടിത്തറ സൗദിയിലുണ്ട്. മെയ്ഡ് ഇൻ സൗദി പ്രോഗ്രാമിന്റെ വിജയസാധ്യത ഇത് വർധിപ്പിക്കുന്നു. മെയ്ഡ് ഇൻ സൗദി എക്‌സിബിഷൻ വിജയങ്ങളുടെയും ദേശക്കൂറിന്റെയും ലോകത്തെ നിരവധി വിപണികളിൽ സൗദി ഉൽപന്നങ്ങൾ എത്തിയതിന്റെയും ആഗോള തലത്തിൽ സൗദി ഉൽപന്നങ്ങളുടെ മത്സരത്തിന്റെയും ആഘോഷമാണ്.
കഴിഞ്ഞ വർഷം 5,600 സൗദി കമ്പനികൾ തങ്ങളുടെ ഉൽപന്നങ്ങൾ വിദേശങ്ങളിലേക്ക് കയറ്റി അയച്ചു. 2022 ൽ 314 ബില്യൺ റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങൾ 170 ലേറെ രാജ്യങ്ങളിലേക്ക് സൗദി അറേബ്യ കയറ്റി അയച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചും ഉയർന്ന സ്‌പെസിഫിക്കേഷനുകളിലും നിർമിച്ച സൗദി ഉൽപന്നങ്ങൾ ഗുണനിലവാരത്തിലും വിലയിലും പ്രാദേശിക, ആഗോള തലങ്ങളിൽ മത്സരിക്കുന്നു. സൗദിയിലെത് തുറന്ന വിപണിയാണ്. ലോകത്ത് കസ്റ്റംസ് തീരുവ എറ്റവും കുറഞ്ഞ രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യയെന്നും വ്യവസായ, ധാതുവിഭവ മന്ത്രി പറഞ്ഞു. 


 

Latest News