Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇമ്രാനും ജനാധിപത്യവും

പാക് തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റപാർട്ടിയായതിനെ തുടർന്ന് നടത്തിയ ആദ്യപ്രതികരണത്തിൽ തന്നെ ലോകം ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം തന്നെ ഇമ്രാൻ ഖാൻ ഉന്നയിച്ചത് ഏറെ ശ്രദ്ധേയമാണ്. പാക്കിസ്ഥാനെ അക്ഷരാർത്ഥത്തിൽ തന്നെ ജനാധിപത്യരാഷ്ട്രമാക്കുമെന്നാണത്. പാക്കിസ്ഥാനിൽ  ജനാധിപത്യമുണ്ട് എന്നൊക്കെ പറയുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പും അധികാര കൈമാറ്റവും ഉണ്ടാകുന്നുണ്ടെങ്കിലും അതെല്ലാം പട്ടാളത്തിൻ ഔദാര്യത്തിൽ മാത്രമാണെന്നത് പ്രസിദ്ധമാണ്. ഇമ്രാനും അതറിയാം. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രസ്താവന അദ്ദേഹം നടത്തിയത്. ആധുനിക കാലഘട്ടത്തിന്റെ സമസ്യകൾ തിരിച്ചറിയുന്ന ഒരാളുടെ വാക്കുകൾ തന്നെയാണത്. 
ജനങ്ങളിൽ നിന്ന് ജനങ്ങളാൽ ജനങ്ങൾക്ക് വേണ്ടി തെരഞ്ഞെടുത്ത ജനകീയ സർക്കാർ ഭരിക്കുക എന്നതാണല്ലോ ജനാധിപത്യത്തിന്റെ അടിത്തറ. 19-ാം നൂറ്റാണ്ടിൽ ലോകത്തിന്റെ  പല ഭാഗത്തും ഫ്യൂഡലിസത്തേയും രാജഭരണത്തേയും തകർത്തെറിഞ്ഞ മുതലാളിത്തവിപ്ലവത്തിന്റെ ഭാഗമായാണ് ജനാധിപത്യ ആശയങ്ങൾ രൂപപ്പെട്ടത്. ഫ്രഞ്ചുവിപ്ലവമായിരുന്നു ജനാധിപത്യത്തിന്റെ വളർച്ചയിൽ ഏറ്റവും വലിയ പങ്കുവഹിച്ചത്. ചരിത്രത്തിൽ രൂപം കൊണ്ട ഏറ്റവും മികച്ച സാമൂഹ്യവ്യവസ്ഥ ഏതെന്നെ ചോദ്യത്തിനുള്ള മറുപടി ജനാധിപത്യം എന്നു തന്നെയായിരിക്കും. ജനാധിപത്യസംവിധാനങ്ങൾ രൂപം കൊണ്ടതിനുശേഷം ലോകം കണ്ട സോഷ്യലിസ്റ്റ് സംവിധനങ്ങൾ ഒന്നടങ്കം തകർന്നത് അവക്ക് ജനാധിപത്യപരമായ ഉള്ളടക്കം ഇല്ലാത്തതായിരുന്നു. അതേസമയം ജനാധിപത്യസംവിധാനമാകട്ടെ നിരവധി തിരിച്ചടികൾ ഉണ്ടെങ്കിലും വളർച്ചയുടെ പാതയിൽ തന്നെയാണ്. ഇതു തിരിച്ചറിയുന്ന ഒരാളുടെ സ്വാഭാവിക പ്രതികരണമാണ് ഇമ്രാനിൽ നിന്നുണ്ടായിരക്കുന്നത. 
ഇപ്പറഞ്ഞതിനർത്ഥം ആഗോളാടിസ്ഥാനത്തിൽ യാതൊരു വെല്ലുവിളിയുമില്ലാതെ ജനാധിപത്യസംവിധാനം മുന്നോട്ടുപോകുന്നു എന്നല്ല. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ശ്രദ്ധേയമായ ഒരു സംവാദത്തിൽ പങ്കെടുത്ത സച്ചിദാനന്ദനും കെ വേണുവും കെ ഇ എന്നും ടി ടി ശ്രീകുമാറുമൊക്കെ ചൂണ്ടിക്കാട്ടിയ പോലെ ജനാധിപത്യം വലിയ വെല്ലുവിളിയുടെ ഘട്ടത്തിലൂടെയാണ് ഇന്നു കടന്നു പോകുന്നത്. പ്രധാനമായും നാലു ദശിയിൽ നിന്നാണ് ഇത്തരത്തിലുള്ള വെല്ലുവിളികൾ ഉയരുന്നതെന്നുകാണാം. ഒന്നാമതായി പാക്കിസ്ഥാനടക്കം നിരവധി രാഷ്ടങ്ങളിൽ സൈന്യത്തിൽ നിന്നു  നേരിടുന്ന വെല്ലുവിളിതന്നെ. പല രാജ്യങ്ങളിലേയും ഭരണസംവിധാനം ഇപ്പോഴും നിയന്ത്രിക്കുന്നത് സൈന്യം തന്നെയാണ്. ഈ അവസ്ഥ മാറിയേ തീരൂ. അക്കാര്യത്തിൽ തീർച്ചയായും മികച്ച മാതൃകയാണ് ഇന്ത്യയിലേത്. എന്തെല്ലാം പ്രതിസന്ധികളിലൂടെ രാജ്യം കടന്നു പോയിട്ടും ഇതുവരേയും സൈന്യത്തിൽ നിന്ന് ഒരു വെല്ലുവിളിയും നമ്മുടെ ജനാധിപത്യസംവിധാനം നേരിട്ടിട്ടില്ല എന്നത് ചെറിയ കാര്യമല്ല. 
രണ്ടാമത്തെ വെല്ലുവിളി മതതീവ്രവാദികളിൽ നിന്നു തന്നെയാണ്. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ തകർച്ചക്കുശേഷമാണ് അത് കൂടുതൽ പ്രകടമായത്. തീർച്ചയായും അമേരിക്കയും ഇസ്രായേലും പോലുള്ള രാഷ്ട്രങ്ങൾക്കും ഇതിൽ പങ്കുണ്ട്. ഏതൊരു വിശ്വാസത്തിനും നിലനിൽക്കാനവകാശമുണ്ടെന്ന ജനാധിപത്യരാഷ്ടസങ്കൽപ്പത്തിനെതിരാണ് തീവ്രമതരാഷ്ടവാദം. മൂന്നാമതായി പറയാനുദ്ദേശിക്കുന്നത് നിരവധി തിരിച്ചടികൾ നേരിട്ടെങ്കിലും ഇപ്പോഴും പലയിടത്തും നിലനിൽക്കുന്ന കമ്യൂണിസ്റ്റ് രാഷ്ട്രസങ്കൽപ്പമാണ്. അവിടങ്ങളിലും ജനാധിപത്യത്തിനു സ്ഥാനമില്ല. മറിച്ചു ഏകപാർട്ടി ഭരണമാണ് നിലനിൽക്കുന്നത്.  പലപ്പോഴുമത് ഏകനേതാവിന്റെ ഭരണവുമാകുന്നു.ചൈനയും വടക്കൻ കൊറിയയുമൊക്കെ ഉദാഹരണം. സാമ്പത്തിക മേഖലകളിൽ മുതലാളിത്ത ആശയങ്ങൾ നടപ്പാക്കിയിട്ടും ചൈനയിലും മറ്റും രാഷ്ട്രീയരംഗത്ത് നിലനിൽക്കുന്നത് ഇത്തരം സംവിധാനം തന്നെയാണ്. 
മുതലാളിത്തം ആഗോളതലത്തിലേക്ക് വളരുകയും ലോകത്തെ ഒന്നടങ്കം നിയന്ത്രിക്കാനുള്ള കരുത്ത് ബഹുരാഷ്ട്ര കുത്തകകൾ നേടുകയും സാങ്കേതികവിദ്യയുടെ വളർച്ച എന്തിനേയും വിരൽ തുമ്പിൽ എത്തിക്കുകയും ആ അർത്ഥത്തിൽ രാജ്യാതിർത്തികളും ദേശീയതയുമെല്ലാം അപ്രത്യക്ഷമാകുകയും ചെയ്തപ്പോഴാണ് ആധുനിക മുതലാളിത്തത്തിന് ജനാധിപത്യ സംവിധാനം തന്നെ തടസ്സമാകുന്നത്. ഓരോ രാജ്യത്തുനിന്നും തങ്ങലെപോലുള്ളവർ വളരുന്നതും അവരാഗ്രഹിക്കുന്നില്ല. ഫാസിസമെന്നാൽ ഫൈനാൻസ് മൂലധനത്തിന്റെ നഗ്‌നമായ ഏകാധിപത്യമാണെന്നാണ് ദമിത്രോവ് പറഞ്ഞത് കാലഹരണപ്പെട്ടിട്ടില്ല. ഒന്നുകിൽ ഭരണകൂടത്തെ തകർക്കാനോ അല്ലെങ്കിൽ തങ്ങളുടെ വരുതിയിൽ നിർത്താനോ അവർ ശ്രമിക്കുന്നു. അവർക്കതിനു കഴിയുന്നുമുണ്ട്. 
ഈ സാഹചര്യത്തിൽ ഇന്ത്യൻ സാഹചര്യം കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. ഇന്ത്യൻ ജനാധിപത്യവും ഇന്നു കടുത്ത വെല്ലുവിളി തന്നെയാണ് നേരിടുന്നത്. അതുപ്രധാനമായും ഹിന്ദുത്വ മതതീവ്രവാദികളിൽ നിന്നാണ്. അവസാനം പറഞ്ഞ ബഹുരാഷ്ട്രകുത്തകകൾക്കും അതിൽ പങ്കുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളും ജനാധിപത്യമൂല്യങ്ങളും കടുത്ത വെല്ലുവിളികളെയാണ് ഇന്ന് നേരിടുന്നത്. വൈവിധ്യമാർന്ന സംസ്‌കാരങ്ങളും ഭാഷകളും രാഷ്ട്രീയ സംഘടനകളുംകൊണ്ട് അങ്ങേയറ്റം ബഹുസ്വരവും ബൃഹത്തുമാണ് നമ്മുടെ സമൂഹം. ഈ ബഹുസ്വര 
ജനാധിപത്യത്തിനുനേരെയാണ് ഹിന്ദുത്വ ഫാസിസ്റ്റു ശക്തികൾ വെല്ലുവിളി ഉയർത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ വിധ ഫാസിസ്റ്റ് ലക്ഷണങ്ങളും തികഞ്ഞ സംവിധാനമാണ് ആർ എസ് എസ് നിയന്ത്രിക്കുന്ന സംഘപരിവാർ. അത് ഇറ്റലിയിലും ജർമ്മനിയിലും മറ്റും കണ്ട ക്ലാസ്സിക്കൽ ഫാസിസത്തേക്കാൾ ശക്തമാണ്. കാരണം അതിന്റെ പ്രത്യയശാസ്ത്രം നൂറ്റാണ്ടുകൾക്കു മുമ്പ് രൂപം കൊണ്ട മനുസ്മൃതിയും സവർണ്ണമൂല്യങ്ങളും ജാതിവ്യവസ്ഥയുമാണ് എന്നതാണ്.  വോട്ടർമാരിൽ 60 ശതമാനത്തിലധികവും ഈ ശക്തികൾക്കെതിരാണെങ്കിലും ജനാധിപത്യശക്തി കൾക്കിടയിലെ അനൈക്യത്തെ ഉപയോഗപ്പെടുത്തി അധികാരമുറപ്പിക്കാനും ഭരണഘടനാഭേദഗതികൾ ഉൾപ്പെടെയുള്ള നടപടികളിലൂടെ ഇന്ത്യൻ മതേതര ജനാധിപത്യത്തെ മതഫാസിസ്റ്റു സമ്പ്രദായത്തിലേക്ക് പരിവർത്തനപ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനു അംബാനി, അദാനി പോലുള്ള കുത്തകകളുടെ പിന്തുണയുമുണ്ട്.
ഇന്ത്യൻ ഫാസിസത്തിനു ഇത്രമാത്രം വേരുകൾ ഉണ്ടെങ്കിലും അതിനേക്കാൾ ദൗർബ്ബല്ല്യവുമുണ്ട്. ജാതി - വർണ്ണ വ്യവസ്ഥ തന്നെയാണ് അതിൽ പ്രധാനം. മുസ്ലിം വിഭാഗങ്ങളെ ശത്രുക്കളായി ചൂണ്ടികാട്ടി ഹിന്ദുമതത്തെ ഒന്നാക്കിമാറ്റാമെന്ന സവർണ്ണശക്തികളുടെ സ്വപ്‌നങ്ങൾക്കു തിരിച്ചടി ഈ ജാതിവ്യവസ്ഥക്കു കീഴിൽ നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങളാണ്. ഹിന്ദുത്വശക്തികളുടെ എല്ല തന്ത്രങ്ങളെയും തുറന്നുകാട്ടി സവർണ്ണ - അവർണ്ണ ധ്രുവീകരണം ശക്തമാകുകയാണ്. 
സവർണ്ണവിഭാഗങ്ങളെപോലെ അവർണ്ണ വിഭാഗങ്ങളും രാഷ്ട്രീയശക്തിയാകുകയാണ്. ഈ വെല്ലുവിളിയെ അത്രപെട്ടെന്ന് മറികടക്കാൻ ഫാസിസ്റ്റുകൾക്കവില്ല. അതുപോലെതന്നെയാണ് ഇന്ത്യയിലെ അനന്തമായ വൈവിധ്യങ്ങളും ഭാഷകളും ബഹുസ്വരതയും. ഇവയെ ഇല്ലാതാക്കാതെ ഫാസിസത്തിനു ശക്തമാകാനാവില്ല. എന്നാലതത്ര എളുപ്പമല്ലതാനും. അതിനാൽ തന്നെ 2019ലെ തെരഞ്ഞെടുപ്പിൽ ഫാസിസം രാജ്യത്തെ പൂർണ്ണമായും കീഴടക്കുമെന്നു കരുതാനാകില്ല. ആയാൽതന്നെ ചരിത്രമവിടെ അവസാനിക്കുകയുമില്ല. കാരണം ഇമ്രാൻ പറഞ്ഞപോലെ ജനാധിപത്യം ശക്തിപ്പെടുക തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. 

 

Latest News