Sorry, you need to enable JavaScript to visit this website.

'സമസ്തയോട് കളിക്കേണ്ട, അനുഭവിക്കും'; പി.എം.എ സലാമിന് ജിഫ്രി തങ്ങളുടെ മുന്നറിയിപ്പ്

- പി.കെ കുഞ്ഞാലിക്കുട്ടിക്കും സലാമിനെ സംരക്ഷിക്കാനായില്ല

- സലാമിന്റെ വഴിവിട്ട പ്രതികരണം സമസ്തയിലെ ലീഗ് വിരുദ്ധർക്ക് വളമായി
 

കാസർഗോഡ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. പി.എം.എ സലാമിന്റെ വിവാദ വാക്കുകളിൽ രൂക്ഷ പ്രതികരണവുമായി സമസ്ത കേരള ജംഇയത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. 
 ഉത്തരവാദപ്പെട്ടവർ തന്നെ അധിക്ഷേപങ്ങൾ പറയരുത്. അങ്ങനെ പറയുന്നവരെ ഉത്തരവാദിത്തപ്പെട്ടവർ കടിഞ്ഞാണിടണം, അല്ലെങ്കിൽ പിടിച്ചു കെട്ടിയിടണം. അതുമല്ലെങ്കിൽ അങ്ങനെയുള്ളവരെ എവിടെയാണോ ആക്കേണ്ടത്, അതിന് പറ്റിയ സ്ഥലങ്ങളിൽ കൊണ്ട് ചെന്നാക്കണമെന്നും ജിഫ്രി തങ്ങൾ ഓർമിപ്പിച്ചു. നീലേശ്വരത്ത് എസ്.വൈ.എസ് സംസ്ഥാന മീലാദ് ക്യാമ്പയിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 അധിക്ഷേപങ്ങളുണ്ടായാൽ ഇനിയും മറുപടി പറയും. അപ്പോൾ പല തകരാറുകളുമുണ്ടാകും. പ്രയാസങ്ങൾ ഉണ്ടായിട്ട് പറഞ്ഞിട്ട് കാര്യമില്ല. അതിനുള്ള അവസരം ഉണ്ടാക്കരുതെന്നും ജിഫ്രി തങ്ങൾ ലീഗ് നേതൃത്വത്തോടായി പറഞ്ഞു. 
 ഐക്യം നിലനിർത്താൻ എല്ലാ ഭാഗത്ത് നിന്നും ശ്രമങ്ങൾ ഉണ്ടാകണം. സമസ്തയോട് കളിക്കരുത്. അധിക്ഷേപിക്കുന്നവർ അതിന്റെ ദുഷ്ഫലങ്ങൾ അനുഭവിക്കും. ഇരുത്തേണ്ടവരെ ഇരുത്തേണ്ടിടത്ത് ഇരുത്താൻ സമസ്തക്ക് അറിയാമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
 സമസ്തയുടെ പോഷക സംഘടനകളെ കുറിച്ച് അറിയാത്തവരാണ് സമസ്തയെ കുറിച്ച് പറയുന്നത്. ആദ്യം സമസ്തയെ കുറിച്ച് പഠിക്കണം. പഠിച്ച ശേഷം മതി ആക്ഷേപങ്ങൾ. അല്ലെങ്കിൽ അത് അധഃപതനത്തിലേക്കുള്ള പോക്കാണ്. സമസ്ത ആർക്കെങ്കിലും കൊട്ടാനുള്ള ചെണ്ടയോ തുപ്പാനുള്ള കോളാമ്പിയോ അല്ല. ഇതിൽ ആരൊക്കെ വേണം, വേണ്ട എന്ന് തീരുമാനിക്കാൻ ആരെയും ഗേറ്റ് കീപ്പർമാരായി അധികാരപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
 'എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റിനെ ആർക്കുമറിയില്ലെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കി ഏതെങ്കിലും കടലാസിൽ ഒപ്പിടുമ്പോഴാണ് അറിയുന്നതെന്നുമുള്ള നിലയിൽ ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ ഇന്റർവ്യൂവിലെ പി.എം.എ സലാമിന്റെ പരിഹാസം സമസ്തയിലും ലീഗ് കേന്ദ്രങ്ങളിലുമെല്ലാം രൂക്ഷമായ പ്രതികരണങ്ങളാണ് ക്ഷണിച്ചുവരുത്തിയത്. സമസ്തയുടെ വിദ്യാർത്ഥി ഘടകത്തിന്റെ അധ്യക്ഷനായ പാണക്കാട് ഹമീദലി തങ്ങളെ കൊച്ചാക്കുന്ന പ്രസ്താവനക്കെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. പി.എം.എ സലാം സമുദായത്തിൽ ഛിദ്രതയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ ബന്ധപ്പെട്ടവർ അടിയന്തരമായി നിയന്ത്രിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടിരുന്നു. 
 ഇതിന് പിന്നാലെ സലാമിന്റെ പ്രതികരണം മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന്റെ അറിവില്ലായ്മയാണെന്നു പറഞ്ഞ് തള്ളിപ്പറഞ്ഞിരുന്നു. സലാമിന്റെ ഇന്റർവ്യൂവിലെ പല പ്രതികരണങ്ങളും അപക്വവും പരിഹാസ്യവുമാണെന്നും അത്തരം നിലപാട് എല്ലാ മതസംഘടനകളെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകേണ്ട ഒരു കേന്ദ്രത്തിനോ പാർട്ടിക്കോ ചേർന്നതായില്ലെന്നും പൊതുവേ വിലയിരുത്തലുമുണ്ടായി. 'സലാം പാർട്ടി സെക്രട്ടറിയായാൽ മതി, വഹാബി വക്താവാകേണ്ടെന്നും കുറച്ചു കൂടിപ്പോയെന്നു'വരെ എസ്.കെ.എസ്.എഫ് നേതാക്കൾ പ്രതികരിച്ചു. 
 എന്നാൽ, സലാമിനെ സംരക്ഷിക്കാനോ ന്യായീകരിക്കാനോ ആരും തയ്യാറായതുമില്ല. കുഞ്ഞാലിക്കുട്ടിയുടെ താൽപര്യത്തിലും സംരക്ഷണയിലുമാണ് മുതിർന്ന നേതാക്കളെയെല്ലാം തഴഞ്ഞ്, പി.എം.എ സലാമിനെ ഇത്തവണ പാർട്ടി സമവായത്തിലൂടെ ജനറൽസെക്രട്ടറിയായി പ്രഖ്യാപിക്കപ്പെട്ടത്. സലാമിന്റെ അപക്വമായ ഇടപെടലുകൾ സലാം വിരുദ്ധ കേന്ദ്രങ്ങൾ പാർട്ടിക്കകത്ത് ശക്തമായ ആയുധമാക്കുന്നതിനിടെയാണ് സമസ്ത ഒന്നടങ്കം സലാമിനെതിരെ തിരിഞ്ഞത്. സലാം, പാണക്കാട് കുടുംബാംഗത്തെ തന്നെ നോവിച്ചതോടെ, സമസ്തയിലെ ഒറ്റപ്പെട്ട ചില ആളുകളും ലീഗും തമ്മിലുള്ള പ്രശ്‌നത്തിൽ സമസ്തയിലെ പ്രശ്‌നക്കാരോട് തരിമ്പും യോജിപ്പില്ലാത്തവർക്കു പോലും സലാമിന്റെ പുതിയ പ്രസ്താവനയെ ഒരു വരിപോലും പിന്തുണയ്ക്കാനാവാത്ത തീർത്തും പരിതാപകരമായ സാഹചര്യമാണുണ്ടാക്കിയതെന്നും പറയുന്നു. പ്രശ്‌നത്തിൽ പാണക്കാട് ഹമീദലി തങ്ങളെ പി.എം.എ സലാം നേരിട്ട് വിളിച്ച് ഖേദം പ്രകടിപ്പിച്ചെങ്കിലും സമസ്തയുടെ അതൃപ്തി നീങ്ങിയിരുന്നില്ല. ശേഷം പി.കെ കുഞ്ഞാലിക്കുട്ടി തന്നെയും പ്രതികരിച്ചതിന് ശേഷവും ജിഫ്രി തങ്ങളെ പോലെ തലമുതിർന്ന ഒരു പണ്ഡിതൻ വീണ്ടും പ്രശ്‌നത്തിൽ പരസ്യമായി ആഞ്ഞടിക്കാൻ പ്രേരിപ്പിച്ചത് അതുണ്ടാക്കിയ മുറിവിന്റെ ആഴം കൂടുതൽ ബോധ്യപ്പെടുത്താനാണ്. ഇതാവട്ടെ, സി.ഐ.സി പ്രശ്‌നത്തിലും മറ്റും പാണക്കാട് കുടുംബത്തെയും മുസ്‌ലിം ലീഗിനെയും അടിക്കാൻ ഗൂഢതന്ത്രം മെനയുന്ന സമസ്തയിലെ ചില കോക്കസുകൾക്ക് ആഘോഷിക്കാൻ അവസരം ഒരുക്കിയെന്നും വിമർശകർ ആരോപിക്കുന്നു.

Latest News