രഹസ്യ ആപ്പ് വഴി കാമുകിയുടെ ഭര്‍ത്താവിന്റെ ഫോണ്‍ ചോര്‍ത്തി; കൊച്ചിയില്‍ യുവാവ് അറസ്റ്റില്‍

കൊച്ചി-കാമുകിയുടെ ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പകര്‍ത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. എളമക്കരയിലാണ് സംഭവം. നീര്‍ക്കുന്നം സ്വദേശിയും അമ്പലപ്പുഴയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനുമായ അജിത്താണ് പിടിയിലായത്. അയല്‍ക്കാരിയുമായി  അടുപ്പത്തിലായ അജിത്, യുവതിയുടെ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണില്‍ രഹസ്യ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ സഹായത്തോടെയായിരുന്നു ഇത്.
ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അഞ്ചു മാസത്തോളം യുവതിയുടെ ഭര്‍ത്താവിന്റെ നീക്കങ്ങള്‍ അജിത് നിരീക്ഷിച്ചു. സംഭാഷണങ്ങളുടെ ശബ്ദരേഖയും സ്വകാര്യ നിഷമിങ്ങളടക്കം ദൃശ്യങ്ങളും പകര്‍ത്തി. തട്ടിപ്പിനെ കുറിച്ച് സൂചന ലഭിച്ച യുവതിയുടെ ഭര്‍ത്താവ് പരാതിയുമായി എളമക്കര പോലീസിനെ സമീപിക്കുകയായിരുന്നു.
മൊബൈല്‍ ഫോണില്‍ സ്ഥാപിച്ച ആപ്ലിക്കേഷന്‍ വഴി തന്നെയാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവിനെ ബ്ലാക്ക് മെയില്‍ ചെയ്യാനായിരിക്കും ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് പോലീസ് കരുതുന്നു.  ഉടമ അറിയാതെ ഫോണില്‍ മൊബൈല്‍ ആപ്പ് സ്ഥാപിച്ച് ദൃശ്യങ്ങളും സംഭാഷണങ്ങളും ചോര്‍ത്തിയ സംഭവം സംസ്ഥാനത്ത് അപൂര്‍വമാണ്.
 

Latest News