അഹമ്മദ് പട്ടേലിന് 25 ലക്ഷം കൈക്കൂലി; തെളിവുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവും  രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിന് 25 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന് ആരോപണത്തിന് തെളിവുകളുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ബോധിപ്പിച്ചു.
പണംതട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്ത രഞ്ജിത് മാലിക് എന്നയാളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് വേണ്ടി വാദിക്കുന്നതിനിടെയാണ് കോടതിയില്‍ അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയത്. രഞ്ജിത് മാലിക്കിന് വേണ്ടി രാകേഷ് ചന്ദ്ര എന്നയാള്‍ പണവുമായി അഹമ്മദ് പട്ടേലിന്റെ വീട്ടിലെത്തിയതായി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
സാക്ഷിമൊഴികള്‍ക്കു പുറമെ ഫോണ്‍ സംഭാഷണങ്ങളുടേയും സാമ്പത്തിക ഇടപാടുകളുടെയും തെളിവുകളുമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ്  വ്യക്തമാക്കി. 23, മദര്‍ തെരേസ ക്രസന്റ് റോഡ് എന്ന വിലാസത്തിലാണ് രാകേഷ് ചന്ദ്ര പണമെത്തിച്ചത്. ഈ വിലാസം അഹമ്മദ് പട്ടേലിന്റെ ഔദ്യോഗിക വസതിയുടേതാണ്.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സ്റ്റെര്‍ലിങ് ബയോട്ടെക്ക് എന്ന ഗുജറാത്ത് കമ്പനി 5000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് രഞ്ജിത് മാലിക് അറസ്റ്റിലായത്.
 

Latest News