Sorry, you need to enable JavaScript to visit this website.

സഹകരണവും വിരുദ്ധവും

കഴിഞ്ഞ വർഷം ലോക കേരള സഭയുടെ സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി ന്യൂയോർക്കിൽ നിന്നും പറന്നത് ക്യൂബയിലേക്കായിരുന്നു. ഇവിടെങ്ങുമില്ലാത്ത സോഷ്യലിസം അവിടെ ചെന്നു കണ്ട് അഞ്ച് മിനിട്ട് രോമാഞ്ചമണിഞ്ഞിട്ട് വരാമെന്നു കരുതിയിട്ടാകണം എന്നും വിമർശക മണ്ടന്മാർ കരുതി. പക്ഷേ തെറ്റി. കേരള മണ്ണിലെ യുവകായിക താരങ്ങളെ ബോക്‌സിങ്, ജൂഡോ, ഗുസ്തി എന്നിവ പരിശീലിപ്പിക്കാൻ കാസ്‌ട്രോയുടെ പ്രത്യയശാസ്ത്ര പിൻബലമുള്ള സഹകരണമായിരുന്നു ലക്ഷ്യം. സംഗതി ഒത്തു. സഹകാരികൾ ഏതാനും വാര അടുത്തെത്തിക്കഴിഞ്ഞു. പ്രത്യുപകാരമായി അങ്ങോട്ട് ചെന്ന് ക്യൂബയിലെ ന്യൂജെൻസിനെ കളരി പഠിപ്പിക്കാൻ കച്ചമുറുക്കുകയാണ് ആശാന്മാർ. കണ്ണൂരിൽ പാർട്ടിയിലെ എത്രയോ ഗുരുക്കന്മാർ കളരിപ്പടിയിൽ പണിയില്ലാതെ കുത്തിയിരിക്കുന്നു! തുടർഭരണം കിട്ടിയതോടെ ആയുധം നഷ്ടപ്പെട്ടതിന് ക്യൂബ ഒരു വലിയ പരിഹാരമാകും. കണ്ണൂരും ക്യൂബയും ഒരേ തൂവൽപക്ഷികളാണെന്ന് അറിയാത്തവർ ചരിത്രം വായിക്കണം; തരപ്പെട്ടില്ലെങ്കിൽ പാർട്ടി ലഘുലേഖ ആയാലും മതി. വായിക്കാൻ കഴിയാത്തവർക്ക് കായികാധ്യാപകനായ ഗോവിന്ദൻ മാസ്റ്ററെ സമീപിക്കാവുന്നതാണ്.


'സെമി കാഡർ' പരിപാടിയുമായി കെ.പി.സി.സി പ്രസിഡന്റാകാനെത്തിയ സുധാകര ഗുരുക്കൾക്കാണ് ക്യൂബ ഒരു വെള്ളിടിയായത്. ഗാന്ധിജിയുടെ വടി പോലും സമരായുധമാക്കാമെന്നാണ് ഗുരുക്കൾ കരുതിയത്. അപ്പോഴതാ വരുന്നു ക്യൂബൻ തല്ല്! കായിക താരങ്ങളെ പഠിപ്പിക്കാനെന്ന പേരിലാണ് ഇറക്കുമതിയെങ്കിലും കേരളത്തിലെ കായിക താരങ്ങൾ ആരാണെന്നു പ്രത്യേകം പറയേണ്ടതില്ല. അങ്ങനെ 'ന്യൂജെൻ മുറകൾ' പരിശീലിച്ചാൽ അവർ കോൺഗ്രസിന്റെ പിടലിക്കിട്ടു താങ്ങുമെന്ന് ആർക്കാണറിയാത്തത്? സംസ്ഥാനത്തെ 'പ്രത്യേക' സാഹചര്യത്തിൽ 'ഇന്ത്യ മുന്നണി'യുടെ കൊടി ചുരുട്ടി കക്ഷത്തോ, അടിവസ്ത്രത്തിന്റെ പോക്കറ്റിലോ വെക്കുയല്ലാതെ വേറെ മാർഗമില്ല. 'കഷ്ടകാലം പിടിച്ചവൻ മുറ്റത്തിറങ്ങിയാൽ കല്ലുമഴ പെയ്യു'മെന്നൊരു ചൊല്ലുണ്ട്. അതറിയാവുന്ന സുധാകര ഗുരുക്കൾ ഈയിടെയായി 'ഔട്ട് ഡോറിൽ' വാതുറക്കാറില്ല. വായ്ക്കകത്തേക്ക് എന്താണ് വന്നു വീഴുക എന്നു മുൻകൂട്ടി അറിയാൻ കഴിയില്ലല്ലോ.


****                           ****                               ****    


1988 ൽ ജനതാദൾ രൂപീകരിച്ചതു മുതൽ പിറകേയുണ്ട് കഷ്ടകാലവും. ഇന്ന്, ഒരു നിശ്ചയവുമില്ലയൊന്നിനും/ വരുമോരോ ദശ വന്നതുപോലെ പോം' എന്നു പറഞ്ഞത്‌പോലെയാണ് വൈദ്യുത മന്ത്രിയുടെ ഭാവി. 1970 കളിൽ വരട്ടുചൊറി പോലെ പടർന്നുപിടിച്ച 'ആർട്ട് ഫിലിം' സംസ്‌കാരം ആരും മറന്നിട്ടില്ല. തിരുവനന്തപുരത്ത് 'പടം' കാണാൻ ചെല്ലുമ്പോൾ, അതിപ്പോൾ കൊല്ലത്താണ് എന്നാവും മറുപടി. കൊല്ലത്തുകാരൻ വിവരമറിഞ്ഞു ചെല്ലുമ്പോഴേക്ക് പടം പാലക്കാട്ട് എത്തിയിരിക്കും. പാലക്കാട്ടുകാരന് കിട്ടുന്ന വിവരം, പടം ചെങ്കോട്ടക്കു വണ്ടി കയറി     എന്നാകും. ചുരുക്കത്തിൽ കേരളത്തിലെ മൊത്തം ജില്ലകളിലും താലൂക്കുകളിലും പഞ്ചായത്തുകളിലുമായി ഒരു പടം ഒരു വർഷത്തിനകം നൂറ് ദിവസം ഓടിയിരിക്കും; പ്രിന്റ് ഒന്നു മതി. ഇതു തന്നെയാണ് ജനതാദൾ എസിന്റെയും ഇന്നത്തെ കഥ. പതിനയ്യായിരം പേരെ സംഘടിപ്പിച്ച് കേരളത്തിൽ നടത്തുമെന്ന് എം.വി. ശ്രേയാംസ് കുമാർ പ്രസ്താവിച്ചതായാണ് അറിവ്. പാതിയുറക്കത്തിൽ പറഞ്ഞതാകണം. എന്നാലെന്ത്? കെ. കൃഷ്ണൻ കുട്ടിക്കു കസേര ഒഴിയേണ്ടി വരില്ലല്ലോ. കഴിഞ്ഞമാസം വൈദ്യുതി ചാർജ് വർധനയുണ്ടാകില്ലെന്ന് ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞ ദേഹമാണ്. മുപ്പതു ദിനം തികയും മുമ്പേ തിരുത്തി. 'വൈദ്യുതി വർധന' ഉണ്ടാകില്ലെന്നാണ് ഉദ്ദേശിച്ചത്.     


ആ സ്ഥിതിക്ക്  ചാർജെങ്കിലും വർധിപ്പിക്കണ്ടേ? വോട്ട് ചെയ്തവരുടെ തലയ്ക്കിട്ടു ഒന്നു പൊട്ടിച്ചില്ലെങ്കിൽ പിന്നെന്ത് രസം?
എന്നിട്ട്, പാർട്ടിയോ? ബി.ജെ.ഡി, എൽ.ജെ.ഡി, ജനതാദൾ (എസ്) എന്നു തുടങ്ങി കണ്ടാലറിയുന്ന ഏവരെയും ചേർത്ത് ലയിക്കാൻ ആദ്യമൊക്കെ ആലോചിച്ചതാണ്. ഒരു കാൽ ബി.ജെ.പിയുടെ കക്ഷത്തും മറ്റേത് ഇടതുമുന്നണിയിലുമായി എത്രകാലം കഴിയും? എ.കെ.ജി സെന്ററിന്റെ ഏഴയലത്ത് കണ്ടു പോകരുതെന്നാണ് അന്ത്യശാസനം. അനുസരിച്ചില്ലേൽ, കളരി പരമ്പരക്കാർ എന്ത് ചെയ്യുമെന്ന് സ്വപ്‌നേപി നിരൂപിക്കാൻ വയ്യ. ഒന്നും രണ്ടും അറിയാതെ പോകും. ലയിച്ചാൽ കെ.പി. മോഹനൻ കസേര കൊണ്ടുപോകും. വീട്ടുമുറ്റത്ത് കളരിയുള്ള ദേഹമാണ്. ഏതു പൂഴിക്കടകൻ പ്രയോഗിച്ചും കൃഷ്ണൻകുട്ടിയെ വീഴ്ത്തും. അതുകൊണ്ട് എറണാകുളത്ത് ചേർന്ന സമ്മേളനം സർവത്ര ആശയക്കുഴപ്പത്തിൽ തന്നെ 'അവസാനിപ്പിച്ചു'.
അതിന്റെ ബിൽ തുക പ്രസിഡന്റും മന്ത്രിയും കൂടി പങ്കുവെക്കണോ എന്ന കാര്യത്തിൽ ഒരു പുതിയ ആശയക്കുഴപ്പവും പ്രതീക്ഷിക്കുന്നുണ്ട്. ജനതാദൾ എന്ന് ഹിന്ദിയിൽ എഴുതിയാൽ 'ദൽ' 'തൽ' ആകും. മലയാളത്തിൽ നമ്മുടെ 'തല്ലു' തന്നെ. അതാണല്ലോ പാർട്ടിയുടെ മുഖമുദ്ര!


****                                  ****                          ****

 

റേഷൻ കടകളിൽ മഞ്ഞ - വെള്ള- നീലക്കാർഡുകൾ നൽകി ജനങ്ങളെ ഭിന്നിപ്പിച്ചതിന്റെ ഫലം കണ്ടു. ഇരുപത്തി അയ്യായിരം മഞ്ഞക്കാർഡുകാരാണ് ഓണത്തിന് സൗജന്യ കിറ്റ് വാങ്ങാതെ ഒളിവിൽ പോയത്. അത്രക്കുണ്ട് ഭരണ വിരുദ്ധ വികാരം. മന്ത്രി അനിൽ സഖാവ് അന്വേഷണം നടത്തുന്നുണ്ട്. 2026 വരെ നീണ്ടേക്കാം.


****                       ****                         ****


സഹകരണ മേഖലയിൽ ഇനി എന്തുണ്ട് ബാക്കി എന്നന്വേഷിക്കുന്നതാണ് എളുപ്പം. കരിമ്പനയുടെ ചുവട്ടിൽ കുറച്ചു എല്ലും നഖവു മാത്രം കണ്ട പഴയകഥ പോലെയായി. ഇത്ര വേഗം സംഘടിച്ചു വിതയ്ക്കും വയലെല്ലാം നമ്മൾ കൊയ്യുമെന്നാരും കരുതിയില്ല. കരുവന്നൂരിൽനിന്നു വടക്കോട്ട് കണ്ണൂർ വരെയും, തെക്ക് ഭാസുരാംഗന്റെ 'കണ്ടല' വരെയും കൊയ്ത്തുത്സവമായിരുന്നു. ചില 'കേരള ബാങ്കു'കാരും മര്യാദരാമന്മാരായ സൊസൈറ്റികളും ഉദാരമായി സംഭാവന ചെയ്താൽ തീർക്കാവുന്ന കടമേയുള്ളൂ. ഇ.ഡി വന്ന വഴിയേ പൊയ്‌ക്കൊള്ളും. പക്ഷേ രണ്ടു ദേശീയ പാർട്ടിക്കാരുടെ സഹകരണത്തിനകത്തും കോടികളാണ് പ്രശ്‌നം. (ഇ.ഡിക്ക് 'മോഡി'യെക്കുറിച്ചു ശരിക്കറിയില്ലെന്നു തോന്നുന്നു). ഉടക്കിടുന്ന പിന്തിരിപ്പന്മാരെപ്പോലും ബാങ്കിലും സംഘത്തിലുമൊക്കെ കയറ്റി ഇരുത്തിയവരെ തിരിച്ചു സഹായിക്കാൻ അവർക്ക് ധൈര്യമില്ല. സംഗതി ഇ.ഡി തന്നെ.
'നാട് മറന്നാലും മൂട് മറക്കരുത്' എന്നേ പറയാനുള്ളൂ. മുട്ടിയ പക്ഷം 'ബക്കറ്റ് പിരിവ്' പോലും ആലോചിക്കുന്നുണ്ട്. പണ്ട് വിയറ്റ്‌നാമിനും ക്യൂബക്കും വേണ്ടി നടത്തിയ ഐതിഹാസികമായ ബക്കറ്റ് പിരിവിന്റെ ഓർമകൾ ഇന്നും കേരള മനസ്സിൽ അലയടിക്കുന്നുണ്ട്. അനന്ത സാധ്യതകൾ എന്നുമുള്ള ബക്കറ്റ് പിരിവ് വീണ്ടും വന്നെത്തിയാൽ അതൊരു പുത്തനുണർവായിരിക്കും. അതിനൊപ്പം കാപ്‌സ്യൂളും ലഘുലേഖകളും കുടുംബ സൗഹൃദ സദസ്സും. പിന്നെ മന്ത്രിമാർ കൂട്ടം ചേർന്നും വെവ്വേറെയായും പൗരമുഖ്യരുമൊത്തുള്ള 'വടയും ചായയും' ആഹാ. വസന്തം വീണ്ടും വന്നെത്തുന്നു!

Latest News