ആലപ്പുഴയില്‍ കോണ്‍വെന്റില്‍ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

ആലപ്പുഴ- ബുധനൂരിലെ കോണ്‍വെന്റില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. അരുണാചല്‍പ്രദേശ് സ്വദേശിയായ പൊബായ് കൊങ്കാങ്ങി(18)നെയാണ് ബുധനൂര്‍ ഉളുന്തിയിലെ സെന്റ് ആന്‍സ് കോണ്‍വെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  
വിദ്യാര്‍ഥിനിയെ കൂടാതെ നാല് കന്യാസ്ത്രീകളും വേലക്കാരിയുമാണ് ഇവിടെ താമസം. തിങ്കളാഴ്ച രാവിലെ ഇവര്‍ ഉറക്കമുണര്‍ന്നതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടത്. മരണത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.

അരുണാചല്‍ സ്വദേശിനിയായ പൊബായ് രണ്ടുവര്‍ഷം മുന്‍പാണ് ഉപരിപഠനത്തിനായി ബുധനൂരിലെത്തിയത്. ഉളുന്തിയിലെ കോണ്‍വെന്റില്‍ താമസിച്ചിരുന്ന പെണ്‍കുട്ടി മാവേലിക്കര ജീസസ് സ്‌കൂളിലാണ് പഠിക്കുന്നത്. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന വിദ്യാര്‍ഥിനിയായിരുന്നുവെന്നാണ് കോണ്‍വെന്റ് അധികൃതര്‍ പറയുന്നത്.

സംഭവത്തില്‍ മാന്നാര്‍ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

 

Latest News