Sorry, you need to enable JavaScript to visit this website.

സൗന്ദര്യമുള്ള സ്ത്രീകള്‍ കോണ്‍ഗ്രസിലെത്തിയാല്‍ ജീവിതം തീര്‍ന്നു; തുറന്നടിച്ച് പത്മജ

തൃശൂര്‍-കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പത്മജ വേണുഗോപാല്‍. രാഷ്ട്രീയത്തിലെത്തുന്ന വനിതകളോട് മോശം അനുഭാവം പുലര്‍ത്തുന്നവരാണ് ഇപ്പോഴും പാര്‍ട്ടിയിലുള്ളതെന്നും പത്മജ ആരോപിച്ചു. നേരിട്ട് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്ത്രീകള മോശം കണ്ണിലൂടെ കാണുന്നവരാണ് പലരും. വനിതകളെ നിര്‍ത്തി തോല്‍പ്പിക്കുന്ന പതിവ് പാര്‍ട്ടിയില്‍ നിന്ന് ഇല്ലാതായിട്ടില്ലെന്നും പത്മജ തുറന്നടിച്ചു.
കാണാന്‍ കൊള്ളാവുന്ന സ്ത്രീകള്‍ കോണ്‍ഗ്രസിലെത്തിയാല്‍ അവരുടെ ജീവിതം തീര്‍ന്നു. സാധാരണ സ്ത്രീകള്‍ക്ക് പാര്‍ടിയില്‍ പ്രവര്‍ത്തിക്കുക ഭയങ്കര ബുദ്ധിമുട്ടാണെന്നു സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ നിന്നാല്‍ അവര്‍തന്നെ നോക്കട്ടെ എന്ന നിലപാടാണ് എന്നും പത്മജ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു
സ്ത്രീകളോട് മോശമായി പെരുമാറുന്നവരാണ് കൂടുതലും. ഷാനിമോള്‍ ഉസ്മാന്‍ ഉപതെരഞ്ഞെടുപ്പില്‍ അബദ്ധത്തില്‍ ജയിച്ചതാണ്. ബിന്ദു കൃഷ്ണ എത്ര ഓടിനടന്ന് പണിയെടുത്തു. ഡിസിസി പ്രസിഡന്റായിരിക്കുമ്പോള്‍ എത്ര കഷ്ടപ്പെട്ടു. ഇപ്പോഴെന്തായി?. അവരുടെ സങ്കടം എന്നോട് പലതവണ പറഞ്ഞിട്ടുണ്ട്. എത്ര കഴിവുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ അവരെ തോല്‍പ്പിക്കുക പതിവാണെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. പിന്‍ഗാമിയാക്കാന്‍ കെ കരുണാകരന്‍ കരുതിയിരുന്നത് കെ മുരളീധരനെയല്ലെന്ന് പത്മജ പറഞ്ഞു.. മറ്റൊരു നേതാവിനെയായിരുന്നു കരുണാകരന്‍ കരുതിയിരുന്നത്. പക്ഷെ അത് മനസിലാക്കാതെയാണ് പലരും കരുണാകരനെതിരെ പടയൊരുക്കം നടത്തിയത്. ആ ദ്രോഹത്തിന് അവര്‍ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. കരുണാകരനെ ദ്രോഹിച്ചവര്‍ക്കെല്ലാം ശിക്ഷ കിട്ടുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. പലരും ഇഹലോകത്ത് തന്നെ അനുഭവിച്ചാണ് പരലോകത്തേക്ക് പോയതെന്നും പത്മജ പറഞ്ഞു.
കെ കരുണാകരന് സ്മാരകം ഉണ്ടാകാതിരിക്കാന്‍ പരമാവധി ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസിലെ പല നേതാക്കളും. സ്മാരകം പണിയുന്നതിന് മുഖം തിരിഞ്ഞു നില്‍ക്കുന്നവരില്‍ മിക്കവരും കരുണാകരന്‍ കൂടെ നിര്‍ത്തുകയും വഴികാട്ടുകയും ചെയ്ത നേതാക്കളാണ്. സ്മാരകവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കെ കരുണാകരനെ അപമാനിച്ച് സംസാരിക്കുകയായിരുന്നു കേരളത്തിലെ പല യുവനേതാക്കളും. അത്യന്തം അപമാനകരമായ കാലത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും സഹിക്കാന് വയ്യാതായാല്‍ തനിക്ക് പലതും തുറന്നുപറയേണ്ടിവരുമെന്ന് പത്മജ പറഞ്ഞു.

Latest News