വിദ്യാര്‍ഥിയെ കാറിടിപ്പിച്ചു കൊന്നയാളുടെ ലൈസന്‍സ് റദ്ദാക്കി

തിരുവനന്തപുരം- സ്‌കൂള്‍ വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ലൈസന്‍സ് മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കി. കാട്ടാക്കടയില്‍ ആദിശങ്കര്‍ (15)ന്റെ സൈക്കിളില്‍ കാര്‍ ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി എസ്. ആര്‍. പ്രിയരഞ്ജന്റെ ലൈസന്‍സാണ് റദ്ദാക്കിയത്.


ഓഗസ്റ്റ് 30 ന് വൈകിട്ട് പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന് മുന്നിലായിരുന്നു സംഭവം. അപകടമരണമെന്ന് ആദ്യം കരുതിയ സംഭവം പിന്നീട് മനഃപൂര്‍വ്വമാണെന്ന് കണ്ടെത്തുകയായിരുന്നു. ക്ഷേത്രത്തിന് മുന്നിലൂടെ സൈക്കിളില്‍ സഞ്ചരിച്ച ആദിശങ്കറിനെ പ്രിയരഞ്ജന്‍ മനപൂര്‍വം കാറിടിച്ച് കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഏപ്രിലില്‍ പ്രിയരഞ്ജന്‍ ക്ഷേത്രത്തിന്റെ മതിലില്‍ മൂത്രമൊഴിച്ചത് ആദിശങ്കര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് സൈക്കിളില്‍ പോവുകയായിരുന്ന ആദിശങ്കറിനെ കാറിടിപ്പിച്ച് കൊല്ലാന്‍ പ്രിയരഞ്ജനെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്. പ്രിയരഞ്ജനെതിരെ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ അന്വേഷണം നടത്തുകയും ഇയാളുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു.

Latest News