സുപ്രീം കോടതിയില്‍ പുതിയ ചരിത്രം; ആദ്യമായി മൂന്ന് വനിതാ ജഡ്ജിമാര്‍ ഒന്നിക്കുന്നു

ന്യൂദല്‍ഹി- പുതിയ സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം സര്‍ക്കാര്‍ അംഗീകരിച്ചതോടെ പുതിയ ചരിത്രം പിറക്കുന്നു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് ഇന്ദിര ബാനര്‍ജി സുപ്രീം കോടതി ജഡ്ജിയായി സ്ഥാനമേല്‍ക്കുന്നതോടെ ചരിത്രത്തിലാദ്യമായി പരമോന്നത കോടതിയില്‍ മൂന്ന് വനിതാ ജഡ്ജിമാര്‍ ഒന്നിക്കും. ജസ്റ്റിസ് ആര്‍ ബാനുമതി, ഈയിടെ സ്ഥാനമേറ്റ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരാണ് നിലവില്‍ സുപ്രീം കോടതിയിലുള്ള വനിതാ ജഡ്മാര്‍. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫ്, ഒഡിഷാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സരണ്‍ എന്നിവര്‍ക്കൊപ്പമാണ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയും നിയമിക്കപ്പെടുന്നത്. 2002ല്‍ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ഇന്ദിര സുപ്രീം കോടതിയിലേക്ക് സ്ഥാനംകയറ്റം ലഭിക്കുന്ന ഏട്ടാമത് വനിതാ ജഡ്ജിയാണ്. 1989ലാണ് സപ്രീം കോടതിയില്‍ ആദ്യമായി വനിതാ ജഡ്ജിയെ നിയമിച്ചത്.

ജഡ്ജിമാരെ നിയമിക്കുന്ന സുപ്രീം കോടതി കൊളീജിയവും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനൊടുവിലാണ് ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനം നിയമ മന്ത്രാലയം അംഗീകരിച്ചത്. ഇവര്‍ക്കൊപ്പം സ്ഥാനമേല്‍ക്കുന്ന ജസ്റ്റിസ് സരണ്‍ മുന്‍ ഉത്തര്‍പ്രേദശ് സര്‍ക്കാര്‍ അഭിഭാഷകനായിരുന്നു. 2002ല്‍ ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. 2016 ഫെബ്രുവരി മുതല്‍ ഒഡിഷ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്.
 

Latest News