വിഴിഞ്ഞം കടല്‍ക്കൊള്ളയെന്ന് ആരോപിച്ചിരുന്നു; ഉമ്മന്‍ ചാണ്ടി പിന്തിരിഞ്ഞോടിയില്ല-വി.ഡി.സതീശന്‍

തിരുവനന്തപുരം-ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒരുപാട് പ്രശ്‌നങ്ങളും പ്രതിസന്ധികളും അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പല്‍ ഷെന്‍ഹുവ 15ന് ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതി ഒരു കടല്‍ക്കൊള്ളയാണെന്ന് ആരോപണമുണ്ടായിരുന്നു. 6000 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് കച്ചവടം അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് നടത്തുന്നതാണെന്ന ആരോപണവും ഉയര്‍ന്നു. എന്നാല്‍ ഇതിലൊന്നും പിന്തിരിഞ്ഞോടാതെ വിഴിഞ്ഞം നടപ്പാക്കുമെന്ന് തീരുമാനിച്ച വ്യക്തിയായിരുന്നു ഉമ്മന്‍ചാണ്ടി. തുറമുഖത്തിന്റെ തറക്കല്ലിട്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന് ശേഷമാണ് അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

കേന്ദ്രസര്‍ക്കാരിന്റെ പാരിസ്ഥിതിക അനുമതി ഉള്‍പ്പെടെയുള്ള മുഴുവന്‍ അനുമതികളിലും ഉമ്മന്‍ചാണ്ടിയുടെ കാലത്ത് വാങ്ങിച്ചെടുത്തു. തുടര്‍ന്ന് വന്ന സര്‍ക്കാര്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തി. വികസനമെന്നത് ഈ നാടിനോടും വരും തലമുറയോടുമുള്ള നമ്മുടെ പ്രതിബദ്ധതയാണ്. വികസനം വരുന്നതോടെ ജനങ്ങളുടെ ജീവിതനിലവാരത്തില്‍ വലിയ മാറ്റമുണ്ടാക്കും. ഒരുപാട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന് ഒരു വലിയ ചരിത്രമുണ്ട്. ഇത് അടുത്ത കാലത്തൊന്നും തുടങ്ങിയ സ്വപ്‌നമല്ല. മാറി മാറി വന്ന സര്‍ക്കാരുകളെല്ലാം പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി ഒരുപാട് പരിശ്രമങ്ങള്‍ നടത്തി. എന്നാല്‍, സാങ്കേതിക പ്രശ്‌നങ്ങളാലും സാമ്പത്തിക പ്രശ്‌നങ്ങള്‍ കൊണ്ടും അത് നടക്കാതെ പോയി.

നമുക്ക് ലോകോത്തര തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റണം. സിയാറ്റില്‍ പോലെയും സിങ്കപ്പുര്‍ പോലെയും ദക്ഷിണ കേരളം മുഴുവന്‍ ഒരു പോര്‍ട്ട് സിറ്റിയായി മാറുന്ന സ്വപ്‌നത്തിലേക്കാണ് നാം പറന്നു പോകേണ്ടത്. അതിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. സമയബന്ധിതമായി അതെല്ലാം പൂര്‍ത്തിയാക്കുക എന്നതാണ് നമ്മുടെ ചുമതല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന എല്ലാം പോസിറ്റിവ് കാര്യങ്ങള്‍ക്കും പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടാകും-സതീശന്‍ പറഞ്ഞു.

 

Latest News