ഗാസ- ഫലസ്തീനെതിരായ ഇസ്രായില്‍ ആക്രമണം ഒരാഴ്ച പിന്നിടുമ്പോള്‍ ഗാസയില്‍നിന്ന് ഓടിപ്പോയത് 10 ലക്ഷം ജനങ്ങള്‍. ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്രസഭാ ഏജന്‍സിയുടെ കണക്കാണിത്. ഇസ്രായില്‍ ഉപരോധത്തിലകപ്പെട്ട ഗാസ നേരിടുന്നത് വന്‍ദുരന്തമെന്നും സന്നദ്ധ സംഘടനകള്‍ പറയുന്നു.
ഗാസയുമായുള്ള അതിര്‍ത്തിവേലിക്ക് സമീപം വന്‍തോതില്‍ ആയുധങ്ങളും ടാങ്കുകളും അണിനിരത്തിയിരിക്കുകയാണ് ഇസ്രായില്‍. അതിശക്തമായ ബോംബിംഗ് ഇടതടവില്ലാതെ തുടരുകയും ചെയ്യുന്നു.
724 കുട്ടികളടക്കം 1329 ഫലസ്തീനികള്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്രായിലി പൗരന്മാരുടെ എണ്ണം 1300. ഇവരില്‍ 286 സൈനികരുമുണ്ട്.
ലബനാനില്‍നിന്നുള്ള ഹിസ്ബുല്ല പോരാളികളുടെ മിസൈല്‍ ആക്രമണത്തില്‍ ഒരു ഇസ്രായിലി പൗരന്‍ കൊല്ലപ്പെട്ടതോടെ ലബനാനിലെ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തുന്നതായി ഇസ്രായില്‍ അറിയിച്ചു. ഗാസക്കെതിരായ യുദ്ധക്കുറ്റങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇറാന്‍ ഇസ്രായിലിന് മുന്നറിയിപ്പ് നല്‍കി.
ഇസ്രായിലിന് പിന്തുണ പ്രകടിപ്പിച്ച് മെഡിറ്ററേനിയന്‍ കടലിലെത്തിയ അമേരിക്കന്‍ യുദ്ധക്കപ്പല്‍ യു.എസ്.എസ് ജെറാര്‍ഡ് ഫോര്‍ഡിന് പിന്നാലെ മറ്റൊരു യുദ്ധക്കപ്പലായ ഐസന്‍ഹോവറും മെഡിറ്ററേനിയനിലെത്തി.