Sorry, you need to enable JavaScript to visit this website.

ജാതി സെന്‍സസിനൊപ്പം ന്യൂനപക്ഷ ഡാറ്റ കൂടി ശേഖരിക്കണം- കാന്തപുരം

തൃശൂര്‍-ജാതി സെന്‍സസ് നടത്തുന്നതോടൊപ്പം ന്യൂനപക്ഷ വിഭാഗങ്ങളുടെ ഡാറ്റ  കൂടി ശേഖരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹികാവസ്ഥയും സാമ്പത്തിക വിദ്യാഭ്യാസ പുരോഗതിയും അടുത്തറിയാനും ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനും ന്യൂനപക്ഷ ഡാറ്റ ബാങ്കും ജാതി സെന്‍സസും സഹായിക്കും. എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തുമ്പോഴാണ് രാജ്യം പുരോഗതിയും വികസനവും കൈവരിക്കുകയെന്ന്  കാന്തപുരം   വ്യക്തമാക്കി. തൃശൂര്‍ ജില്ലയിലെ സുന്നി സംഘടനകള്‍ സംയുക്തമായി   തൃശൂര്‍ വാദീ മദീനയില്‍ സംഘടിപ്പിച്ച മീലാദ് കോണ്‍ഫറന്‍സ് ഓണ്‍ ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ സമൂഹത്തിന്റെയും അഭിവൃദ്ധിയും വികസനവും സാധ്യമാകുന്നത് ആ സമൂഹത്തിലെ ജനങ്ങള്‍ മുഴുവനും നാടിനോട് സ്‌നേഹമുള്ളവരായി മാറുമ്പോഴാണ്. അതുകൊണ്ടു തന്നെ ജന്മനാടിനെ സ്‌നേഹിക്കുകയെന്നത് വിശ്വാസത്തിന്റെ ഭാഗമായാണ്  ഇസ്ലാം എണ്ണുന്നത്.  രാജ്യസ്‌നേഹത്തെ കുറിച്ചും പൗരാവകാശങ്ങളെ കുറിച്ചും ഇസ്ലാം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. തിരുനബി(സ്വ) പകര്‍ന്നു നല്‍കിയ രാജ്യസ്‌നേഹത്തിന്റെ ജ്വലിക്കുന്ന പാഠങ്ങളാണ് ജന്മനാടിന്റെ വിമോചനത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളിലും അധിനിവേശ ശക്തികള്‍ക്കെതിരെ നടന്ന ഐതിഹാസിക സമരങ്ങളിലുമെല്ലാം മുസ്ലിം പണ്ഡിതര്‍ക്ക് പ്രചോദനമായത്. മൗലാനാ മുഹമ്മദലി, മൗലാനാ ശൗകത്തലി, ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം(റ), ഉമര്‍ ഖാസി(റ), മമ്പുറം തങ്ങന്മാര്‍, ആലി മുസ്ലിയാര്‍ എന്നിവര്‍ക്കെല്ലാം അധിനിവേശ ശക്തികളെ തുരത്താനും വിപ്ലവപോരാട്ടങ്ങള്‍ക്ക് വീര്യം പകരാനും ഊര്‍ജമായത് രാജ്യസ്‌നേഹത്തിന്റെ തിരുനബി പാഠങ്ങളാണ്.
മികച്ച മൂല്യങ്ങളുള്ള ഭരണഘടനയും സംവിധാനങ്ങളുമുള്ള നാടാണ് നമ്മുടേത്. വികസനത്തിലും പുരോഗതിയിലും മൂല്യങ്ങളിലുമെല്ലാം  നാം ലോക രാജ്യങ്ങള്‍ക്ക് ഒപ്പമെത്താന്‍ ഓരോ പൗരന്മാരും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
കേരള മുസ്‌ലിം ജമാ അത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ ജനറല്‍ സെക്രട്ടറി പി എസ് കെ മൊയ്തു ബാഖവി ഹുബ്ബു റസൂല്‍ പ്രഭാഷണവും ബാദുഷാ സഖാഫി തിരുനബിയുടെ സ്‌നേഹ ലോകം പ്രമേയ പ്രഭാഷണവും നടത്തി. മന്ത്രി കെ രാധാകൃഷണന്‍ സാന്ത്വന പദ്ധതി പ്രഖ്യാപനം നടത്തി. ടി എന്‍ പ്രതാപന്‍ എം പി മാസാന്ത പെന്‍ഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. മാടവന ഇബ്‌റാഹിം കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. വരവൂര്‍ മുഹ് യിദ്ദീന്‍ കുട്ടി സഖാഫി, എസ് എം കെ മഹ്മൂദി, പി കെ ബാവ ദാരിമി, മുഹമ്മദാലി സഅദി, സലാം ഹാജി, അബ്ദുല്‍ ഗഫൂര്‍ മൂന്നുപ്പീടിക, ഇസ്ഹാഖ് ഫൈസി, സൈതുമുഹമ്മദ് മാസ്റ്റര്‍,  അബ്ദുല്‍ അസീസ് നിസാമി, അബ്ദുഹാജി തൃശൂര്‍, ഉസ്മാന്‍ സഖാഫി തിരുവത്ര,  സി വി മുസ്തഫ സഖാഫി, ഹുസൈന്‍ തങ്ങള്‍, ജമാല്‍ ഹാജി, സത്താര്‍ പഴുവില്‍ സംസാരിച്ചു. ഐ എം കെ ഫൈസി പ്രവാചക പ്രകീര്‍ത്തന സദസ്സിന് നേതൃത്വം നല്‍കി. അഡ്വ. പി യു അലി സ്വാഗതവും ഷമീര്‍ എറിയാട് നന്ദിയും പറഞ്ഞു.

 

Latest News