Sorry, you need to enable JavaScript to visit this website.

അസമില്‍ ബലപ്രയോഗമുണ്ടാവില്ല; പൗരത്വ പട്ടികയില്‍ ആശങ്ക വേണ്ടെന്ന് രാജ്‌നാഥ് സിംഗ്

ന്യൂദല്‍ഹി- അസം പൗരത്വ രജിസ്‌ട്രേഷന്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ആഞ്ഞടിക്കുന്നതിനിടെ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. എന്‍.ആര്‍.സി അന്തിമ പട്ടിക തയാറാക്കുമ്പോള്‍ ഒരു തരത്തിലുള്ള വിവേചനവും ഉണ്ടാകില്ലെന്നും മന്ത്രി രാജ്യസഭയില്‍ ഉറപ്പു നല്‍കി. നടപടികള്‍ സുതാര്യമായിരിക്കും. സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണമാണ് സര്‍ക്കാര്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കുന്നത്. നടപടികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യന്‍ പൗരനായ ഒരാളെയും പട്ടികയില്‍ നിന്നൊഴിവാക്കില്ല. ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ല. പട്ടികയില്‍നിന്ന് പുറത്തായവര്‍ക്കുമേല്‍ ഒരുതരത്തിലുള്ള ബലപ്രയോഗ നടപടിയും ഉണ്ടാകില്ല. അന്തിമ പട്ടിക തയാറാക്കുമ്പോള്‍ അതില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഫോറിനേഴ്‌സ് ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കാനുള്ള അവസരം ഉണ്ടായിരിക്കും. ഇപ്പോള്‍ പരത്തുന്ന ആശങ്ക സാമുദായിക ഐക്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള വിമര്‍ശനങ്ങളാണ്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രചാരണങ്ങളാണു നടക്കുന്നത്. എല്ലാവര്‍ക്കും എന്‍.ആര്‍.സി അന്തിമ പട്ടിക തയാറാക്കുമ്പോള്‍ അപേക്ഷിക്കാന്‍ അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ എല്ലാവരും സംയമനം പാലിക്കണമെന്നും രാജ്‌നാഥ് അഭ്യര്‍ഥിച്ചു.
ലോക്‌സഭ ഇന്നലെ ചേര്‍ന്ന ഉടന്‍ തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ ഉള്‍പ്പെട്ട സംഘത്തെ അസമിലെ സില്‍ചാര്‍ വിമാനത്താവളത്തില്‍ പോലീസ് തടഞ്ഞു വെച്ചതിനെതിരേ പ്രതിഷേധം ഉയര്‍ന്നു. ചോദ്യോത്തര വേളയിലുടനീളം തൃണമൂല്‍ എം.പിമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ടി.ഡി.പി എംപിമാരും ഇവരോടൊപ്പം ചേര്‍ന്നു. പ്രതിഷേധം രൂക്ഷമായതോടെ ചോദ്യോത്തരവേള അവസാനിക്കാറായപ്പോള്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ പത്തു മിനിറ്റ് നേരത്തേക്കു സഭ പിരിച്ചു വിട്ടു.
സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ശൂന്യവേളയില്‍ തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജി എംപിമാരെ വിമാനത്താവളത്തില്‍ പോലീസ് തടഞ്ഞുവെച്ച വിഷയം ഉന്നയിച്ചു. ആറ് എം.പിമാരും രണ്ട് മന്ത്രിമാരും എം.എല്‍.എമാരും ഉള്‍പ്പെട്ട സംഘത്തെ പോലീസ് വിമാനത്താവളത്തില്‍ തടഞ്ഞുവെന്നും അവരില്‍ ചിലര്‍ക്ക് മര്‍ദനമേറ്റെന്നും ബാനര്‍ജി പറഞ്ഞു. വനിത എം.പിമാര്‍ക്ക് നേരെയും കൈയേറ്റമുണ്ടായതായി ബാനര്‍ജി പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങളുടെ അവകാശ ലംഘനമാണിതെന്നും ഇത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും തൃണമൂല്‍ എം.പി കുറ്റപ്പെടുത്തി. പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് വലിയ ശക്തിയാകുന്നത് കേന്ദ്ര സര്‍ക്കാര്‍ ഭയപ്പെടുകയാണോ എന്നും ബാനര്‍ജി ചോദിച്ചു.
അതിനിടെ, അസം വിഷയത്തില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ലോക്‌സഭയില്‍ അവതരിപ്പിക്കുമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി അനന്ദ് കുമാര്‍ പറഞ്ഞു. മാധ്യമങ്ങളില്‍നിന്നും ഇന്റലിജന്റ്‌സില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അസമില്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചതെന്ന് രാജ്‌നാഥ് വിശദീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് എം.പിമാര്‍ അടക്കമുള്ള സംഘത്തെ വിമാനത്താവളത്തില്‍ തടഞ്ഞത്. അവര്‍ക്ക് താമസം അടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ടെന്നും എന്നാല്‍, സംഘത്തിലെ ഒരു അംഗം അപമര്യാദയായി പെരുമാറിയെന്നും രാജ്‌നാഥ് ലോക്‌സഭയില്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധ ചെലുത്തുമെന്നും മന്ത്രി പറഞ്ഞതോടെ തൃണമൂല്‍ അംഗങ്ങള്‍ ശാന്തരായി.
 

Latest News