ഗാസ-തെക്കന്‍ ഗാസയില്‍ ഇസ്രയില്‍ നടത്തിയ ആക്രമണത്തില്‍ 70 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇസ്രയില്‍ സൈന്യം നല്‍കിയ 24 മണിക്കൂര്‍ അന്ത്യശാസനത്തിനു പിന്നാലെ നിരവധി പേരാണ് കൂട്ട പലായനം നടത്തുന്നത്. ഇവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഒഴിഞ്ഞു പോകുന്നവര്‍ക്കു നേരെയാണ് ആക്രമണമെന്നു ഹമാസ് കുറ്റപ്പെടുത്തി. പലായനം ചെയ്യുന്നവര്‍ക്കു നേരെയാണ് ആക്രമണുണ്ടായതെന്നും ഹമാസ് വ്യക്തമാക്കി. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുണ്ടെന്നും ഹമാസ് പറയുന്നു. ഇതോടെ ഗാസയില്‍ മാത്രം മരിച്ചവരുടെ എണ്ണം 1900 കടന്നു. അതിനിടെ ബന്ധികളായവര്‍ക്കായി ഗാസയില്‍ പരിശോധന നടത്തിയതായി ഇസ്രായില്‍ വ്യക്തമാക്കി. വടക്കന്‍ ഗാസയില്‍ കാറുകളില്‍ വസ്ത്രങ്ങളും കിടക്കകളും ഉള്‍പ്പെടെയുള്ള വസ്തുക്കളുമായി വീടുപേക്ഷിച്ച് പോകുന്ന പലസ്തീന്‍കാരുടെ വീഡിയോകള്‍ എക്‌സില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
കരയുദ്ധം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഇസ്രയില്‍ ഗാസ നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നത്.കാറുകളിലും മോട്ടോര്‍ ബൈക്കുകളിലും ട്രക്കുകളിലും കാല്‍നടയായുമാണ് വടക്കന്‍ ഗാസയില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നത്. ഗാസയിലെ ജനങ്ങള്‍ക്ക് ഇസ്രയില്‍ സൈന്യം ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ നിരവധി പേര്‍ ഗാസയില്‍ നിന്ന് പലായനം ചെയ്യാന്‍ ആരംഭിച്ചിരുന്നു.