Sorry, you need to enable JavaScript to visit this website.

നെതന്യാഹുവിനെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് 

വാഷിംഗ്ടണ്‍- ഹമാസിന്റെ ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാതലത്തില്‍ നെതന്യാഹുവിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തി യു. എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹിസ്ബുല്ലയെ മിടുക്കരെന്ന് വിളിച്ച് പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. വെസ്റ്റ് പാം ബീച്ചില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. 

ഇസ്രയേലിന്റെ ബലഹീനതകള്‍ വെളിപ്പെടുത്തിയതിന് ഇസ്രായേല്‍, യു. എസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയ ട്രംപ്  ഇസ്രായേലിന്റെ ബദ്ധവൈരിയായ ഹിസ്ബുല്ലയെ 'വളരെ മിടുക്കന്‍' എന്നാണ് വിളിച്ചത്.

നടന്ന സംഭവം നെതന്യാഹുവിനെ വലിയ രീതിയില്‍ ബാധിക്കുമെന്നും അദ്ദേഹം യാതൊരു തയ്യാറെടുപ്പും നടത്തിയില്ലെന്നും ഇസ്രായേലിന് അത്തരം തയ്യാറെടുപ്പുകളൊന്നുമുണ്ടായില്ലെന്നും ട്രംപ് പറഞ്ഞു. 

2024-ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന ട്രംപ് താനായിരുന്നു യു എസ് പ്രസിഡന്റെങ്കില്‍ ഇസ്രായേലിലെ ഭീകരാക്രമണം കണ്ടെത്തി തടയുമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.

ട്രംപിന്റെ വിമര്‍ശനത്തെ ലജ്ജാകരവും വിശ്വസനീയമല്ലാത്തതുമെന്നാണ് ഇസ്രായേല്‍ വിശേഷിപ്പിച്ചത്. യു. എസിന്റെ മുന്‍ പ്രസിഡന്റായ ഒരാള്‍ ഇസ്രായേലിന്റെ ആത്മാവിനെ മുറിവേല്‍പ്പിക്കുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ലജ്ജാകരമാണെന്ന് ഇസ്രായേലി കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഷ്‌ലോമോ പ്രാദേശിക മാധ്യമമായ ചാനല്‍ 13നോട് പറഞ്ഞു.

വൈറ്റ് ഹൗസ് ഡപ്യൂട്ടി പ്രസ് സെക്രട്ടറി ആന്‍ഡ്രൂ ബേറ്റ്സ് ട്രംപിന്റെ അഭിപ്രായങ്ങളെ 'അപകടകരവും അപ്രസക്തവും' എന്നാണ് വിശേഷിപ്പിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി രംഗത്തുള്ള നിരവധി എതിരാളികളും മുന്‍ അമേരിക്കന്‍ പ്രസിഡന്റിനെ വിമര്‍ശിച്ചു.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആരെങ്കിലും സുഹൃത്തും സഖ്യകക്ഷിയുമായ ഇസ്രായേലിനെ കുറ്റപ്പെടുത്താന്‍ ഈ സാഹചര്യത്തില്‍ ശ്രമിക്കുന്നത് അസംബന്ധമാണന്നാണ് ഫ്േളാറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് പറഞ്ഞത്.

ഇസ്രായേലിനൊപ്പമാണ് അമേരിക്ക നിലകൊള്ളുന്നത് എന്നതിനപ്പുറം ഒരു മുന്‍ പ്രസിഡന്റും മറ്റേതെങ്കിലും അമേരിക്കന്‍ നേതാവും മറ്റെന്തെങ്കിലും സന്ദേശം നല്‍കേണ്ട സമയമല്ല ഇതെന്നാണ് ട്രംപിന്റെ മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞത്.

Latest News