റിട്ടയേര്‍ഡ് എസ്. ഐയുടെ കുത്തേറ്റ് എ. എസ്. ഐയ്ക്ക് പരിക്ക്

കൊച്ചി- അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറെ റിട്ടയേഡ് സബ് ഇന്‍സ്‌പെക്ടര്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. മഞ്ഞുമ്മല്‍ അച്ചാരുപറമ്പില്‍ പോള്‍ (62) ആണ് ഏലൂര്‍ പോലീസ് സ്റ്റേഷന്‍ എ. എസ്. ഐ സുനില്‍കുമാറിനെ കുത്തിപ്പരുക്കേല്‍പ്പിച്ചത്.

പോലീസ് പറയുന്നത് ഇങ്ങനെ: പോള്‍ മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കുന്നുവെന്നും വീട്ടുകാരെ ആക്രമിക്കുന്നുവെന്നും ഏലൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് സ്റ്റേഷനില്‍ നിന്ന് സബ് ഇന്‍സ്‌പെക്ടറും എ. എസ്. ഐയും ഒരു സിവില്‍ പൊലീസ് ഓഫീസറും പോളിന്റെ വീട്ടിലെത്തി.

പോലീസ് വാതിലില്‍ മുട്ടി വിളിച്ചപ്പോള്‍ കത്തിയുമായി ചാടിയിറങ്ങിയ പോള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കത്തി വീശുകയായിരുന്നു. ആക്രമണം തടുത്ത സുനില്‍കുമാറിന്റെ ഇടതു കൈത്തണ്ടയുടെ ഞരമ്പ് കുത്തേറ്റ് മുറിഞ്ഞു. ഇദ്ദേഹം മഞ്ഞുമ്മല്‍ സെന്റ്് ജോസഫ്‌സ് ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് കൂടുതല്‍ പോലീസ് എത്തി പോളിനെ പിടികൂടി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.

Latest News