ഫ്രാന്‍സില്‍ അധ്യാപകനെ കുത്തിക്കൊലപ്പെടുത്തി, കൊലയാളി മുദ്രാവാക്യം വിളിച്ചു

പാരീസ്- ഫ്രാന്‍സില്‍ അധ്യാപകനെ കുത്തിക്കൊലപ്പെടുത്തി.  ഫ്രാന്‍സിലെ അരാസ് പ്രദേശത്ത് ഗാമ്പറ്റ സെക്കന്ററി  സ്‌കൂളിലായിരുന്നു സംഭവം. കൊലപാതകി ആരാണെന്ന് വ്യക്തമായിട്ടില്ല. അധ്യാപകനെ ആക്രമിക്കുന്നതിനിടെ കൊലപാതകി ചില മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതോടെ സംഭവം ഭീകരാക്രമണമാണെന്നാണ് പോലീസ് സൂചന നല്‍കുന്നത്.

സ്‌കൂളിലെ ഡെപ്യൂട്ടി പ്രിന്‍സിപ്പലും, മറ്റൊരു അധ്യാപകനും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സ്‌കൂളിലെ തന്നെ മുന്‍ വിദ്യാര്‍ത്ഥിയായ  ചെചന്‍ വംശജനായ യുവാവാണ് ആക്രമണം നടത്തിയതെന്നാണ്  ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാള്‍ പോലീസിന്റെ ഭീകരവാദി ലിസ്റ്റിലുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണകാരിയുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇരുകൈകളിലും ആയുധങ്ങളുമായാണ് ഇയാള്‍ സ്‌കൂളിലേക്ക് പാഞ്ഞുകയറിയത്. ഉടനെ തന്നെ കണ്ണില്‍ കണ്ടവരെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ് വീഴുന്നതിനിടെ വിദ്യാര്‍ഥികളോട് ഓടി രക്ഷപ്പെടാന്‍ അധ്യാപകന്‍ ആവശ്യപ്പെടുകയായിരുന്നു എന്നും സ്‌കൂളിലെ ദൃക്‌സാക്ഷികളായ വിദ്യാര്‍ഥികള്‍ പറയുന്നു.

 

Latest News