Sorry, you need to enable JavaScript to visit this website.

ലോക മനസാക്ഷി ഫലസ്തീൻ ജനതക്കൊപ്പം - സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട് - ഇസ്രായേൽ ഭരണകൂട ഭീകരതക്കിരയായി കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയോടൊപ്പമാണ് ലോക മനസാക്ഷിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി കോഴിക്കോട് മാനാഞ്ചിറക്ക് സമീപം സംഘടിപ്പിച്ച യുദ്ധ വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ. സംഗമത്തിന് മുന്നോടിയായി മാനാഞ്ചിറ മൈതാനിക്ക് ചുറ്റും യൂത്ത് ലീഗ് പ്രവർത്തകർ വലയം തീർത്തു. 1967 ൽ ആറ് ലക്ഷത്തോളം ഫലസ്തീനികളാണ് ജറുസലേമിൽ ഉണ്ടായിരുന്നത്. എന്നാൽ സാമ്രാജ്യത്വ ശക്തികളുടെ ഒത്താശയോടെ തദ്ദേശീയരെ ഇല്ലാതാക്കിയും ആട്ടി പായിച്ചും അധിനിവേശം നടത്തുകയായിരുന്നു ഇസ്രായേലെന്ന് തങ്ങൾ പറഞ്ഞു. ഫലസ്തീൻ പ്രശ്‌നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കാണാൻ ലോകം ഒരുമിക്കണമെന്നും,  എക്കാലവും ഫലസ്തീനികളെ പിന്തുണച്ചിരുന്ന ഇന്ത്യയുടെ പരമ്പരാഗത നിലപാടിനെ തള്ളിപ്പറഞ്ഞ് ഇസ്രയേലിന് പിന്തുണ പ്രഖാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയുടെ പൈതൃകത്തെയാണ് ഇല്ലാതാക്കിയതെന്നും ഇന്ത്യക്കാർ എന്നും ഫലസ്തീനെ പിന്തുണച്ച രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിക്കൊപ്പമാണെന്നും തങ്ങൾ അഭിപ്രായപ്പെട്ടു. ആശുപത്രിയിൽ പരുക്കേറ്റ് കിടക്കുന്നവർക്ക് ഓക്‌സിജൻ പോലും നിഷേധിക്കുന്ന ഇസ്രായേൽ ഭീകരതക്കെതിരെ പ്രതിഷേധമുയരണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, മുസ്ലിം ലീഗ് അഖിലേന്ത്യ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, അഭിവാദ്യങ്ങൾ അർപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു.
ഫലസ്തീൻ അംബാസഡർ അദ്‌നാൻ അബുൽ ഹൈജയുടെ സന്ദേശം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ വായിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യാ അസിസ്റ്റന്റ് സെക്രട്ടറി സി.കെ സുബൈർ, മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടിപി അഷ്റഫലി, സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി, അഷ്റഫ് എടനീർ,     സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ, എം. എസ്. എഫ് ദേശീയ പ്രസിഡന്റ് പി. വി അഹമ്മദ് സാജു, ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ, അഹമ്മദ് പുന്നക്കൽ, കെ. കെ നവാസ്, മിസ്ഹബ് കീഴരിയൂർ, ടി. മൊയ്തീൻ കോയ ശരീഫ് കുറ്റൂർ, സഹീർ ആസിഫ്, റിയാസ് നാലകത്ത് പ്രസംഗിച്ചു.
കനത്ത മഴയെ അവഗണിച്ച് ആയിരത്തിലധികം പ്രവർത്തകർ വലയത്തിൽ കണ്ണികളായി. പ്ലകാർഡും പന്തവും കയ്യിലേന്തിയാണ് പ്രവർത്തകർ വലയത്തിൽ അണിനിരന്നത്.

Latest News