Sorry, you need to enable JavaScript to visit this website.

എയ്ഡഡ് സ്‌കൂളുകളിലെ നാലാം ക്ലാസ് വരെയുള്ള  വിദ്യാർഥികൾക്കും സൗജന്യ യൂണിഫോം

കൊച്ചി- ഖാദിമേഖലയിൽ പുത്തൻ പരിഷ്‌കാരങ്ങളിലൂടെ ഈ വർഷം 100 കോടിരൂപയുടെ വിൽപന ലക്ഷ്യമിടുന്നതായി വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. വസ്ത്ര സങ്കൽപങ്ങളിലും വിപണിയിലും ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസൃതമായി ഖാദി ഉൽപന്നങ്ങളും പുതിയ മേഖലകളിലേക്ക് കടന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം നവീകരിച്ച ഹാൻടെക്‌സ് എംപോറിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 
കൈത്തറി മേഖലയ്ക്ക് താങ്ങും തണലുമാകുന്ന നിരവധി പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ഇതിന് പൊതുജനത്തിന്റെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതി കൂടുതൽ വിപുലീകരിക്കും. എയ്ഡഡ് സ്‌കൂളുകളിലെ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കുകൂടി സൗജന്യ ഖാദി യൂണിഫോം നൽകുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചതായി മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം ഏഴാം ക്ലാസ് വരെയുള്ള സർക്കാർ സ്‌കൂളികളിലെ കുട്ടികൾക്കായിരുന്നു ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നത്. ഇതിനായി 23 ലക്ഷം മീറ്റർ തുണിയായിരുന്നു വേണ്ടിയിരുന്നത്. കുട്ടികളുടെ അഭിരുചിക്കസനുസൃതമായ നിറങ്ങളിൽ സ്‌കൂൾ തുറക്കുന്നതിന് മുമ്പ് കൃത്യസമയത്ത് തന്നെ യൂണിഫോം ലഭ്യമാക്കുവാൻ സാധിച്ചു. ഈ വർഷം 40 ലക്ഷം മീറ്റർ തുണിയാണ് സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതിക്കായി സർക്കാർ ഖാദിയിൽ നിന്നും വാങ്ങുന്നത്. 
സർക്കാർ, അർധ സർക്കാർ ജീവനക്കാർക്ക് ക്രെഡിറ്റ് കാർഡ് പദ്ധതി ഏർപ്പെടുത്തിയത് കൂടുതൽ പേരെ ഈ മേഖലയിലേക്ക് ആകർഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പതിനായിരം രൂപയുടെ ക്രെഡിറ്റ് സൗകര്യമാണ് ജീവനക്കാർക്കായി ഒരുക്കിയിരിക്കുന്നത്. പണം കൃത്യമായി തരാൻകഴിയുന്ന മറ്റ് സ്ഥാപനങ്ങളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തും. 200 രൂപയ്ക്ക് താഴെ തൊഴിലാളികൾക്ക് വരുമാനമുണ്ടായിരുന്നത് 400 മുതൽ 600 രൂപ വരെ വർദ്ധിപ്പിക്കുവാൻ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചു. സ്‌കൂൾ യൂണിഫോം പദ്ധതിയ്ക്ക് കീഴിൽ മാത്രം 4500 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Latest News