നഗ്നഫോട്ടോകളും വീഡിയോകളും നിർമിക്കാൻ എ.ഐയുടെ ജനറേറ്റീവ് ടെക്‌നോളജി കൂടി ഉപയോഗിച്ചു തുടങ്ങിയതോടെ ഡീപ് ഫേക് ടെക്‌നോളജിയെ മറികടക്കാനുള്ള ഗവേഷണത്തിലാണ് സാങ്കേതിക ലോകം. ഒരാളുടെ ഫോട്ടോ അയാളുടെ അനുവാദമില്ലാതെ മാറ്റിമറിക്കപ്പെടാനുള്ള സാഹചര്യം മുന്നിൽക്കണ്ട് പുതിയ തരത്തിലുള്ള വാട്ടർമാർക്കിംഗ് സംവിധാനം കൊണ്ടുവരാൻ ശ്രമിക്കുകയാണ് ചില ഗവേഷകർ. ഫോട്ടോഗാർഡ് എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക.
ചിത്രത്തിലെ ചില പിക്‌സലുകൾ മാറ്റിയാണ് ഇത് സാധ്യമാക്കുക. എന്ത് ഫോട്ടോയാണ് എന്ന് എ.ഐക്ക് അതോടെ മനസ്സിലാകാതാകുമെന്നാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നത്. ഇത്തരം മാറ്റങ്ങൾ മനുഷ്യർക്ക് കാണാനാവില്ലെന്നും ഗവേഷകർ പറയുന്നു.
ഡിഫ്യൂഷൻ എന്ന കൂടുതൽ സങ്കീർണമായ സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നുണ്ട്. ഇത് ഉപയോഗിച്ചാൽ എ.ഐക്ക് ആ ചിത്രം മറ്റെന്തെങ്കിലുമായി തോന്നുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
ഇത്തരം ചിത്രങ്ങൾ എ.ഐ എഡിറ്റ് ചെയ്താൽ പോലും ഒന്നും സംഭവിക്കില്ലെന്നാണ് അനുമാനം. പക്ഷേ ഈ സാങ്കേതിക വിദ്യയും പൂർണമായും പഴുതില്ലാത്തതാണെന്ന് പറയാനാവില്ലെന്ന് ഗവേഷണത്തിനു നേതൃത്വം നൽകിയ ഹാഡി സാൽമൺ പറഞ്ഞു.
ഡീപ് ഫോക്കുകൾ കുറ്റകൃത്യങ്ങൾക്കു ഉപയോഗിക്കുന്നതിനാൽ നിയമ നിർവഹണ അധികൃതരുമായി ബന്ധപ്പെടുക ഏറ്റവും പ്രധാനമാണ്. സൈബർ പോലീസിനെ അറിയിക്കുന്നതിനു പുറമെ, ഡീപ് ഫേക്കുകൾ പ്രത്യക്ഷപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അത് റിപ്പോർട്ട് ചെയ്യണം. പ്ലാറ്റ്‌ഫോമിലെ റിപ്പോർട്ടിംഗ് ടൂളുകൾ ഇതിനായി ഉപയോഗിക്കാം.
ഡീപ്‌ഫേക്ക് റിപ്പോർട്ട് ചെയ്യുമ്പോൾ വീഡിയോയിലേക്കോ ചിത്രത്തിലേക്കോ ഉള്ള ലിങ്കും അത് കണ്ട തീയതിയും സമയവുമൊക്കെ അറിയിക്കണം.