Sorry, you need to enable JavaScript to visit this website.

എക്‌സിൽ തെറ്റായ വിവരങ്ങളും വീഡിയോകളും, എലോൺ മസ്‌കിന് യൂറോപ്യൻ യൂനിയൻ്റെ മുന്നറിയിപ്പ്

ഇസ്രായിൽ-ഫലസ്തീൻ സംഘർഷത്തിൽ നിയമവിരുദ്ധമായ ഉള്ളടക്കവും തെറ്റായ വിവരങ്ങളുമാണ് പ്രചരിപ്പിക്കുന്നതെന്ന് എക്‌സ് മേധാവി എലോൺ മസ്‌കിന് യൂറോപ്യൻ യൂനിയന്റെ (ഇ.യു) മുന്നറിയിപ്പ്. പരാതികളിൽ 24 മണിക്കൂറിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇ.യു ഡിജിറ്റൽ മേധാവി തിയറി ബ്രെട്ടൺ എലോൺ മസ്‌കിന് മുന്നറിയിപ്പ് നൽകിയത്. 
ഇസ്രായിലിനെതിരെ ഹമാസ് നടത്തിയ ആക്രമണങ്ങളെത്തുടർന്ന് യൂറോപ്യൻ യൂനിയനിൽ നിയമവിരുദ്ധമായ ഉള്ളടക്കവും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാൻ നിങ്ങളുടെ പ്ലാറ്റ്‌ഫോമായ എക്‌സ് (മുമ്പ് ട്വിറ്റർ) ഉപയോഗിക്കപ്പെടുകയാണെന്ന് മസ്‌കിന് നൽകിയ കത്തിൽ ബ്രെട്ടൺ ചൂണ്ടിക്കാട്ടി.
ഹമാസ് ആക്രമണത്തിന് ശേഷം ആശങ്കകൾ വർധിച്ചിട്ടുണ്ടെന്നും പരാതിയിൽ 24 മണിക്കൂറിനുള്ളിൽ മസ്‌ക് മറുപടി നൽകണമെന്നും നിയമപാലക ഏജൻസികളെ ബന്ധപ്പെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
യൂറോപ്യൻ യൂനിയന്റെ വ്യവസായത്തിനും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥക്കും വേണ്ടിയുള്ള കമ്മീഷണർ എന്ന നിലയിൽ യൂറോപ്പിൽ വ്യാപാരം നടത്തുന്ന ഇന്റർനെറ്റ് ഭീമന്മാരെ നിയന്ത്രിക്കാനുള്ള അധികാരം തിയറി ബ്രെട്ടനുണ്ട്. വ്യവസ്ഥകൾ ലംഘിക്കുന്ന കമ്പനികൾക്കെതിരെ നിയമ നടപടികൾ ആരംഭിക്കാനും കഴിയും.
എക്‌സിൽ അക്രമവും ഭീകരതയും അടങ്ങിയ ഉള്ളടക്കമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് ഉള്ളടക്കം മോഡറേറ്റ് ചെയ്യുന്നതിന് യൂറോപ്യൻ യൂനിയൻ കർശനമായ നിയമങ്ങൾ ഏർപ്പെടുത്തിയ കാര്യം മസ്‌കിനെ ഓർമിപ്പിച്ചുകൊണ്ട് ബ്രെട്ടൺ പറഞ്ഞു. തന്റെ കത്തിനെ കുറിച്ച് 24 മണിക്കൂറിനുള്ളിൽ എക്‌സ് പ്രതികരിക്കണമെന്നും ഇ.യു പോലീസ് ഏകോപന ഏജൻസിയായ യൂറോപോളുമായി ബന്ധപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്വേഷണത്തിൽ നിയമങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ പിഴ ചുമത്താമെന്ന കാര്യവും  തിയറി ബ്രെട്ടൺ മസ്‌കിനെ ഓർമിപ്പിച്ചു.
നിങ്ങൾ സൂചിപ്പിക്കുന്ന ലംഘനങ്ങൾ വെളിപ്പെടുത്തൂ എന്നാണ്  ബ്രെട്ടനോടുള്ള മസ്‌കിന്റെ പ്രതികരണം. മുന്നറിയിപ്പ് നൽകുന്ന കത്ത് പോസ്റ്റ് ചെയ്ത ഉപയോക്താവിന് നൽകിയ മറുപടിയിലാണ്  മസ്‌ക് നിയമ ലംഘനങ്ങളുടെ പട്ടിക ആവശ്യപ്പെട്ടത്. എല്ലാം സുതാര്യമായിരിക്കണമെന്നും തുറന്ന സ്രോതസ്സുകളുമായിരിക്കണമെന്നാണ് തങ്ങളുടെ നയമെന്നും ഇത് യൂറോപ്യൻ യൂനിയൻ പിന്തുണക്കുന്ന നിലപാടാണെന്നും മസ്‌ക് എഴുതി.
എക്‌സായി റീ ബ്രാൻഡ് ചെയ്യപ്പെട്ട ട്വിറ്ററിലാണ് ഏറ്റവും കൂടുതൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതെന്ന് നേരത്തെ ഇ.യു പരാതിപ്പെട്ടിരുന്നു. പുതിയ നിയമം പ്രാബല്യത്തിൽ വന്നതിനു പിന്നാലെ  അതു പാലിക്കാൻ നടപടി സ്വീകരിക്കുമെന്ന് ബ്രെട്ടന്റെ ഒരു പോസ്റ്റിന് മസ്‌ക് മറുപടി നൽകിയിരുന്നു. എന്നാൽ ഇതേ മസ്‌ക് തന്നെ പ്രധാന തെരഞ്ഞെടുപ്പുകളെ ചുറ്റിപ്പറ്റിയുള്ള തെറ്റായ വിവരങ്ങളും വഞ്ചനകളും നിരീക്ഷിക്കുന്നതിനും പരിമിതപ്പെടുത്തുന്നതിനുമായി നിയോഗിച്ചിരുന്ന ആഗോള സംഘത്തെ പകുതി വെട്ടിക്കുറച്ചതായും വീമ്പിളക്കിയിരുന്നു. സമ്പൂർണ സ്വതന്ത്ര സംഭാഷണ വാദിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ശതകോടീശ്വരനായ ടെക് മുതലാളിക്ക് മുന്നറിയിപ്പുകൾ വീണ്ടും വീണ്ടും ലഭിക്കുകയാണ്. 
ശനിയാഴ്ച ഇസ്രായിലിൽ ഹമാസ് നടത്തിയ ഞെട്ടിക്കുന്ന ആക്രമണത്തിന് ശേഷം ധാരാളം റിപ്പോർട്ടുകളും ഫൂട്ടേജുകളും കൊണ്ട് വെബ് പ്ലാറ്റ്‌ഫോമുകൾ നിറഞ്ഞിരുന്നു. സംഘർഷത്തിൽ മരണസംഖ്യ 3000 കടന്നിരിക്കെ  ക്രൂരതകളുടെ സ്ഥിരീകരിക്കാത്തതോ അതിശയോക്തിപരമോ തെറ്റായതോ ആയ റിപ്പോർട്ടുകളും വർധിച്ചു. ഇത് വിദ്വേഷവും അക്രമവും വ്യാപിപ്പിക്കുമെന്നും തെറ്റായ വിവരങ്ങൾ വലിയ അപകട സാധ്യതയാണ് തുറക്കുന്നതെന്നും വിദഗ്ധർ ഭയപ്പെടുന്നു.

Latest News