Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

''ഈ വയസ്സാൻ കാലത്ത് അറിയുന്ന പണിക്ക് പൊയ്ക്കൂടേ''; കാലം കാത്തുവെച്ച ചോദ്യം

''ഈ വയസ്സാൻ കാലത്ത് അറിയുന്ന പണിക്ക് പൊയ്ക്കൂടേ'' .....കാലം കാത്തുവെച്ച ചോദ്യം. മുപ്പതാണ്ട് പ്രവാസ ലോകത്ത് അധ്വാനിച്ച് പ്രവാസം അവസാനിപ്പിച്ച് തിരിച്ച് നാട്ടിലെത്തി ജീവിക്കാൻ മാർഗം തേടിയിറങ്ങിയ പ്രവാസി കാലം കാത്തുവെച്ച ചോദ്യം കേട്ട് ഞെട്ടിത്തരിച്ചു നിന്നു. താൻ ചോദിച്ച  അതേ ചോദ്യം, അതിനു മാത്രം ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല. ദൈവത്തിന്റെ  സ്വന്തം നാട് പഴയ കൂരകളെയും നാട്ടു പാതകളെയുംമല്ലാം വിസ്മൃതിയിലാഴ്ത്തി കെട്ടിട സമുച്ചയങ്ങളാലും നെടുനീളൻ പാതകളാലും വിദ്യാഭ്യാസ സമ്പന്നതയാലുമെല്ലാം രൂപമാറ്റം വന്ന് വെട്ടിത്തിളങ്ങുന്നുണ്ടെങ്കിലും പ്രവാസം അവസാനിപ്പിച്ച് ചെല്ലുന്നവരുടെ ദുരവസ്ഥക്കു മാത്രം കാലത്തിന് മാറ്റം വരുത്താനായിട്ടില്ല. സർക്കാരുകൾ പലതും മാറി, നേതാക്കളുടെ മോഹന വാഗ്ദാനങ്ങൾ പലകുറി അണമുറിയാതെയുണ്ടായി, പക്ഷേ പ്രവാസികളുടെ പുനരധിവാസ പ്രശ്നങ്ങൾക്ക് മാത്രം ഒരു പകിട്ടും ചന്തവും ഇനിയുമുണ്ടായിട്ടില്ല. അതെല്ലാം വർഷങ്ങൾ കഴിഞ്ഞിട്ടും പഴയ പടി തന്നെ. അതിനാൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയവരിൽ ഭൂരിഭാഗവും ശിഷ്ടജീവിതം മുന്നോട്ടു കൊണ്ടു പോകാനാവാതെ ഉന്തിത്തള്ളിയാണ് നീക്കുന്നത്. പഴയ ഗൾഫുകാരന്റെ പ്രതാപമെല്ലാം പമ്പകടന്ന് രോഗങ്ങളാലും സാമ്പത്തിക ക്ലേശങ്ങളാലും അവഗണനയാലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോഴും ഗൾഫുകാരനെന്ന പ്രതാപം ചാർത്തിക്കൊടുക്കുന്നതിൽ മാത്രം നാട്ടുകാർ ഒരു പിശുക്കും കാണിക്കുന്നുമില്ല. അതിനാൽ പിടിച്ചു നിൽക്കാനാവാതെ വാർധക്യത്തിലും വീണ്ടും പ്രവാസിയാവാനും നാടുവിടാനും വെമ്പുകയാണ് നാടണഞ്ഞ പ്രവാസികളിൽ പലരും. എന്തെങ്കിലും ജോലി ചെയ്്തു ജീവിക്കാമെന്നു വെച്ചാൽ അനുയോജ്യമായതൊന്നും കിട്ടാനും മാർഗമില്ല. ഇനി എടുത്താൽ പൊന്താത്തതാണെങ്കിലും എടുത്തു നോക്കാമെന്നു കരുതി ഇറങ്ങിപ്പുറപ്പെട്ടാലോ, വാർധക്യം സമ്മാനിച്ച ആവലാതികളും ആരോഗ്യ പ്രശ്നങ്ങളും പരിചയക്കുറവുമെല്ലാം സൃഷ്ടിക്കുന്ന പൊല്ലാപ്പുകൾ ഏറെ.
ഇത്തരമൊരു സാഹചര്യത്തിൽ  മണ്ണാർക്കാട്ടുകാരൻ അബു സാമൂഹിക മാധ്യമത്തിൽ എഴുതിയ അനുഭവക്കുറിപ്പ് പ്രവാസികൾക്കിടയിൽ വൈറലാവുക സ്വാഭാവികം. മധ്യപൗരസ്ത്യ ദേശത്തെ ആശങ്കയിലും ദുഃഖത്തിലുമാഴ്ത്തി ഇസ്രായിൽ-ഫലസ്തീൻ പോരാട്ടം അതിരൂക്ഷമായി തുടരുമ്പോഴും  അതൊന്നും വിഷയമാവാതെ  പ്രവാസികളുടെ ഉള്ളകങ്ങളെ കൊത്തിവലിച്ച അബുവിന്റെ  കുറിപ്പാണിപ്പോൾ ചർച്ച. മുപ്പത് വർഷം മുൻപ് അബു ചോദിച്ച അതേ ചോദ്യം ന്യൂജൻ പ്രതിനിധി ശ്രീജിത് ചോദിച്ചപ്പോൾ അബുവിന് ഒരു കാര്യം ബോധ്യമായി. കാലം കാത്തുവെച്ച  ആ ചോദ്യത്തിനു മാത്രം  ഇന്നും ഒരു മാറ്റവുമില്ലെന്ന്. പ്രവാസ ജീവിതം തുടങ്ങുന്നതിനു മുൻപ് യുവ ബസ് കണ്ടക്ടറായിരിക്കുമ്പോൾ അബു ചോദിച്ച അതേ ചോദ്യം. വാർധക്യത്തിന്റെ ജരാനരകളും കുടുംബ പ്രാരാബ്ധത്തിന്റെ ഭാണ്ഡക്കെട്ടുമായി ബസ് ഓടിക്കാനെത്തിയ മുൻ പ്രവാസി കുട്ടേട്ടനോട് മുക്കാലി ചുരത്തിലെ പത്താം വളവ് തിരിച്ചു കയറ്റാനാവാതെ വന്നപ്പോഴായിരുന്നു അബു ചോദിച്ചത് 'ഈ വയസ്സാൻ കാലത്ത് അറിയുന്ന പണിക്ക് പൊയ്ക്കൂടേ''...യെന്ന്.  താൻ ചോദിച്ച അതേ ചോദ്യം തന്നോട് ശ്രീജിത്തും ആവർത്തിച്ചപ്പോഴാണ് അബു ഞെട്ടിത്തരിച്ചത്. ഒന്നര പതിറ്റാണ്ടിലേറെക്കാലം പ്രവാസ ലോകത്ത് കൺസ്ട്രക്ഷൻ കമ്പനിയുടെ വലിയ വണ്ടി ഓടിച്ചു തഴമ്പിച്ച കുട്ടേട്ടന്റെ കൈകൾക്ക്  മുക്കാലി ചുരത്തിന്റെ വളവുകൾ തിരിക്കാൻ പഴയ ബലമുണ്ടായിരുന്നില്ല. എങ്കിലും രണ്ടു പെൺമക്കളടങ്ങുന്ന കുടുംബത്തിന്റെയും രോഗിയായ ഭാര്യയുടെയും ദൈനംദിന ചെലവുകൾക്കായാണ് വീണ്ടും വളയം തിരിക്കാൻ കുട്ടേട്ടൻ എത്തിയത്. 
അതേ അവസ്ഥയിലാണ് അബുവും ഇപ്പോൾ. മൂന്നു പതിറ്റാണ്ട് പ്രവാസ ലോകത്ത് ജോലി ചെയ്ത് ജീവിത സായാഹ്നം ചെലവഴിക്കാൻ നാട്ടിലെത്തിയതാണ് അബു. പക്ഷേ സായാഹ്ന കാലം അല്ലലില്ലാതെ കഴിയാനുള്ള വക അബുവിന്റെ കൈവശം ഇല്ലാതിരുന്നതിനാലാണ് അറിയാവുന്ന പണി ചെയ്തു നോക്കാമെന്ന് വിചാരിച്ച് പഴയ ഗൾഫുകാരന്റെ പ്രതാപത്തിന്റെ കുപ്പായം അഴിച്ചുവെച്ച് ഡെലിവറി വാനിന്റെ നാടൻ ഡ്രൈവറുടെ വേഷം അണിഞ്ഞത്. അബുവിനെ പോലെ കാലപ്പഴക്കം സമ്മാനിച്ച അവശത വാഹനത്തിനുമുണ്ടായിരുന്നു. അതുകൊണ്ട് ഉദ്ദേശിച്ച പോലെ അവൻ വഴങ്ങയില്ലെന്ന് മാത്രമല്ല, പണിമുടക്കി റോഡ് ബ്ലോക്കാക്കി പട്ടണ മധ്യത്തിൽ നിന്നു. സകല പണിയും പയറ്റി നോക്കിയിട്ടും അനങ്ങുന്നില്ല. ഈ സമയമാണ് സഹപ്രവർത്തകനായി കൂടെയുണ്ടായിരുന്ന ന്യൂജൻ പ്രതിനിധി അബുവിനോട് ചോദിച്ചത് 'ഈ വയസ്സാൻ കാലത്ത് അറിയുന്ന പണിക്ക് പൊയ്ക്കൂടേ'' ....യെന്ന്. കാലം കാത്തുവെച്ച ചോദ്യം എന്നാണ് അബു ഇതിനെ വിശേഷിപ്പിച്ചത്. 
പ്രവാസി പുനരധിവാസം ഇന്നും മരീചികയാണ്. പൊടുന്നനെ ജോലി നഷ്ടപ്പെട്ടും പ്രതികൂല കാലാവസ്ഥയെയും സാഹചര്യങ്ങളെയും അതിജീവിച്ചും പതിറ്റാണ്ടുകൾ എല്ലുമുറിയെ പണിയെടുത്ത് വെറും കൈയോടെ നാട്ടിലെത്തുന്ന പ്രവാസികൾ ഇന്ന് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവാതെ നട്ടം തിരിയുകയാണ്. ഗൾഫുകാരനെന്നും എൻ.ആർ.ഐ എന്നുമുള്ള ഓമനപ്പേര് കഴുത്തിൽ കെട്ടിതൂക്കിയിട്ടുള്ളതിനാൽ റേഷൻ കാർഡ് വരെ ഒരു തുള്ളി മണ്ണെണ്ണയോ, നിത്യോപയോഗ സാധനങ്ങളോ കിട്ടാത്ത വെള്ള കാർഡാണ്. 
ഒരു പക്ഷേ മരുഭൂമിയിലെ അധ്വാനം മുഴുവൻ ചെലഴിച്ച് ചോരാത്ത ഒരു വീടുണ്ടാക്കിയിട്ടുണ്ടാവാം. അതിൽ കയറിയിരിക്കുന്നതിനാൽ പിരിവുകാരുടെ കരങ്ങളല്ലാതെ സഹായത്തിന്റേതായ ഒരു കരവും അങ്ങോട്ടു നീളാറില്ല. പ്രിയ പ്രവാസികളെ...ഈ ദുരവസ്ഥക്കു ഒരു പരിഹാരം ഉണ്ടാവേണ്ടേ?  അതിനു പ്രവാസിയായിരിക്കേ തന്നെ നിങ്ങൾ തന്നെ മുന്നിട്ടിറങ്ങുകയല്ലാതെ മറ്റൊരാളും സഹായത്തിനുണ്ടാവില്ലെന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്. 
എത്ര വമ്പൻ ജോലിയാണെങ്കിലും പ്രവാസം നൈമിഷ പ്രതിഭാസമാണെന്നും അതിനു എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാമെന്നുമുള്ള ബോധമാണ് ആദ്യം ഉണ്ടാവേണ്ടത്. അതിനനുസൃതമായി ജീവിതം കെട്ടിപ്പെടുക്കുകയും വേണം. മുൻ പ്രവാസികൾ അധിക പേരും മുന്നാം ക്ലാസും ഗുസ്തിയും കഴിഞ്ഞ് പ്രവാസികളായവരാണ്. അവരെ നയിച്ചിരുന്നത് ഗൾഫ് നാട്ടിൽ എങ്ങയെങ്കിലും എത്തിപ്പെട്ടാൽ എന്തെങ്കിലും ജോലി കിട്ടുമെന്ന പ്രതീക്ഷയായിരുന്നു. അങ്ങനെ എത്തിപ്പെട്ട് കരകറിയവരുണ്ട്. ഇന്ന് അതല്ല സ്ഥിതി. പണ്ടുകാലത്ത് ഇങ്ങനെ എത്തിപ്പെട്ട് കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്ത് ജീവിത കാലം മുഴുവൻ ഇവിടെ ചെലവഴിച്ച് ആരോഗ്യം ക്ഷയിച്ച് നാട്ടിൽ തിരിച്ചെത്തിയവർക്ക് അവിടെ പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. നാട്ടിലെ വർധിച്ച ചെലവും കാലം മാറിയതിനനുസരിച്ച ജോലി പരിചയക്കുറവുമെല്ലാം അവരെ നിർവീര്യരാക്കിയിരിക്കുകയാണ്. ഇപ്പോൾ പ്രവാസ ലോകത്ത് കഴിയുന്നവരിൽ പലരും നാട്ടിലേക്കു പോകേണ്ടി വരുമ്പോൾ ഇതേ സാഹചര്യത്തെയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്.   
ഇത്തരമൊരവസ്ഥക്ക് പരിഹാരം കാണാൻ പ്രവാസ ലോകത്തെ രാഷ്ട്രീയ, മത, സാമൂഹിക സംഘടനകൾ പരിശ്രമിക്കേണ്ടതുണ്ട്. എല്ലാ വാരവും അവധി ദിനത്തിൽ ഈ പാവങ്ങളായ അണികളെ ആട്ടിത്തെളിച്ച് നിങ്ങളുടെ സങ്കേതങ്ങളിലെത്തിച്ച് ആവർത്തന വിരസതയുണ്ടാക്കുന്ന ഉദ്‌ബോധനങ്ങളും പ്രസംഗങ്ങളും കേൾപ്പിച്ച് അവരുടെ കൈയിലിരിക്കുന്ന തുട്ടുകൾ പലവിധ കാരണങ്ങൾ പറഞ്ഞ്  നിങ്ങളുടെ പെട്ടികളിലാക്കുന്ന പതിവു ശൈലിയിൽ മാറ്റം വരുത്തണം. എല്ലാ ആഴ്ചകളിലുമുള്ള നിങ്ങളുടെ ഈ പതിവു രീതി തുടർന്നോളൂ, പക്ഷേ, കുറേക്കൂടി ക്രിയാത്മകമാക്കാനുള്ള പരിശ്രമമുണ്ടാവണം. എ.ഐ, ഇന്റർനെറ്റ് യുഗത്തിന്റെ മാറ്റങ്ങൾ അവർക്ക് പകർന്നു നൽകണം. സങ്കേതങ്ങളിൽനിന്ന് പുറത്തേക്കിറക്കി ചെറിയ ചെറിയ കൈത്തൊഴിലുകളിൽ പ്രാവീണ്യമുള്ളവരായും മാറ്റണം. കൂട്ടത്തിൽ അണികളെ കൂടി നേതൃത്വത്തിലെത്തിക്കാൻ നേതാക്കൾ കസേരകൾ ഇടക്ക് ഒഴിഞ്ഞു കൊടുക്കണം. നാട്ടിലെ മാറ്റങ്ങളും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രവാസികൾക്ക് നൽകുന്ന ആനുകൂല്യങ്ങളെക്കുറിച്ചും ചെറിയ ചെറിയ നിക്ഷേപ പദ്ധതികളെക്കുറിച്ചുമെല്ലാമുള്ള അവബോധവും അവർക്ക് പകർന്നു നൽകണം. എങ്കിൽ പ്രവാസം അവസാനിപ്പിച്ച് വെറും കൈയുമായി ചെല്ലുന്നവർക്കു ഒരു പരിധിവരെ പിടിച്ചു നിൽക്കാൻ കഴിയും. അങ്ങെയാവുമ്പോൾ കാലം കാത്തുവെച്ച ചോദ്യത്തിന്റെ ആവർത്തനം ഇല്ലാതാക്കാനാവും.

Latest News