Sorry, you need to enable JavaScript to visit this website.

സ്‌ക്രാച്ച് വീണാൽ സ്വയം പരിഹരിക്കും; വരുന്നു സെൽഫ് ഹീലിംഗ് ഡിസ്‌പ്ലെ

എത്ര പ്രൊട്ടക്ഷൻ സ്‌ക്രീനിൽ ഉണ്ടെങ്കിലും വരവീഴാതെ സൂക്ഷിക്കുക വലിയ പാടാണ്. എന്നാൽ ഇതിന് പരിഹാരമായി വരുന്നു സെൽഫ് ഹീലിംഗ് ഡിസ്‌പ്ലെ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സ്വയം റിപ്പയർ ചെയ്യാൻ കഴിവുള്ള ഡിസ്‌പ്ലേകൾ ഫോണുകളിൽ വരുമെന്ന് പറയുന്നത് അനലിസ്റ്റ് സ്ഥാപനമായ സി.സി.എസ് ഇൻസൈറ്റ്.

ഡിസ്‌പ്ലെയിൽ വര വീണാൽ അന്തരീക്ഷത്തിലെ വായുവും ബാഷ്പവുമായി ചേർന്ന് പുതിയ വസ്തു നിർമിക്കപ്പെടുകയും അതുവഴി സ്‌ക്രീനിൽ വന്ന വരകൾ ഇല്ലാതാവുകയും ചെയ്യുന്ന നാനോ കോട്ടിംഗ് സംവിധാനത്തോടെയുള്ള ഡിസ്‌പ്ലെ ആയിരിക്കും ഇതെന്ന് സി.സി.എസ് ചീഫ് അനലിസ്റ്റ് ബെൻവുഡ് പറഞ്ഞു. ഇതൊക്കെയാണെങ്കിലും ഡിസ്‌പ്ലെയിലുണ്ടാകുന്ന വലിയ പൊട്ടലുകൾ പരിഹരിക്കാൻ ഈ സംവിധാനത്തിന് സാധിച്ചേക്കില്ല. മറിച്ച് നിത്യോപയോഗത്തിലൂടെ ഉണ്ടാകുന്ന ചെറിയ സ്‌ക്രാച്ചുകൾ ഇല്ലാതാക്കാൻ ഇതിന് കഴിയും. 

ഇതാദ്യമല്ല ഇത്തരം ഡിസ്‌പ്ലെകൾ ചർച്ചയാകുന്നത്. 2013 ൽ എൽ.ജി. അവതരിപ്പിച്ച ഫ്‌ളെക്‌സ് എന്ന കർവ്ഡ് ഡിസ്‌പ്ലെയിൽ ഈ സാങ്കേതികവിദ്യ പരീക്ഷിച്ചിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് എൽ.ജി. കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. 

മെമ്മറി പോളിമർ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സെൽഫ് ഹീലിംഗ് ഡിസ്‌പ്ലെകൾക്കായി മോട്ടോറോള, ആപ്പിൾ ഉൾപ്പടെയുള്ള കമ്പനികൾ പേറ്റന്റുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഇതിൽ ചെറിയ ചൂട് തട്ടുമ്പോൾ തന്നെ ഡിസ്‌പ്ലെയിലെ ചെറിയ സ്‌ക്രാച്ചുകൾ പരിഹരിക്കപ്പെടും. ഉടൻ വരുമെന്ന് ടെക്‌ലോകം പ്രതീക്ഷിക്കുന്ന ആപ്പിളിന്റെ ഫോൾഡബിൾ സ്‌ക്രീനിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ആദ്യം ഫഌഗ്ഷിപ്പ് ഫോണുകളിലായിരിക്കും ഇത് അവതരിപ്പിക്കുകയെങ്കിലും പിന്നീട് അത് മറ്റുഫോണുകളിലും ലഭിക്കും. 
 

Latest News