വിമാനയാത്രക്കിടെ മോശമായി പെരുമാറിയെന്ന് യുവനടി പറഞ്ഞ ആളെ കണ്ടെത്തി, സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം മാത്രമെന്ന് വാദം

കൊച്ചി - വിമാനയാത്രക്കിടെ അപമര്യാദയായി പെരുമാറിയെന്ന് യുവനടി ആരോപണം ഉന്നയിച്ചയാളെ കണ്ടെത്തി. തൃശൂര്‍ സ്വദേശിയായ ആന്റോയാണ് ആരോപണ വിധേയന്‍. യുവനടിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം മാത്രമാണ് നടന്നതെന്നുമാണ് ആന്റോ പറയുന്നത്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ ആന്റോ മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രശ്‌നം ഉണ്ടായപ്പോള്‍ തന്നെ എയര്‍ഹോസ്റ്റസിനോട് പരാതിപ്പെട്ടിരുന്നു. അവര്‍ ഉടന്‍ തന്നെ ഇടപെട്ട് പ്രശ്‌നം പരിഹരിച്ച് , നടിക്ക് മറ്റൊരു സീറ്റ് അനുവദിച്ചുവെന്നും ഇയാള്‍ പറയുന്നു. മാത്രമല്ല മുംബൈയില്‍ നിന്നാണ് പ്രശ്‌നം ഉണ്ടായെന്നതിനാല്‍ നെടുമ്പാശേരി പോലീസിന് ഇക്കാര്യത്തില്‍ കേസ് എടുക്കാന്‍ സാധിക്കില്ലെന്നും ആന്റോ ഹര്‍ജിയില്‍ പറയുന്നു. ബുധനാഴ്ച രാവിലെയായിരുന്നു നടി നെടുമ്പാശേരി പോലീസില്‍ പരാതി നല്‍കിയത്. എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈയില്‍ നിന്നം കൊച്ചിയിലേക്ക് വരുന്നതിനിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു നടി പരാതിയില്‍ പറഞ്ഞത്. ആരോപണവിധേയനായ സഹയാത്രികനും താനും തമ്മില്‍ ഒരു സീറ്റിന്റെ വ്യത്യാസത്തിലായിരുന്നു ഇരുന്നത്. പിന്നീട് അയാള്‍ തന്റെ തൊട്ടടുത്ത സീറ്റില്‍ വന്നിരിക്കുകയായിരുന്നു. സംസാരിക്കുകയെന്ന വ്യാജേന ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന് നടി ആരോപിച്ചു. ഇക്കാര്യം വിമാന ജീവനക്കാരെ അറിയിച്ചപ്പോള്‍ തന്നെ സീറ്റ് മാറ്റിയിരുത്തുക മാത്രമാണ് ചെയ്തത്.വിമാനം ഇറങ്ങിയപ്പോള്‍ എയര്‍പോര്‍ട്ട് സ്റ്റാഫ് പോലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും നടി പറയുന്നു. തുടര്‍ന്ന് കൊച്ചിയില്‍ ഇറങ്ങിയ ശേഷമാണ് താന്‍ പരാതി നല്‍കിയതെന്നും നടി ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചിരുന്നു.

 

Latest News