Sorry, you need to enable JavaScript to visit this website.

ആഗോള എണ്ണ വിപണി പ്രവചനങ്ങൾ ദുഷ്‌കരം, മാന്ത്രികവടിയില്ല - സൗദി ഊർജ മന്ത്രി

ജിദ്ദ - ആഗോള എണ്ണ വിപണിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുൻകൂട്ടി പ്രവചിക്കുക ദുഷ്‌കരമാണെന്നും തങ്ങളുടെ പക്കൽ മാന്ത്രിക വടിയില്ലെന്നും സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. എണ്ണ വിപണിയിൽ ഇടപെടേണ്ടതിന്റെ ആവശ്യകത വിപണിയുടെ ചാഞ്ചാട്ടത്തിന്റെ വ്യാപ്തിയെ ആശ്രയിച്ചിരിക്കുന്നു. എണ്ണ വിപണിയിൽ സജീവമായ നടപടികൾ സ്വീകരിക്കേണ്ടതും വിപണി സ്ഥിരപ്പെടുത്താൻ ശ്രമിക്കേണ്ടതും ആവശ്യമാണെന്നും റഷ്യൻ സന്ദർശനത്തിനിടെ റഷ്യ-24 ചാനലിനോട് സൗദി ഊർജ മന്ത്രി പറഞ്ഞു. 
റഷ്യയുമായുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കാൻ സൗദി അറേബ്യ ശ്രമിക്കുന്നതായി റഷ്യൻ ഉപപ്രധാനമന്ത്രിയും ഊർജ എണ്ണ മന്ത്രിയുമായ അലക്‌സാണ്ടർ നൊവാകുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. സൗദി അറേബ്യയും റഷ്യയും സന്ദർശിക്കുന്ന ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് വിസാ നിയന്ത്രണം എടുത്തുകളയുന്നതിനെ കുറിച്ച് സൗദി അറേബ്യയും റഷ്യയും വിശകലനം ചെയ്തതായി അലക്‌സാണ്ടർ നൊവാക് പറഞ്ഞു. സമാധാനപരമായ ആവശ്യങ്ങൾക്ക് ആണവോർജം ഉപയോഗിക്കുന്ന മേഖലയിലും ഭക്ഷ്യവസ്തുക്കളും കാർഷികോൽപന്നങ്ങളും വിതരണം ചെയ്യുന്ന കാര്യത്തിലും സൗദി അറേബ്യയുമായി സഹകരിക്കാൻ റഷ്യ സന്നദ്ധമാണ്. 
സൗദിയിൽ നിർമാണം ആരംഭിക്കാനുള്ള സാധ്യത നിരവധി റഷ്യൻ കമ്പനികൾ പരിശോധിച്ചുവരികയാണ്. മുൻഗണനാ വ്യവസായ മേഖലകളിൽ സൗദി പങ്കാളികളുമായി സഹകരണം സ്ഥാപിക്കാൻ ആവശ്യമായ ശേഷികൾ റഷ്യൻ കമ്പനികൾക്കുണ്ട്. മെറ്റൽ, ഓട്ടോമോട്ടീവ്, ഫാർമസ്യൂട്ടിക്കൽ, കെമിക്കൽ, മെഡിക്കൽ ഉപകരണങ്ങൾ, ഊർജ-എണ്ണ-വാതക ഉപകരണങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന റഷ്യൻ കമ്പനികൾ സൗദിയിൽ ഉൽപാദനം ആരംഭിക്കാനുള്ള അവസരങ്ങൾ തേടുന്നത് തുടരുകയാണ്. ഇരു രാജ്യങ്ങളും തമ്മിൽ വ്യാവസായിക മേഖലാ സഹകരണത്തിന് വർക്കിംഗ് ഗ്രൂപ്പ് സ്ഥാപിക്കുന്നത് പ്രധാനമാണെന്നും അലക്‌സാണ്ടർ നൊവാക് പറഞ്ഞു.
 

Latest News