Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ കാട്ടാന തിരിഞ്ഞോടിയ വഴിയിൽ മൃതദേഹം, ആനയുടെ ആക്രമണത്തിൽ മരിച്ചതെന്ന് നിഗമനം

ഉളിക്കൽ (കണ്ണൂർ)- കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങി ഭീതി പടർത്തിയ കണ്ണൂർ ഉളിക്കലിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കാംപൊയിൽ സ്വദേശി ആദൃശ്ശേരി ജോസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലത്തീൻ പള്ളിപ്പറമ്പിൽ കണ്ടെത്തിയ മൃതദേഹത്തിൽ മുഴുവൻ പരിക്കുകളുണ്ട്. ഒരു കൈ അറ്റ നിലയിലാണ്. ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാകാമെന്നാണ് നിഗമനം.
ആനയിറങ്ങിയതിനെ തുടർന്ന് നാട്ടുകാർ ഇവിടെനിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. ഇതിനിടെ ജോസും ഓടി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പടക്കം പൊട്ടിച്ചതിനു പിന്നാലെ ആന പരിഭ്രാന്തനായി ഓടിയപ്പോഴായിരിക്കാം അപകടമെന്നാണ് കരുതുന്നത്. പടക്കം പൊട്ടിച്ചതോടെയാണ് ആന വിരണ്ടോടിയതെന്നും അതിനു പിന്നാലെയാണ് ജോസിനോട് ഓടാൻ പറഞ്ഞിരുന്നതെന്നും നാട്ടുകാർ പറയുന്നു.

കണ്ണൂരിലെ  മലയോര മേഖലയായ ഉളിക്കൽ ടൗണിൽ ഇന്നലെ രാവിലെയാണ് കാട്ടാന ഇറങ്ങിയത്. ഭയന്നോടിയ നാട്ടുകാരിൽ ആറു പേർക്ക് വീണു പരിക്കേറ്റു. രാവിലെ ഏഴോടെയാണ് വള്ളിത്തോട് റോഡിൽ ഉളിക്കൽ കൃഷിഓഫീസിന് സമീപത്തെ കൃഷിയിടത്തിൽ ആന എത്തിയത്. പിന്നീട് ടൗണിലെ തീയ്യറ്ററിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിലെത്തി നിലയുറപ്പിച്ചു. ആരെയും ആക്രമിച്ചില്ലെങ്കിലും, അപ്രതീക്ഷിതമായി നാട്ടിൽ കാട്ടാനയെക്കണ്ട് ഭയന്നോടിയ ആറു പേർക്ക് വീണു പരിക്കേറ്റു. ഉളിക്കൽ മണിപ്പറ സ്വദേശികളായ സജീർ (34), സജീവൻ(53), നിസാമുദ്ദീൻ (34) എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റു മൂന്നു പേരുടെ പരിക്ക് സാരമുള്ളതല്ല. വയത്തൂർ വില്ലേജിലെ അംഗൻവാടി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അധികൃതർ രാവിലെ തന്നെ അവധി നൽകിയിരുന്നു.  വിദ്യാർത്ഥികളും യാത്രക്കാരും ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരുമടക്കം സ്ഥലത്തെത്തിയെങ്കിലും കാട്ടാനയെ തുരത്താൻ സാധിച്ചില്ല. ആന ഇറങ്ങിയതറിഞ്ഞ് ടൗണിൽ വൻ ജനക്കൂട്ടം സ്ഥലത്തെത്തിയിരുന്നു. ആനയെ പ്രകോപിപ്പിക്കുന്ന പ്രവർത്തികൾ ജനങ്ങളിൽ നിന്നുണ്ടാവരുതെന്ന് കർശന നിർദ്ദേശം നൽകിയിരുന്നുവെങ്കിലും ചില ആളുകൾ പടക്കം പൊട്ടിച്ചത് കൊമ്പനെ പ്രകോപിപ്പിച്ചു. ഇത് വിരണ്ടോടാൻ തുടങ്ങിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ഉളിക്കൽ ടൗണിനോട് ചേർന്നുള്ള മാർക്കറ്റിന് പിൻഭാഗത്തായാണ് കാട്ടാന മണിക്കൂറുകളോളം  നിലയുറപ്പിച്ചത്.
ഇതോടെ  ഉളിക്കൽ ടൗണിലെ  കടകൾ അടച്ചിടാൻ അധികൃതർ നിർദേശം നൽകി. ഉളിക്കലിലെ 9 മുതൽ 14 വരെയുള്ള വാർഡുകളിൽ തൊഴിലുറപ്പ് ജോലിയും നിർത്തിവച്ചു. വനാതിർത്തിയിൽനിന്ന് പത്തുകിലോമീറ്റർ അകലെയുള്ള സ്ഥലത്താണ് കാട്ടാനയെത്തിയിരിക്കുന്നത്. വനപ്രദേശത്തുനിന്ന് ഏറെ ദൂരത്തുള്ള ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങിയത് നാട്ടുകാരിൽ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ആദ്യമായാണ് ഇവിടെ കാട്ടാനയെത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കർണാടക വനമേഖലയിൽനിന്ന് ഇറങ്ങിയെത്തിയതായിരിക്കാം എന്നാണ് നിഗമനം. 
കാട്ടാനയെ വെടിവെക്കുകയെന്നത് പ്രായോഗികമല്ലെന്നും, കാട്ടിലേക്ക് തിരികെ അയക്കുക മാത്രമാണ് പോംവഴിയെന്നുമാണ് വനം വകുപ്പ് അധികൃതർ നൽകിയ നിർദ്ദേശം. മയക്കുവെടിവെച്ചാൽ, ആന എങ്ങിനെയാവും പ്രതികരിക്കുകയെന്നത് ആശങ്കയുയർത്തുന്നു. ജനവാസ കേന്ദ്രമായതിനാൽ വിരണ്ടോടിയാൽ വലിയ നാശ നഷ്ടമാവും ഉണ്ടാവുകയെന്നും വിലയിരുത്തുന്നു. സ്ഥലം എം.എൽ.എ അഡ്വ.സജീവ് ജോസഫ് ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തിയിരുന്നു. എം.എൽ.എ അടക്കമുള്ളവരെ ആന തുരത്തിയോടിച്ചു.
 

Latest News