Sorry, you need to enable JavaScript to visit this website.

സര്‍ക്കാര്‍ വാഹനങ്ങള്‍ കെ.എല്‍. 90-ലേക്ക് രജിസ്‌ട്രേഷന്‍ മാറ്റുന്നു 

തിരുവനന്തപുരം-സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയുടെ വാഹനങ്ങള്‍ക്ക് പുതിയ രജിസ്‌ട്രേഷന്‍ ശ്രേണിയായി കെ.എല്‍. 90 അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി. തിരുവനന്തപുരം കുടപ്പനക്കുന്നിലെ ദേശസാത്കൃത വിഭാഗം ഓഫീസിലേക്കാണ് ഇവയുടെ രജിസ്‌ട്രേഷന്‍ മാറ്റുന്നത്.കെ.എല്‍. 90 -എ സംസ്ഥാനസര്‍ക്കാര്‍, കെ.എല്‍. 90 ബി- കേന്ദ്രസര്‍ക്കാര്‍, കെ.എല്‍. 90 സി -തദ്ദേശം, കെ.എല്‍. 90 ഡി-സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റുസ്ഥാപനങ്ങള്‍ എന്നിങ്ങനെയാണ് നമ്പര്‍ അനുവദിച്ചിട്ടുള്ളത്.
മോട്ടോര്‍വാഹന ചട്ടത്തില്‍ വരുത്തേണ്ട മാറ്റത്തിന്റെ കരടും പ്രസിദ്ധീകരിച്ചു. ഒരുമാസത്തിനുള്ളില്‍ അന്തിമവിജ്ഞാപനം ഇറങ്ങും. നിലവിലുള്ള വാഹനങ്ങളെല്ലാം കെ.എല്‍. 90-ലേക്ക് മാറ്റാന്‍ ആറുമാസത്തെ സാവകാശമാണ് അനുവദിച്ചിട്ടുള്ളത്. അതത് സ്ഥാപനങ്ങള്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം. അതിസുരക്ഷാ നമ്പര്‍പ്ലേറ്റാണ് വാഹനങ്ങളില്‍ ഘടിപ്പിക്കുക.
ധനവകുപ്പിന്റെ കണക്കുകള്‍പ്രകാരം 327 വകുപ്പുകള്‍ക്കായി 15,619 വാഹനങ്ങളാണുള്ളത്. മറ്റുസ്ഥാനങ്ങളിലായി കുറഞ്ഞത് കാല്‍ലക്ഷം വാഹനങ്ങളെങ്കിലും വേറെയുമുണ്ടാകും.സര്‍ക്കാര്‍വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനാണ് പുതിയ നമ്പര്‍ശ്രേണി കൊണ്ടുവരുന്നത്.

Latest News