കേരളത്തെ രണ്ടാം വീടാക്കിയ  ഫരിയ ഹുസൈന് സൗന്ദര്യ കിരീടം 

തിരുവനന്തപുരം- സെപ്തംബര്‍ 23ന് ജയപൂരില്‍ ഫോര്‍ എവര്‍ സ്റ്റാര്‍  ഇന്ത്യ സംഘടിപ്പിച്ച മിസ് ടീന്‍ ഇന്ത്യ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചാണ് ഫരിയ മിസ് ടീന്‍ ഇന്ത്യ പട്ടം സ്വന്തമാക്കിയത്.  കേരളം ഫരിയയ്ക്ക് അവളുടെ രണ്ടാം വീടാണ്. തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. എല്‍.കെ.ജി മുതല്‍ ഇവിടെയാണ് ഫരിയ പഠിക്കുന്നത്. 
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അസമില്‍ നിന്ന് കേരളത്തിലെത്തിയതാണ് ഫരിയ ഹുസൈനും മാതാപിതാക്കളും. വര്‍ഷങ്ങള്‍ക്കിപ്പുറം കേരളത്തിനുവേണ്ടി സൗന്ദര്യകിരീടം ചൂടാന്‍ തനിക്കാകുമെന്ന് അന്നവള്‍ കരുതിയില്ല. ഏഴുവര്‍ഷമായി മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഫരിയ നിരവധി പരസ്യചിത്രങ്ങളിലും പതിമൂന്ന് എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മോഡലിംഗിനും അഭിനയത്തിനും പൂര്‍ണ പിന്തുണയേകി ബാപ്പ  ഫര്‍ഹാന്‍ ഹുസൈനും ഉമ്മ ഫര്‍മിന്‍ ഹുസൈനും കൂടെയുണ്ട്.
ചെറുപ്പത്തില്‍ത്തന്നെ മോഡലിംഗിനോടും അഭിനയത്തോടും ഫരിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. അഭിനയവും മോഡലിംഗും ഏറെ ഇഷ്ടപ്പെട്ടിരുന്ന അമ്മ ഫര്‍മീന്‍ തനിക്ക് നേടാന്‍ കഴിയാതെപോയത് മകള്‍ സ്വന്തമാക്കുന്നതിന്റെ സന്തോഷത്തിലാണ്. സ്വന്തം നാടായ അസമില്‍ നിന്ന് മാറി നില്‍ക്കുന്നതായി തനിക്ക് തോന്നുന്നില്ലെന്നും അസാമിന് സമാനമായ പച്ചപ്പാണ് കേരളത്തിലുള്ളതെന്നും ഫരിയ പറയുന്നു. കംപ്യൂട്ടര്‍ എന്‍ജിനിയറാകണമെന്നാണ് ഫരിയയുടെ ആഗ്രഹം. 
 

Latest News