Sorry, you need to enable JavaScript to visit this website.

സ്വർണക്കടത്ത് സംഘത്തിന് സി.ഐ.എസ്.എഫും കസ്റ്റംസും കൂട്ട്; സുപ്രധാന തെളിവ് പുറത്ത്

സി.ഐ.എസ്.എഫ് അസി. കമാൻഡന്റ് നവീൻകുമാറും ഷറഫലിയും.

കൊണ്ടോട്ടി- കരിപ്പൂരിൽ സ്വർണക്കടത്ത് സംഘത്തിന് സി.ഐ.എസ്.എഫും, കസ്റ്റംസും കൂട്ടു നിന്നതിന്റെ സുപ്രധാന തെളിവ് പുറത്തുവിട്ട് പോലീസ്. സ്വർണക്കടത്ത് നടത്തുന്നതിനായി സി.ഐ.എസ്.എഫും കസ്റ്റംസും കള്ളക്കടത്ത് ഇടനിലക്കാരനും മൂന്നു രഹസ്യ സിം കാർഡുകൾ ഉപയോഗിച്ചാണ് ആശയ വിനിമയം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. 
ഇതിലെ ഒരു സിം കാർഡ് വിമാനത്താവളത്തിലെ ലഗേജ് കൈകാര്യം ചെയ്യുന്ന ജോലിക്കാരനായ ഷറഫലിയും, രണ്ടാമത്തെ സിം കാർഡ് സി.ഐ.എസ്.എഫ് അസി. കമാൻഡന്റ് നവീൻകുമാറും മൂന്നാമത്തെ സിം കാർഡ് ഒരു കസ്റ്റംസ് ഓഫീസറുമാണ് ഉപയോഗിക്കുന്നത്. സ്വർണം കടത്തുന്ന യാത്രക്കാരുടെ ഫോട്ടോ, വിവിധ സാധന സാമഗ്രികളുടെ ഫോട്ടോ എന്നിവ മൂന്ന് പേരും പരസ്പരം കൈമാറിയാണ് യാത്രക്കാരെ പുറത്ത് കടത്തുന്നത്. 
പിടിയിലായ നവീന് പണം കൈമാറിയതിന്റെ വിവരങ്ങൾ, വിദേശത്തു നിന്നും സ്വർണം അയക്കുന്ന കൊടുവള്ളി സ്വദേശി റഫീഖ് എന്നയാളുമായുള്ള ബന്ധം തെളിയിക്കുന്ന വിവരങ്ങൾ, റഫീഖിന് കൊച്ചിയിൽ നിന്നും ദുബായിലേക്കുള്ള ഇക്കണോമി ക്ലാസ് ടിക്കറ്റ് ബിസിനസ് ക്ലാസിലേക്ക് ഉയർത്തുന്നതിനായി നവീന്റെ ഇടപെടൽ എന്നിവ വ്യക്തമായി തെളിയുന്ന രേഖകളാണ് പോലീസ് കണ്ടെത്തിയത്. 
ഇതിനകം 60 തവണ സ്വർണക്കടത്തിന് സംഘം കൂട്ട് നിന്നിട്ടുണ്ട്.
 ഓരോ തവണയും കള്ളക്കടത്തിന് കൂട്ട് നിൽക്കുന്നതിന് 60,000 രൂപ എന്ന നിരക്കിൽ സ്വർണം കൈപ്പറ്റുന്നവർ ഷറഫലിക്ക് നൽകിയിരുന്നു. ഇതിൽ 5000 രൂപ ഷറഫലി എടുത്ത് ബാക്കി 55,000 രൂപ നവീൻ കുമാറിന് വീട്ടിലെത്തിച്ചും, ഷറഫലി നടത്തിവരുന്ന ജിമ്മിൽ വെച്ചും, സി.ഡി.എം വഴിയും നൽകി വരികയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. അടുത്തിടെ 6.35 ലക്ഷം രൂപ നവീൻ കുമാറിന്റെ നിർദേശത്തിൽ ദില്ലിയിൽ നൽകിയിരുന്നു. പണം നൽകുമ്പോഴടക്കം കോഡ് ഭാഷയാണ് ഇവർ ഉപയോഗിച്ചിരുന്നത്. നവീൻ കുമറിനെ കസ്റ്റഡിയിലെടുക്ക് പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇതോടെ കസ്റ്റംസിലുള്ള കള്ളക്കടത്ത് കണ്ണികളെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
കരിപ്പൂരിൽ നേരത്തേയും സ്വർണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ പിടികൂടിയിരുന്നു. എന്നാൽ സി.ഐ.എസ്.എഫ് ഉന്നതനടക്കമുള്ളവർ പിടിയിലാകുന്നത് ഇതാദ്യമായാണ്.
 

കരിപ്പൂർ സി.ഐ.എസ്.എഫ് അസി. കമാൻഡന്റ് നവീൻകുമാർ കസ്റ്റഡിയിൽ; വീട്ടിൽ റെയ്ഡ് 

കൊണ്ടോട്ടി- സ്വർണക്കടത്തിന് കൂട്ടുനിന്ന് പണം കൈപ്പറ്റിയ കരിപ്പൂർ വിമാനത്താവള സി.ഐ.എസ്.എഫ് അസി. കമാൻഡന്റ് നവീൻകുമാർ പോലീസ് കസ്റ്റഡിയിൽ. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടപ്പുറം തലേക്കരയിലെ വീട്ടിൽ പോലീസ് പരിശോധന നടത്തി. 
മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് സുജിത് ദാസ് നവീൻ കുമാറിനെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. 
ഇയാളിൽ നിന്ന് ചില സുപ്രധാന തെളിവുകൾ പോലീസിന് ലഭിച്ചതായാണ് വിവരം. കഴിഞ്ഞ അഞ്ചാം തിയ്യതി കരിപ്പൂർ പോലീസ് പിടികൂടിയ സ്വർണക്കടത്തിന്റെ അന്വേഷണത്തിലാണ് സി.ഐ.എസ്.എഫ് അസി. കമാണ്ടന്റ് നവീൻ കുമാറിന്റെ സഹായത്തോടെയാണ് യാത്രക്കാർ സ്വർണം പുറത്ത് കടത്തിയതെന്ന് പോലീസ് കണ്ടെത്തിയത്. 
കരിപ്പൂർ കാർ പാർക്കിംഗ് പ്രദേശത്ത് ചുവന്ന നിറത്തിലുള്ള നമ്പർ പ്രദർശിപ്പിക്കാത്ത മഹീന്ദ്ര ജീപ്പ് കണ്ടെത്തിയിരുന്നു. ഈ ജീപ്പിലുണ്ടായിരുന്ന വയനാട് സ്വദേശി എൻ.വി. മുബാറക്, മലപ്പുറം മൂർക്കനാട് യൂസുഫ്, കൊണ്ടോട്ടി കെ.പി. ഫൈസൽ, വെള്ളുവമ്പ്രം എം. മുഹമ്മദ് നിഷാദ് എന്നിവരേ കരിപ്പൂർ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സി.ഐ.എസ്.എഫ് തലവനടക്കം ഉൾപ്പെട്ട സ്വർണക്കടത്ത് പുറത്തായത്. പിടിയിലായവരിൽ എൻ.വി. മുബാറക്, മൂർക്കനാട് യൂസുഫ് എന്നിവർ ജിദ്ദയിൽ നിന്നും എത്തിയ യാത്രക്കാരുന്നു. ഇവർ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം സ്വീകരിക്കാനെത്തിയവരായിരുന്നു ഫൈസലും എം. മുഹമ്മദ് നിഷാദും. എയർ ഹോണിൽ കടത്തിയ 503 ഗ്രാം സ്വർണ മിശ്രിതവും ഇവരിൽ നിന്ന് കണ്ടെത്തിയിരുന്നു.
വിമാനത്താവളത്തിലെ ലഗേജ് വിഭാഗത്തിൽ ജോലിചെയ്തുവരുന്ന ഷറഫലിയും നവീൻകുമാറും കള്ളക്കടത്തിൽ കണ്ണികളാണെന്ന് പോലീസ് കണ്ടെത്തി. ഷറഫലിയുടെ ഫോണിൽ നിന്നാണ് കസ്റ്റംസ് ഓഫീസറുടെ ഒക്ടോബർ മാസത്തെ ഡേനൈറ്റ് ഡ്യൂട്ടി ചാർട്ട് വെള്ളപ്പേപ്പറിൽ രേഖപ്പെടുത്തിയതിന്റെ കോപ്പി കണ്ടെത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി വിവരം നവീൻ കുമാർ കള്ളക്കടത്ത് സംഘത്തിന് അയച്ചു നൽകിയതായിരുന്നു. ഇത് ഗൾഫിൽ നിന്നും സ്വർണം അയക്കുന്ന കൊടുവള്ളി സ്വദേശി റഫീഖിന് കൈമാറിയതും ഇവരുടെ ഫോൺ ചാറ്റിംഗ്, പണം കൈമാറിയതിന്റെ രേഖകളടക്കം പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Latest News