Sorry, you need to enable JavaScript to visit this website.

രാജു നായിഡുവിന് തത്തയെ പിരിയാൻ നേരമായി...

മനുഷ്യർ തമ്മിലുള്ള ഒരു ബന്ധത്തിലും ഒരാൾ മറ്റൊരാളെ കൈവശപ്പെടുത്തരുതെന്ന് ഖലീൽ ജിബ്രാൻ. വളർത്തുജീവികളുമായുള്ള ചിലരുടെ ബന്ധത്തിലും ഈ വാക്കുകൾ എത്രത്തോളം ശരിയാണെന്ന് തോന്നും ചിലരുടെ ജീവിതങ്ങൾ കാണുമ്പോൾ. 
തൃശൂർ തിരുവില്ലാമല സ്വദേശിയും ദമാമിലെ കലാ സാംസ്‌കാരിക സാമൂഹിക ജീവകാരുണ്യ മേഖലയിലെ അറിയപ്പെടുന്ന വ്യക്തിത്വവുമായ രാജു നായിഡു ആ ഒരു പ്രതിസന്ധിയിലാണ് ഇപ്പോൾ. ഇരുപത്തിയൊൻപത് വർഷത്തെ പ്രവാസ ജീവിതത്തിന് തിരശീല താഴ്ത്താൻ ഒരുങ്ങുമ്പോഴും ഒൻപതര വർഷം തന്റെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ വളർത്തിയ 'അപ്പു' വിനെ ഇവിടെ ഒഴിവാക്കി പോകേണ്ടിവരുമോ എന്ന വേദനയിലാണ് രാജു നായിഡു.
'അപ്പു' കുറുമ്പുകാരനായ ഒരു വളർത്ത് തത്തയാണ്. വളർത്ത് ജീവികളുമായി മനുഷ്യൻ പങ്കിടുന്ന സ്‌നേഹവാത്സല്യങ്ങൾ കാണണമെങ്കിൽ രാജു നായിഡുവിന്റെ വീട് സന്ദർശിച്ചാൽ മതി. 
ഇവിടെ കൂടെയുണ്ടായിരുന്ന മക്കൾക്ക് തോന്നിയ ഇഷ്ടമാണ് 2009-ൽ ഈ കുഞ്ഞിക്കിളിയെ സ്വന്തമാക്കാനുണ്ടായ കാരണം. ചുരുങ്ങിയ നാളുകൾ കൊണ്ട് വീട്ടുകാരുമായി ഇണങ്ങിയതിനാൽ വീട്ടിലെ എല്ലാവർക്കും അവനെ പെട്ടെന്ന് ഇഷ്ടപ്പെട്ടു. മക്കളെ സ്‌കൂളിൽ അയക്കുമ്പോൾ യാത്ര പറയാൻ വാതിൽ പടിവരെ അപ്പുവുമുണ്ടാകും. കുഞ്ഞേ  അപ്പൂ... എന്ന വീട്ടുകാരുടെ ശബ്ദത്തിന്റെ പ്രതിധ്വനി നിലക്കും മുമ്പേ എവിടെയുണ്ടെങ്കിലും അവൻ പറന്നെത്തും. ജോലി കഴിഞ്ഞെത്താൻ അൽപ്പം വൈകിയാൽ വഴക്കും പയ്യാരവും കൂകിപ്പറഞ്ഞ് അപ്പു അവന്റെ നീരസം പ്രകടിപ്പിക്കുകയും പരിഭവിക്കുകയും ചെയ്യും. അവനുമായി പിണങ്ങി പുതച്ച് കിടന്നാൽ പുതപ്പ് കൊത്തി മാറ്റി പിണക്കം തീർക്കാൻ അവൻ കാട്ടുന്ന ധൃതി ഒരു നേരംപോക്കിനപ്പുറം ഇതര ജീവജാലങ്ങളുടെ മനുഷ്യനുമായുള്ള മാനസിക ഇണക്കത്തിന്റെ പ്രതിഫലനം കൂടിയായി തിളങ്ങിനിൽക്കും. 
ഉപരിപഠനത്തിനായി മക്കൾ നാട്ടിലേക്ക് തിരിച്ചപ്പോഴും അവരുടെ ഫോൺ വിളികളിൽ അപ്പുക്കിളിയെക്കുറിച്ചുള്ള വർത്തമാനങ്ങൾക്കും പ്രത്യേക സമയം കണ്ടെത്താറുണ്ട്. തനിച്ചായ വീട്ടിലെ ഒറ്റപ്പെടലിന് അർഥം നൽകുന്നത് ഒരു പരിധിവരെ അപ്പുക്കുട്ടനാണെന്ന് പറയുമ്പോൾ രാജു നായിഡുവിന്റെ മുഖത്തെ സന്തോഷം ഇരട്ടിയാകും.
ഇടദിവസങ്ങളിലെ വിസ്തരിച്ചുള്ള കുളിയും, താളാത്മകമായ പാട്ടുമാണ് അപ്പുവിന്റെ ഇഷ്ട വിനോദം. എന്തെങ്കിലും കുരുത്തക്കേടിന് വഴക്ക് പറഞ്ഞ് പുറത്താക്കി വാതിലടച്ചാൽ അവന് മാത്രം അറിയാവുന്ന രഹസ്യ വഴികളിലൂടെ ആരുമറിയാതെ നുഴഞ്ഞ് കയറി മിണ്ടാതെ കൂടിന്റെ മൂലയിലേക്ക് അവൻ ഉൾവലിയും. അപ്പുവിനെക്കുറിച്ച് രാജു നായിഡുവിന് ഒരുപാടുണ്ട് പറയാൻ കാരണം അത്രയ്ക്ക് ആഴമുണ്ട് അവർ തമ്മിലുള്ള സ്‌നേഹത്തിന്. 
സൗദിയിൽനിന്ന് പ്രവാസം മതിയാക്കി പോകുമ്പോൾ അപ്പുവിനെ തന്റെ സുഹൃത്ത് മുസ്തഫയെ ഏൽപ്പിക്കാനാണ് രാജു നായിഡു തീരുമാനിച്ചത്. 
തനിക്ക് എല്ലാ ഐശ്വര്യങ്ങളും സമ്മാനിച്ച ഈ അനുഗൃഹീത ഭൂമിയിലാണ് അപ്പുവിനെ ഉപേക്ഷിക്കുന്നത് എന്ന് സ്വന്തത്തെ ബോധ്യപ്പെടുത്തിയാണ് നാട്ടിലേക്ക് മടങ്ങുന്നതെങ്കിലും, സ്‌നേഹ നിധിയായ ഭാര്യയും മക്കളും അവരുടെ ഓമനകളായ നിയ, മോച്ചാ, ബെറി, ജൂൺ എന്നീ വിളിപ്പേരുകളുള്ള കിളികളും ഊഗ്വേ എന്ന ആമക്കുട്ടിയും, കുസൃതിക്കാരനായ വിദേശിയനായ പങ്കു എന്ന നായക്കുഞ്ഞും ജീവിത പരിസരത്ത് ഇനിമുതൽ ഉണ്ടാകും എന്ന ഉറപ്പുകളായിരിക്കാം ഇഷ്ടപ്പെട്ടതിനെ നഷ്ടപ്പെടുന്നതിലുള്ള ദുഃഖം മുറിച്ച് കടക്കാൻ രാജു നായിഡുവിനെ പ്രാപ്തനാക്കുന്നത്. 

 

 

Latest News