ന്യൂദല്‍ഹി- ഇസ്രായിലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ഇന്ത്യ രക്ഷാദൗത്യം നടത്തും. ഓപ്പറേഷന് അജയ് എന്ന് പേരിട്ട ദൗത്യത്തില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും മടക്കി എത്തിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര് പറഞ്ഞു. പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങളും മറ്റ് ക്രമീകരണങ്ങളും ഇന്ത്യക്കാരുടെ തിരിച്ചുവരവിനായി ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഗാസയില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് രക്ഷാദൗത്യം ആരംഭിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. നേരത്തെ അഫ്ഗാനില്‍ താലിബാന് ഭരണം പിടിച്ചപ്പോഴും ഉക്രൈന് യുദ്ധ സമയത്തും ഇന്ത്യ സമാനമായ രീതിയില്‍ രക്ഷാദൗത്യം നടത്തിയിരുന്നു. ഇന്ത്യന്‍ എംബസി ഓരോ പ്രദേശങ്ങളിലുമുളള ഇന്ത്യക്കാരുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശേഖരിച്ചിരുന്നു. ഇതനുസരിച്ചാണ് ദൗത്യം ക്രമീകരിക്കുക. 24 മണിക്കൂര്‍ ഹെല്പ് ലൈനും കണ്ട്രോള് റൂമും ഇന്ത്യ നേരത്തെ ആരംഭിച്ചിരുന്നു.