ടെൽഅവീവ് - പിറന്ന മണ്ണിൽ ജീവിക്കാനുള്ള ഫലസ്തീൻ ജനതയുടെ ജന്മാവകാശത്തെ സർവ്വസന്നാഹങ്ങളോടെ ചുട്ടു ചാമ്പലാക്കാനുള്ള ഇസ്രായേലിന്റെ നീക്കങ്ങൾക്കായി ഭരണ-പ്രതിപക്ഷ ഐക്യ കൂട്ടായ്മയെന്നോണം സംയുക്ത യുദ്ധകാല മന്ത്രിസഭ രൂപീകരിച്ചു. വൈദ്യുതിയും വെള്ളവും മരുന്നുൾപ്പെടെയുള്ള എല്ലാം നിഷേധിക്കപ്പെട്ട് ഫലസ്തീനികളെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തി ഗസയെ വീണ്ടും വീണ്ടും ചോരക്കളമാക്കാൻ വെമ്പുന്ന ബെഞ്ചമിൻ നെതന്യാഹു സർക്കാറിൽ ഇസ്രായേൽ പ്രതിപക്ഷ നേതാവും മുൻ പ്രതിരോധ മന്ത്രിയും സൈനിക ജനറലുമായ ബെന്നി ഗാൻസ് അടക്കമുള്ളവർ മന്ത്രിയാകും.
അങ്ങനെ ഫലസ്തീൻ ജനതയുടെ വികാരവായ്പുകളെ നെഞ്ചേറ്റുന്ന ഹമാസിനെതിരായ യുദ്ധത്തിൽ ഒറ്റക്കെട്ടായി ഇസ്രയേൽ മുന്നോട്ടു പോകുമെന്നാണ് നെതന്യാഹു സർക്കാറിന്റെ പ്രഖ്യാപനം. ഫലസ്തീനികൾക്കെതിരേയുള്ള യുദ്ധകാല സാഹചര്യം കൈകാര്യം ചെയ്യാൻ മാത്രമാണ് സംയുക്ത മന്ത്രിസഭയെന്ന് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും അറിയിച്ചു. പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെട്ട ഇസ്രയേലിലെ യുദ്ധകാല മന്ത്രിസഭയിൽ പ്രതിപക്ഷ നേതാവിന് പുറമെ ഗാൻസ് നെതന്യാഹുവും മന്ത്രിയാകും. ബെന്നി ഗാൻസ് യുദ്ധകാല മന്ത്രിസഭയിലെത്തുന്നതോടെ യുദ്ധതീവ്രത കൊടുമുടി കയറുമെന്നാണ് റിപോർട്ടുകൾ. ഇസ്രായേൽ മുൻ പ്രതിരോധ സേന ചീഫ് ഗാഡി ഐസൻകോട്ട്, സ്ട്രാറ്റജിക് അഫേഴ്‌സ് മന്ത്രി റോൺ ഡെർമർ എന്നിവർ പ്രത്യേക നിരീക്ഷകരാകും.
വ്യോമാക്രമണങ്ങളിലൂടെ ഗസയ്ക്കുമേൽ കനത്ത നാശം വിതച്ചതിനു പിന്നാലെ കരയിലൂടെയുള്ള യുദ്ധത്തിനുള്ള അവസാന വട്ട കരുനീക്കങ്ങളിലാണ് ഇസ്രായേൽ. ഇതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും യു.എസ് അടക്കമുള്ള സാമ്രാജ്യത്വ ശക്തികളുടെ ശക്തമായ പിന്തുണയോടെ ഇസ്രായേൽ പൂർത്തീകരിച്ചിട്ടുണ്ട്. ഏത് നിമിഷവും ഗസയെ നിലംപരിശാക്കാവുന്ന വിധത്തിലുള്ള നീക്കങ്ങളാണ് ഇവർ പ്ലാൻ ചെയ്തിട്ടുള്ളതെന്നാണ് റിപോർട്ടുകൾ. ഗസയെ തകർത്ത് ഹമാസിനെ പൂർണ്ണമായും നിരായുധീകരിക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. ഗസ ഇനിയൊരിക്കലും പഴയതുപോലെ ആകില്ലെന്നാണ് ഇസ്രായേൽ പ്രതിരോധമന്ത്രി യുവാവ് ഗലാട്ട് മാധ്യമങ്ങളോട് പറഞ്ഞത്. ഇസ്രായേൽ രാഷ്ട്രത്തിന്റെ സമ്പൂർണ വിജയം ഉണ്ടാകുംവരെ ഭരണ-പ്രതിപക്ഷ ഐക്യസർക്കാർ ഒന്നായി പ്രവർത്തിക്കാനാണ് തീരുമാനം.