Sorry, you need to enable JavaScript to visit this website.

ഉസാമ ബിൻ ലാദിനെ ഭീകരനാക്കിയത് മറ്റു ചിലർ- മാതാവ് അലിയ്യ ഗാനിം

അലിയ ഗാനിം ജിദ്ദയിലെ വീട്ടിൽ.

ജിദ്ദ - ലോകത്തെ ഒന്നാം നമ്പർ ഭീകരനായിരുന്ന അൽഖാഇദ നേതാവ് ഉസാമ ബിൻ ലാദിനെ ഭീകരനാക്കി മാറ്റിയത് തീവ്രവാദ ആശയങ്ങൾ വെച്ചുപുലർത്തിയിരുന്ന ചില പ്രവർത്തകരായിരുന്നെന്ന് ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയന് നൽകിയ പ്രത്യേക അഭിമുഖത്തിൽ മാതാവ് അലിയ്യ ഗാനിം പറഞ്ഞു. ആദ്യമായാണ് ഉസാമ ബിൻ ലാദിന്റെ ജീവിതത്തെ കുറിച്ച് അലിയ്യ ഗാനിം ഒരു മാധ്യമത്തിനു മുന്നിൽ മനസ്സ് തുറക്കുന്നത്. ജിദ്ദയിലെ വീട്ടിൽ വെച്ചാണ് ദി ഗാർഡിയൻ റിപ്പോർട്ടർ അലിയ്യ ഗാനിമിനെ കണ്ട് അഭിമുഖം തയാറാക്കിയത്. പഴയ മുറിവുകളിൽ വീണ്ടും കുത്തിനോവിക്കപ്പെട്ടേക്കുമെന്ന് ഭയന്ന്, അഭിമുഖം നടത്തുന്നതിനുള്ള ശ്രമങ്ങളുമായി ഏറെ കരുതലോടെയാണ് കുടുംബം തുടക്കത്തിൽ പ്രതികരിച്ചത്. ദിവസങ്ങൾ നീണ്ട വിശകലനങ്ങൾക്കൊടുവിലാണ് ഗാർഡിയൻ പത്രത്തിന്റെ റിപ്പോർട്ടർക്ക് അഭിമുഖം നൽകുന്നതിന് കുടുംബം സന്നദ്ധത പ്രകടിപ്പിച്ചത്.
ഉസാമ എന്നിൽനിന്ന് ഏറെ അകലെയായിരുന്നെന്ന് ഉസാമയുടെ അർധ സഹോദരന്മാരായ അഹ്മദിനും ഹസനും ഇടയിൽ ഇരുന്ന് അലിയ്യ ഗാനിം പറഞ്ഞു. ഇത് എന്റെ ജീവിതം അങ്ങേയറ്റം ദുഷ്‌കരമാക്കി. കുട്ടിക്കാലത്ത് ഏറ്റവും നല്ല ബാലനായിരുന്നു ഉസാമ. അവൻ എന്നെ ഏറെ സ്‌നേഹിച്ചിരുന്നു. ആളുകളാണ് അവനെ മാറ്റിയത്. ഇതോടെ തീർത്തും വ്യത്യസ്തനായ ഒരാളായി ഉസാമ മാറി. കുട്ടിക്കാലത്ത് ഉസാമ നാണംകുണുങ്ങിയായിരുന്നു. യുവത്വത്തിന്റെ തുടക്ക കാലത്ത് മകൻ കരുത്തുറ്റ വ്യക്തിത്വത്തിന് ഉടമയായി. യൂനിവേഴ്‌സിറ്റിയിൽ വെച്ചാണ് മറ്റുള്ളവർ ഉസാമ ബിൻ ലാദിനെ മാറ്റിയെടുത്തത്. ഇതോടെ മുമ്പ് പരിചയിച്ചതിൽ നിന്ന് തീർത്തും വ്യത്യസ്തനായ വ്യക്തിയായി ഉസാമ മാറി. 


യുവത്വത്തിന്റെ പ്രാരംഭ കാലത്ത് ചിലയാളുകൾ ഉസാമയെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി തീവ്രവാദത്തിലും ഭീകരവാദത്തിലും എത്തിക്കുകയായിരുന്നു. ഈ ആളുകളിൽനിന്ന് അകന്നുനിൽക്കണമെന്ന് എപ്പോഴും മകനോട് താൻ ആവശ്യപ്പെട്ടിരുന്നു. എന്നെ ഏറെ സ്‌നേഹിച്ചിരുന്നതിനാൽ തീവ്രവാദ ആശയങ്ങളിൽ പെട്ട് താൻ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് അവൻ എന്നോട് ഒരിക്കലും സംസാരിച്ചിരുന്നില്ല. ഉസാമ വക്രതയില്ലാത്ത വ്യക്തിയായിരുന്നു. പഠനത്തിൽ മികവ് പുലർത്തിയിരുന്നു. പഠനം ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. സ്വന്തം സമ്പാദ്യം മുഴുവൻ അഫ്ഗാനിസ്ഥാനിൽ ചെലവഴിക്കുകയാണ് അവൻ ചെയ്തത്. കുടുംബ ബിസിനസിന്റെ മറവിലാണ് ഉസാമ പ്രവർത്തിച്ചിരുന്നത്. തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പാതയിൽ ഉസാമ പ്രവേശിക്കുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇക്കാര്യത്തിൽ തങ്ങൾക്ക് കടുത്ത പ്രതിഷേധമുണ്ടായിരുന്നു. ഇങ്ങിനെയെല്ലാം സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല - അലിയ്യ ഗാനിം പറഞ്ഞു 
മുസ്‌ലിം ബ്രദർഹുഡ് പ്രവർത്തകനായ അബ്ദുല്ല അസ്സാം അടക്കമുള്ളവരാണ് ഉസാമയെ വഴിതെറ്റിച്ചത്. അബ്ദുല്ല അസ്സാം പിന്നീട് സൗദി അറേബ്യ വിടുകയും ഉസാമ ബിൻ ലാദിന്റെ ആത്മീയ ഉപദേഷ്ടാവായി മാറുകയും ചെയ്തു. സിറിയൻ തീരനഗരമായ ലട്ടാക്കിയ നിവാസിയാണ് അലിയ്യ ഗാനിം. അലവിയ്യ കുടുംബാംഗമാണ് ഇവർ. അമ്പതുകളുടെ മധ്യത്തിലാണ് ഇവർ സൗദിയിലേക്ക് മാറിയത്. 1957 ൽ റിയാദിൽ വെച്ച് ഉസാമ ബിൻ ലാദിനെ ഇവർ പ്രസവിച്ചു. മൂന്നു വർഷത്തിനു ശേഷം അലിയ്യയെ ഉസാമ ബിൻ ലാദിന്റെ പിതാവ് മുഹമ്മദ് ബിൻ അവദ് ബിൻ ലാദിൻ വിവാഹ മോചനം ചെയ്തു. ഇതിനു ശേഷം മുഹമ്മദ് അൽഅത്താസ് അലിയ്യയെ വിവാഹം ചെയ്തു. അറുപതുകളുടെ തുടക്കത്തിൽ ബിൻ ലാദിൻ വ്യവസായ സാമ്രാജ്യത്തിൽ മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു മുഹമ്മദ് അൽഅത്താസ്. പതിനൊന്നു ഭാര്യമാരിലായി ഉസാമ ബിൻ ലാദിന്റെ പിതാവ് മുഹമ്മദ് ബിൻ അവദ് ബിൻ ലാദിന് 54 മക്കളുണ്ട്. 
എൺപതുകളുടെ തുടക്കത്തിൽ റഷ്യൻ അധിനിവേശത്തിനെതിരെ യുദ്ധം ചെയ്യുന്നതിന് ഉസാമ ബിൻ ലാദിൻ അഫ്ഗാനിസ്ഥാനിലേക്ക് പോയി. ആദ്യ ദിവസങ്ങളിൽ കണ്ടവരെല്ലാം ഉസാമയെ ബഹുമാനിച്ചതായി ഇളയ സഹോദരൻ ഹസൻ പറഞ്ഞു. ഉസാമയെ ഓർത്ത് തങ്ങൾ അഭിമാനിച്ചിരുന്നു. ഇതിനു ശേഷമാണ് വിശുദ്ധ പോരാളിയെന്ന പരിവേഷം ഉസാമക്ക് ലഭിച്ചതെന്ന് ഹസൻ പറഞ്ഞു. 
ഏറ്റവും ഒടുവിൽ 1999 ൽ അഫ്ഗാനിസ്ഥാനിൽ വെച്ചാണ് കുടുംബാംഗങ്ങൾ ഉസാമയെ കണ്ടത്. ആ വർഷം കാണ്ഡഹാറിന് പുറത്തുള്ള താവളത്തിൽ വെച്ച് രണ്ടു തവണ കുടുംബാംഗങ്ങൾ ഉസാമയെ സന്ദർശിച്ചു. എയർപോർട്ടിനടുത്ത സ്ഥലത്തു വെച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് അലിയ്യ ഗാനിം പറഞ്ഞു. ആറെ ആഹ്ലാദത്തോടെയാണ് ഉസാമ ഞങ്ങളെ സ്വീകരിച്ചത്. എന്നും ഞങ്ങൾ അവിടെ തനിക്കൊപ്പം കഴിയണമെന്ന ആഗ്രഹം ഉസാമ പ്രകടിപ്പിച്ചു. മൃഗങ്ങളെ വേട്ടയാടി പിടിച്ച് ഞങ്ങൾക്ക് ഉസാമ വിരുന്നൊരുക്കുകയും എല്ലാവർക്കും വേണ്ടി പ്രാർഥിക്കുകയും ചെയ്തതായി അലിയ്യ കൂട്ടിച്ചേർത്തു. 2001 സെപ്റ്റംബർ 11 ഭീകരാക്രമണങ്ങൾ നടന്നിട്ട് പതിനേഴു വർഷം പിന്നിട്ടെങ്കിലും ആക്രമണത്തിൽ ഉസാമക്ക് പങ്കുണ്ടെന്ന വാദം മാതാവ് ഇപ്പോഴും നിരാകരിക്കുകയാണെന്നും ഉസാമയെ കുറ്റപ്പെടുത്തുന്നതിന് അവർ വിസമ്മതിക്കുകയാണെന്നും, അലിയ്യ ഗാനിം സമീപത്തെ മുറിയിലേക്ക് തിരിഞ്ഞ സമയത്ത് സഹോദരങ്ങൾ പറഞ്ഞു. സദ്‌വൃത്തനായ ഉസാമയുടെ കുട്ടിക്കാലം അറിയുന്നതിനാൽ സെപ്റ്റംബർ 11 ആക്രമണത്തിൽ മറ്റുള്ളവരെയാണ് മാതാവ് കുറ്റപ്പെടുത്തുന്നതെന്ന് ഇവർ പറഞ്ഞു.
സെപ്റ്റംബർ 11 ആക്രമണം തന്നെ ഞെട്ടിച്ചതായി അഹ്മദ് പറഞ്ഞു. ആക്രമണം നടന്ന് നാൽപത്തിയെട്ടു മണിക്കൂറിനകം ആക്രമണത്തിന് പിന്നിൽ ഉസാമയാണെന്ന് തങ്ങൾ അറിഞ്ഞു. ഇതോടെ ഉസാമയെ ഓർത്ത് തങ്ങൾക്ക് നാണം തോന്നി. കടുത്ത പ്രത്യാഘാതങ്ങൾ ഉസാമ നേരിടേണ്ടവരുമെന്ന കാര്യം തങ്ങൾക്ക് ഉറപ്പായിരുന്നു. വിദേശങ്ങളിലായിരുന്ന കുടുംബാംഗങ്ങളെല്ലാം ആക്രമണത്തിൽ ഉസാമക്കുള്ള പങ്ക് അറിഞ്ഞ് സൗദിയിൽ തിരിച്ചെത്തി. ആക്രമണം നടക്കുമ്പോൾ കുടുംബാംഗങ്ങൾ സിറിയയിലും ലെബനോനിലും ഈജിപ്തിലും യൂറോപ്പിലുമായിരുന്നെന്ന് അഹ്മദ് പറഞ്ഞു. എല്ലാവരെയും സൗദി സുരക്ഷാ വകുപ്പുകൾ ചോദ്യം ചെയ്തു. കുറച്ചു കാലത്തേക്ക് രാജ്യം വിടുന്നതിന് കുടുംബാംഗങ്ങൾക്ക് വിലക്കേർപ്പെടുത്തി. രണ്ടു ദശകത്തിന് ഇപ്പുറം സൗദിക്കകത്തും വിദേശത്തും ബിൻ ലാദിൻ കുടുംബാംഗങ്ങൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാകും. 


പുതിയ സൗദി ഭരണാധികാരികൾ മിതവാദ ഇസ്‌ലാമാണ് ആഗ്രഹിക്കുന്നത്. വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി, സിനിമാ തിയേറ്റുകൾക്കുള്ള അനുമതി, അഴിമതി വിരുദ്ധ പോരാട്ടം, തൊഴിൽ വിപണിയിലെ മാറ്റങ്ങൾ തുടങ്ങി സാമൂഹിക, വ്യക്തി സ്വാതന്ത്ര്യ മേഖലയിൽ നിരവധി പരിഷ്‌കാരങ്ങൾ അടുത്ത കാലത്ത് ഭരണാധികാരികൾ നടപ്പാക്കി. സെപ്റ്റംബർ 11 ആക്രമണത്തിനു ശേഷം ലോകത്തെ ഒന്നാം നമ്പർ ഭീകരനായി ഉസാമ മാറി. സൗദി അറേബ്യക്കെതിരായ ആക്രമണത്തിന് പശ്ചാത്യ രാജ്യങ്ങളെ പ്രേരിപ്പിക്കാൻ ശ്രമിച്ച് സെപ്റ്റംബർ 11 ആക്രമണത്തിൽ സൗദികളെ കരുതിക്കൂട്ടി പങ്കാളികളാക്കുന്നതിന് ഉസാമ ശ്രമിച്ചു. എന്നാൽ ഇതിൽ അൽഖാഇദ നേതാവ് വിജയിച്ചില്ല. ഉസാമ ബിൻ ലാദിന്റെ കുടുംബത്തെയും സൗദിയിൽ തിരിച്ചെത്തുന്നതിന് സൗദി ഭരണകൂടം പിന്നീട് അനുവദിച്ചു. ഉസാമയുടെ ഭാര്യമാരും മക്കളും സൗദിയിൽ തിരിച്ചെത്തി. ഇവർ പൂർണ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. 
ഉസാമയുടെ ഭാര്യമാരുമായി അധിക ആഴ്ചകളിലും സംസാരിക്കാറുണ്ടെന്ന് മാതാവ് പറഞ്ഞു. തങ്ങളുടെ വീടിന് സമീപത്തു തന്നെയാണ് ഉസാമയുടെ ഭാര്യമാർ കഴിയുന്നതെന്ന് ഇവർ പറഞ്ഞു. അമേരിക്ക ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ ഉസാമ ബിൻ ലാദിന്റെ പുത്രൻ ഹംസ ബിൻ ലാദിനെ നേരിട്ട് കണ്ടാൽ പിതാവിന്റെ കാലടികൾ പിന്തുടരുതെന്നും ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് രണ്ടുവട്ടം ആലോചിക്കണമെന്നും താൻ ആവശ്യപ്പെടുമെന്ന് ഹസൻ പറഞ്ഞു. 

 

Latest News