Sorry, you need to enable JavaScript to visit this website.

മമതയുടെ ചോരപ്പുഴയും അരക്ഷിത ബോധവും

സംസ്‌കാരത്തിന്റെ ഇലയനക്കങ്ങളാണ് സമൂഹത്തെ മുന്നോട്ടു നയിക്കുന്നത്. അത് ഭീമൻ എയർബസുകളുടെ ഹുങ്കാരമോ, ബുള്ളറ്റ് തീവണ്ടികളുടെ അതിവേഗമോ അല്ല. ഓരോ പൗരനും അനുഭവപ്പെടുന്ന സുരക്ഷിതബോധമാണ് രാജ്യത്തിന്റെ സുരക്ഷിതത്വമായി മാറുന്നത്. അവിടെയാണ് കലക്കും സംസ്‌കാരത്തിനും നിലനിൽക്കാനും പടർന്നു പന്തലിക്കാനുമാകുന്നത്.

സംസ്‌കാരത്തിന്റെ സൂചകമെന്നാണ് ആധുനിക നാഗരികത കലയെ വിവരിക്കുന്നത്. എന്നാൽ ആധുനിക കാലത്തിന് മാത്രം ഇണങ്ങുകയോ ഉൾക്കൊള്ളാനാവുകയോ ചെയ്യുന്ന നിർവചനമല്ല അത്. ഏത് സംസ്‌കാരത്തിന്റേയും, അത് പുരാതനമോ പൗരാണികമോ ആധുനികമോ എന്ന വ്യവച്ഛേദമില്ലാതെ വിലയിരുത്താനും പഠിക്കാനും അക്കാലത്തിന്റെ കലയെത്തന്നെയാണ് നിരൂപകർ പ്രധാന ആയുധമാക്കുന്നത്. അതിനാൽ തന്നെ കലയോടുള്ള നമ്മുടെ സമീപനം സംസ്‌കാരത്തിന്റെ ഭാഗധേയമാണ് നിർണയിക്കുന്നത്. 
എന്നാൽ പൗരസമൂഹം കലയോട് അഭിരമിക്കുമ്പോൾ ഭരണകൂടം അവയിൽനിന്ന് അകന്നുകൊണ്ടിരിക്കുന്നത്, ഏകാധിപത്യത്തിലോ യുദ്ധവെറിയിലോ മാത്രമല്ലെന്നും ജനാധിപത്യത്തിലും അത് സംഭവ്യമാണെന്നും തെളിയിക്കാൻ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനാകും. ഭരണകൂടത്തിന്റെ ഭാഗമായ ഫാസിസസും വർഗീയതയും തങ്ങൾക്ക് ഹിതകരമല്ലാത്ത കലാഖ്യാനങ്ങളുടെ ഉറവിടത്തേയും ആവിർഭാവത്തേയും തച്ചുടക്കാൻ ഏതു മാർഗവും സ്വീകരിക്കും. കലയിൽനിന്നുള്ള ഭരണകൂടങ്ങളുടെ ഈ അകൽച്ച വാസ്തവത്തിൽ രാഷ്ട്രീയമായ ഉദാസീനതയാണ്. കലാ-സാംസ്‌കാരിക സ്ഥാപനങ്ങൾ സംഘടിച്ചുവേണം ഇതിനെ എതിർക്കാനും ചെറുത്തുതോൽപിക്കാനുമെന്നത് നിസ്തർക്കമായ കാര്യമാണ്. സജീവവും സക്രിയവുമായ ജനാധിപത്യത്തിൽ അതിനാൽ തന്നെ കലാ സാംസ്‌കാരിക സ്ഥാപനങ്ങൾ സ്വതന്ത്രവും നിർഭയരുമായ ഭരണകൂട വിമർശകരായിരിക്കും.
സുസ്ഥിരമായ സംസ്‌കാര നിർമിതിക്ക് കലാസ്ഥാപനങ്ങളുടെ സ്വതന്ത്രഭാവത്തിന് വലിയ പങ്കുണ്ട്. കൊച്ചിയിൽ കഴിഞ്ഞ ഏതാനും വർഷമായി നടക്കുന്ന മുസ്‌രിസ് ബിനാലെ കേരളത്തിന്റെ ഈ രംഗത്തെ വലിയൊരു മുന്നേറ്റത്തിന്റെ സാക്ഷ്യപത്രമാണ്. ഭരണകൂടങ്ങൾ കലയെ അവഗണിക്കുന്ന സാഹചര്യത്തിൽ ഈ മേഖലയിലെ സ്ഥാപനങ്ങളെ ഏറ്റെടുക്കേണ്ട കടമ പൗരന്മാരുടേതാകുന്നു. കലയുടെ സ്ഥാപനവൽക്കരണത്തെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയ കൊച്ചി ബിനാലെക്ക് മൂന്നു എഡിഷനുകൾ പിന്നിട്ടപ്പോൾ തന്നെ  ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ നമ്മുടെ കലാ സ്ഥാപനങ്ങളെല്ലാം സ്വതന്ത്രവും സംസ്‌കാര നിർമിതിയെന്ന ഉന്നതലക്ഷ്യത്തിന് അനുരൂപമായ പ്രവർത്തനം കാഴ്ചവെക്കുന്നതുമാണെന്ന് പറയാനാവില്ല. കലയേയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമായി രൂപം കൊടുത്ത നിരവധി അക്കാദമികൾ നമുക്കുണ്ട്. എന്നാൽ അതതുകാലത്തെ ഭരണകൂടത്തിന് താങ്ങായി നിൽക്കുകയും ജനകീയാഭിപ്രായ രൂപീകരണത്തിൽ ഭരണകൂടത്തിന്റെ പിണിയാളുകളായി വർത്തിക്കുകയും ചെയ്യുന്നതിനപ്പുറമുള്ള അസ്തിത്വം ഇവക്കില്ലാതെ പോകുന്നു. അതിനാൽ തന്നെ സാഹിത്യകാരന്മാരും കലാകാരന്മാരും കക്ഷിരാഷ്ട്രീയാധിഷ്ഠിതമായ ചട്ടക്കൂടുകളിൽ ഒതുങ്ങുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്നു. സ്വതന്ത്രമായ വിമർശന ശക്തി നഷ്ടപ്പെടുന്നതോടെ തിരുത്തൽ ശക്തിയായി മാറാനുള്ള കലയുടെ കരുത്ത് ക്ഷയിക്കുകയും കലാപ്രവർത്തനം സർക്കാർ പ്രവർത്തനമായി ഒതുങ്ങുകയും ചെയ്യുന്നു.
രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള ചെറിയ ഒരു സംഭാഷണ ശകലത്തിന്റെ പേരിൽ വിവാദത്തിലേക്ക് എടുത്തറിയപ്പെട്ട മീശ എന്ന നോവലിനെക്കുറിച്ച ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. സാഹിത്യകാരന്റെ കീഴടങ്ങൽ, പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ രഹസ്യ അജണ്ടകൾ, പ്രസാധകരുടെ വിപണി തന്ത്രങ്ങൾ എന്നിവയെയൊക്കെ ചുറ്റി അവ പലതരം പ്രതികരണങ്ങൾ ഉൽപാദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ നമ്മുടെ അക്കാദമികൾ നിസ്സംഗമൗനം കൊണ്ട് ഈ ചർച്ചകളെ ഇരുട്ടിലാക്കിക്കളയുന്നു. സാംസ്‌കാരിക വിമർശമെന്ന മൗലികമായ കർത്തവ്യത്തെയാണ് ഇവിടെ സാഹിത്യ അക്കാദമി അപ്രസക്തമാക്കിക്കളയുന്നത്. എല്ലാ കലാസ്ഥാപനങ്ങളിലും ഈ ദുർഗതി പ്രകടമാണ്.
സാഹിത്യ രചന അപകടം പിടിച്ച പണിയായി മാറിയ കാലമാണിത്. വർഗീയ ഭരണകൂടം കാര്യങ്ങൾ തീരുമാനിക്കുന്ന കാലം. അവരുടെ നിയമസംഹിതകൾക്ക് തലവെച്ചുകൊടുക്കേണ്ട അവസ്ഥയാണ് എഴുത്തുകാരനും പ്രസാധകനുമൊക്കെ അനുഭവിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെ എഴുത്തുകാരൻ തനിച്ചാണ് എക്കാലത്തും മുന്നേറിയത്. ഭരണാധികാരികൾക്ക് സത്യം നഷ്ടപ്പെടുമ്പോഴാണ് ഭരണകൂടം എഴുത്തുകാരന്റെ നേരെ കൊലക്കത്തിയുമായി വരുന്നത്. മതമല്ല വിശപ്പാണ് മനുഷ്യന്റെ പ്രശ്‌നം. ഉറക്കെ സംസാരിക്കുന്നവരെ കൂട്ടിലടയ്ക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. ആ കൂട് പൊളിച്ച് പുറത്തുകടക്കാനാണ് എഴുത്തുകാരൻ ശ്രമിക്കുന്നത്. കാലാതിവർത്തിയായി മാറിമാറി വരുന്ന സാംസ്‌കാരികതലത്തെയാണ് ഭാവുകത്വം എന്ന് വിളിക്കുന്നതെന്ന് പറയാറുണ്ട്. അങ്ങനെയെങ്കിൽ ഈ ഭാവുകത്വത്തെ കൂടുതൽ ശക്തമായി ആവിഷ്‌കരിക്കാനുതകുകയും എഴുത്തുകാരനെ ഉയർത്തിനിർത്താനുള്ള ആത്മബലം ആർജിച്ച സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യുന്ന കലാ സ്ഥാപനങ്ങളാണ് നാം പടുത്തുയർത്തേണ്ടത്. 
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വക്താക്കളാകുകയാണ് എഴുത്തുകാരന്റെ ദൗത്യം. വർഗീയരാഷ്ട്രീയം പോലുള്ള ഭിന്നിപ്പിന്റെ ശക്തികൾ എഴുത്തുകാരനെയും സാംസ്‌കാരിക പ്രവർത്തകനെയും ഭയക്കുന്നത് അതുകൊണ്ടാണ്. പൗരോഹിത്യം ഏറ്റവും വെറുക്കുന്ന വികാരമാണ് പ്രണയം. വർഗീയ രാഷ്ട്രീയത്തിന്റെ എല്ലാ മതിൽക്കെട്ടുകളെയും അതിലംഘിച്ചാണ് പ്രണയം നിലനിൽക്കുന്നത്. പ്രണയത്തെ ആവിഷ്‌കരിക്കുന്നവർ എന്ന നിലയിൽ വർഗീയ ശക്തികൾക്ക് എഴുത്തുകാരനോട് എതിർപ്പുണ്ട്. സാധാരണക്കാർ കാണാത്തവപോലും തിരിച്ചറിയുന്നവരാണ് എഴുത്തുകാരെന്നതിനാൽ അവരുടേത് പ്രവചനാത്മക പ്രവർത്തനമാണ്. അവർക്ക് പിന്തുണ നൽകുകയാണ് കലയേയും സംസ്‌കാരത്തേയും പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടങ്ങളുടെ കർത്തവ്യം. 
എന്നാൽ ഇന്ത്യയിൽ രാഷ്ട്രീയവും കലയും പരസ്പരം പോരടിക്കുന്ന സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. അലങ്കാരത്തിനുവേണ്ടിയല്ലാതെ സംസ്‌കാരത്തിന്റെ പരിരക്ഷക്കായി ഭരണകൂടങ്ങൾ ഒന്നും ചെയ്യുന്നില്ല. കലക്കും സംസ്‌കാരത്തിനുമായി കേന്ദ്രബജറ്റിൽ നാമമാത്രമായ തുകയാണ് നീക്കിവച്ചിരിക്കുന്നത്. മൊത്തം ബജറ്റിന്റെ 0.01 ശതമാനം മാത്രമാണിതെന്നറിയുമ്പോഴാണ് നമ്മുടെ മുൻഗണനാക്രമങ്ങളെക്കുറിച്ച് കഷ്ടം തോന്നുന്നത്. ആയുധങ്ങൾക്ക് സിംഹഭാഗവും തൂലികക്ക് തുച്ഛവും. ബദലുകൾക്ക് അതിജീവനം നൽകാനും മാനവികതയെക്കുറിച്ച് ബോധമുളവാക്കാനും മനുഷ്യനും പ്രകൃതിയും തമ്മിലും മനുഷ്യർ തമ്മിലും ആത്മീയമായ ബന്ധം വളർത്താനും കലയെ ഉപയോഗിക്കണം. സാമാന്യവൽകരണത്തിനും ആഭാസരീതികൾക്കും ലഘൂകരണത്തിനും എതിരായ അവസാനിക്കാത്ത സത്യഗ്രഹമാകണം കല.
സംസ്‌കാരത്തിനും മാനവികതക്കുമുള്ള ഇടങ്ങൾ നമ്മുടെ നാട്ടിൽ ചുരുങ്ങിവരികയാണ്. പല സർവകലാശാലകളിലും മാനവിക വിഷയങ്ങളും ജീവിതവുമായും സംസ്‌കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളും പഠിപ്പിക്കുന്ന വിഭാഗങ്ങൾ അടച്ചുപൂട്ടുന്നു. പുത്തൻ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കുമാത്രമാണ് ഇപ്പോൾ പ്രാധാന്യം. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ കാരണം കലാപഠന കേന്ദ്രങ്ങൾ അധോഗതിയിലേക്ക് നീങ്ങുകയാണ്. സാമ്പത്തികശാസ്ത്രത്തിനു പകരം സംസ്‌കാരത്തിനു മുൻതൂക്കം നൽകുന്ന ഒരു പാഠ്യക്രമത്തിന് വേണ്ടി കലാകാരന്മാർ പോലും ശബ്ദമുയർത്തുന്നില്ലെന്ന് മനസ്സിലാക്കണം. സംസ്‌കാരത്തിന് പൊതുസ്വഭാവം കൽപിക്കുന്നതിനുപകരം വൈവിധ്യങ്ങളായ സംസ്‌കാരങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. സാംസ്‌കാരിക വൈവിധ്യത്തെ പാർശ്വവൽകരിക്കാനുള്ള നീക്കം രാജ്യത്തിന്റെ ഭാവിക്ക് തിരിച്ചടിയാണ്. ഈ യാഥാർഥ്യം തിരിച്ചറിയാതെയാണ് നാം പൗരന്മാർക്കിടയിൽ വിവേചനം കൽപിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്നത്.  
സംസ്‌കാരത്തിന്റെ ഇലയനക്കങ്ങളാണ് സമൂഹത്തെ മുന്നോട്ടു നയിക്കുന്നത്. അത് ഭീമൻ എയർബസുകളുടെ ഹുങ്കാരമോ, ബുള്ളറ്റ് തീവണ്ടികളുടെ അതിവേഗമോ അല്ല. ഓരോ പൗരനും അനുഭവപ്പെടുന്ന സുരക്ഷിതബോധമാണ് രാജ്യത്തിന്റെ സുരക്ഷിതത്വമായി മാറുന്നത്. അരക്ഷിത മനസ്സുകളിൽ കലാപാഗ്നി പടരുന്നു. അവിടെ കലയല്ല, കലാപമാണ് മുന്നിട്ടുനിൽക്കുക. 
അസമിൽ ചോരപ്പുഴയൊഴുകുമെന്ന് മമത ബാനർജി പറയുമ്പോൾ, ഈ യാഥാർഥ്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. എല്ലാ സംസ്‌കാരങ്ങളുടേയും സംഗമഭൂമിയായി സമൂഹം മാറുമ്പോൾ അത് അംഗീകരിക്കാനുള്ള വിശാല മനസ്സാണ് ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ കൈമുതൽ. കലയിലൂടെയുള്ള സാമൂഹിക വിമർശത്തെ മതത്തിനെതിരായും രാഷ്ട്രീയത്തിനെതിരായുമുള്ള കലാപമായല്ല കാണേണ്ടത്. അത് ഒരു ശുദ്ധീകരണപ്രക്രിയയാണ്. ഈ ശുദ്ധീകരണ പ്രക്രിയയിലൂടെ കടന്നുപോകാതെയാവുമ്പോഴാണ് മതവും രാഷ്ട്രീയവുമെല്ലാം അപകടകരമായ പരിണതികളിലേക്കെത്തിച്ചേരുന്നത്. വിമർശനത്തെ ഉൾക്കൊള്ളുകയും തിരുത്തലിന് വേദിയാവുകയും ചെയ്യുമ്പോഴാണ് അവ സ്വച്ഛന്ദം മുന്നോട്ടൊഴുകുക. ഈ സത്യത്തെയാണ് നാം പുറംകാൽ കൊണ്ട് തൊഴിച്ച് പുറത്താക്കുന്നത്.

Latest News