VIDEO ഇസ്രായിൽ ക്രൂരത: അതിര്‍ത്തി കടന്ന് രക്ഷപ്പെടാന്‍ നിര്‍ദേശിച്ചു; പിന്നാലെ ബോംബിട്ട് കൂട്ടക്കൊല

ഗാസ- ഗാസയിലെ ജനവാസ മേഖലയില്‍ ഇസ്രായില്‍ തുടരുന്ന ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പലായനം ചെയ്ത ഫലസ്തീനികള്‍ക്കുനേരേയും വ്യോമാക്രമണം. ഗാസയ്ക്കും ഈജിപ്തിനുമിടയിലുള്ള റഫ ക്രോസിംഗ് കടക്കാന്‍ ശ്രമിച്ച ഫലസ്തീനികള്‍ക്കുനേരെയാണ് ഇസ്രായില്‍ യുദ്ധ വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചത്.
ഇരുപത് ലക്ഷത്തിലധികം ഫലസ്തീനികള്‍ താമസിക്കുന്ന ഗാസ മുനമ്പിലേക്ക് സഹായമെത്തിക്കുന്ന റെഡ് ക്രസന്റിനും മറ്റ് സംഘടനകള്‍ക്കും ഫലസ്തീനിലേക്കുള്ള സുപ്രധാന മാനുഷിക പാതയാണ് റഫ അതിര്‍ത്തി ക്രോസിംഗ്. തിങ്കളാഴ്ച മുതല്‍, ഇസ്രായില്‍ സൈന്യം കുറഞ്ഞത് മൂന്ന് തവണയെങ്കിലും റഫ ക്രോസിംഗില്‍ ബോംബ് വര്‍ഷിച്ചു.
ഇസ്രായില്‍ വിമാനങ്ങള്‍ പ്രദേശത്ത് ബോംബാക്രമണം നടത്തിയപ്പോള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നവര്‍ പരക്കം പായുന്ന ദൃശ്യങ്ങളാണ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളിലുള്ളത്.  ഇസ്രായില്‍ പ്രതിരോധ സേന (ഐഡിഎഫ്)യുടെ മുതിര്‍ന്ന വക്താവ് ഗാസ മുനമ്പിലെ ഫലസ്തീനികളോട് ഈജിപ്തിലേക്ക് പലായനം ചെയ്യാന്‍ ഉപദേശിച്ചിരുന്നു. റഫ ക്രോസിംഗ് ഇപ്പോഴും തുറന്നിരിക്കയാണെന്നും ആര്‍ക്കും പുറത്തു കടക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


അതിനിടെ, റഫ ക്രോസിംഗ് വഴി  ഈജിപ്തിലേക്ക് പോകാന്‍ ഇസ്രായിലില്‍ നിന്ന് ഔദ്യോഗിക ആഹ്വാനമൊന്നും ഉണ്ടായിട്ടില്ലെന്ന് ഐഡിഎഫ് വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തു.
സഹായമെത്തിക്കുന്ന ട്രക്കുകളും ആക്രമിക്കുമെന്ന ഇസ്രായില്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് ട്രക്കുകള്‍ ഈജിപ്ത് ഭാഗത്തേക്ക് മടങ്ങുന്ന വീഡിയോകള്‍ സിനായ് ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എസ്എഫ്എച്ച്ആര്‍) പോസ്റ്റ് ചെയ്തു.
ആവര്‍ത്തിച്ചുള്ള ഇസ്രായില്‍ വ്യോമാക്രമണത്തെത്തുടര്‍ന്ന് അതിര്‍ത്തി ക്രോസിംഗ് അനിശ്ചിതകാലത്തേക്ക് അടച്ചതായും സംഘടന കൂട്ടിച്ചേര്‍ത്തു.
ഫലസ്തീനികളെ സീനായിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഈജിപ്തിലെ ഇസ്രായേല്‍ അംബാസഡര്‍ അമീറ ഒറോണ്‍ പറഞ്ഞു,
ഈജിപ്തുമായുള്ള സമാധാന ഉടമ്പടിയില്‍ ഇസ്രായില്‍ പ്രതിജ്ഞാബദ്ധമാണ്. അതില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തികള്‍ വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി ഈജിപ്ഷ്യന്‍ സൈന്യം തീവ്രവാദത്തിനെതിരെ പോരാടിയ പ്രദേശമാണ് സിനായ്- അമീറ ഒറോണ്‍ പറഞഞു.
ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തെ തുടര്‍ന്ന് ഇസ്രായില്‍ ശക്തമായ പ്രത്യാക്രമണം തുടരുകയാണ്. കുറഞ്ഞത് 1,200 ഇസ്രായിലികളുടെ മരണത്തിനും  3,000 പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായ ആക്രമണങ്ങള്‍ക്ക് തക്ക വില നല്‍കേണ്ടിവരുമെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനത്തോടെയാണ് ഗാസ ബോംബിട്ട് തകര്‍ക്കുന്നത്.
ഇസ്രായില്‍ ആക്രമണത്തില്‍ ഇതുവരെ 260 കുട്ടികളും 230 സ്ത്രീകളും ഉള്‍പ്പെടെ 974 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും 5,000 പേര്‍ക്ക് പരിക്കേറ്റതായും ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

 

Latest News