Sorry, you need to enable JavaScript to visit this website.

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഒരു മുഴം മുമ്പേ ആർ.എസ്.പി, കളത്തിലിറങ്ങി സിറ്റിംഗ് എം.പി എൻ.കെ പ്രേമചന്ദ്രൻ

കൊല്ലം-ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് ആർ.എസ്.പി കടന്നു. ഷിബു ബേബി ജോൺ സംസ്ഥാന സെക്രട്ടറിയായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്. നിലവിൽ പ്രേമചന്ദ്രൻ തന്നെ കൊല്ലത്ത് മത്സരിക്കുമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രേമചന്ദ്രൻ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. മത്സരരംഗത്തേക്ക് പ്രേമചന്ദ്രൻ ചുവട് വെച്ചെങ്കിലും കോൺഗ്രസിലെ സംഘടനാ ദൗർബല്യവും ഗ്രൂപ്പ് പടലപിണക്കങ്ങളും പരിഹരിക്കാൻ നിലവിലെ ഡി.സി.സി പ്രസിഡന്റ് രാജേന്ദ്ര പ്രസാദിന് കഴിയുന്നില്ല. ബ്ലോക്ക് ഭാരവാഹികളെ നിയമിച്ചത് മുതൽ മണ്ഡലം ഭാരവാഹികളെ നിയമിക്കുന്നതിൽ വരെ തർക്കങ്ങളും ചേരിതിരിവുകളും പാർട്ടിക്കുള്ളിലുണ്ട്. കൊല്ലത്തെ ഏഴ് പാർലമെന്റ് മണ്ഡലങ്ങളിലും ഇതാണ് അവസ്ഥ. കൊല്ലം, ചവറ, കുണ്ടറ, ഇരവിപുരം, ചാത്തന്നൂർ, പുനലൂർ, ചടയമംഗലം എന്നീ മണ്ഡലങ്ങളിൽ കൊല്ലം, കുണ്ടറ, ചാത്തന്നൂർ എന്നിവിടങ്ങളിൽ ബ്ലോക്ക് പ്രസിഡൻറുമാരെ നിയമിച്ചത് ഏക പക്ഷീയമാണെന്ന് പറഞ്ഞ് സജീവപ്രവർത്തകർ പോലും സംഘടനാ രംഗത്തുനിന്ന് മാറി നിൽക്കുന്നു. മണ്ഡലം പ്രസിഡന്റുമാരെ നിയമിക്കാനും ജില്ലയിലെ പാർട്ടിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ താഴെ തട്ടിൽ നിയന്ത്രണം നൽകേണ്ട ബൂത്ത് പ്രസിഡൻറുമാരെ പോലും കണ്ടെത്താനായിട്ടില്ല. ഇതൊക്കെ ആർഎസ്പിക്കുള്ളിലും അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. മുന്നണിയിലെ ഒന്നാം കക്ഷിയായ കോൺഗ്രസ്, ജില്ലയിലെ പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളിൽ ഗൗരവകരമായി കണ്ട് ഇടപെടുമെന്നാണ് ആർഎസ്പിയുടെ പ്രതീക്ഷ. കഴിഞ്ഞ തവണ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രേമചന്ദ്രൻ വിജയിച്ചത്. ഇത്തവണത്തെ സാഹചര്യവും അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ആർഎസ്പി. കൊല്ലം ജില്ലയിലെ പടലപിണക്കങ്ങളെ തുടർന്ന് പരാതി മുന്നണി നേതൃത്വത്തിന് മുന്നിലേക്ക് എത്തിക്കുമെന്ന സൂചനയാണ് ആർഎസ്പി നൽകുന്നത്. ജില്ലയിൽ ആർഎസ്പി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് മുന്നോട്ടുപോകുകയാണ്. പ്രേമചന്ദ്രന്റെ വികസന പ്രവർത്തനങ്ങളുടെ കണക്ക് പറഞ്ഞാണ് വോട്ടർമാരിലേക്ക് എത്തുന്നത്. ആർ.എസ്.പിയുടെ ഭവന സന്ദർശനം പല മണ്ഡലങ്ങളിലും പുരോഗമിച്ച് വരികയാണ്.
 

Latest News