സ്വതന്ത്ര ഫലസ്തീനാണ് നീതി; അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യവുമായി വെൽഫെയർ പാർട്ടി

തിരുവനന്തപുരം- സ്വതന്ത്ര ഫലസ്തീനാണ് നീതിയെന്നും ഇസ്രായിലിനെതിരായ ഫലസ്തീൻ ജനതയുടെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളോട് ഐക്യപ്പെടുന്നതായും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. പതിറ്റാണ്ടുകളായി ഇസ്രായിൽ അധിനിവേശത്തിനും സയണിസ്റ്റ് ക്രൂരതകൾക്കും ഇരയായിക്കൊണ്ടിരിക്കുന്ന സമൂഹമാണ് ഫലസ്തീനിലേത്. സ്വന്തം രാജ്യം നിലനിർത്താനും വീണ്ടെടുക്കാനുമായി  കാലങ്ങളായി പൊരുതിക്കൊണ്ടിരിക്കുന്ന ഒരു ജനതക്കു മേൽ അത്യാധുനിക ആയുധങ്ങളുമായി  അതിക്രമം നടത്തുക എന്നത് ഇസ്രായിൽ കാലങ്ങളായി തുടർന്നു വരുന്നതാണ്. ദിവസങ്ങൾക്കു മുമ്പ് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എന്നിൽ അവതരിപ്പിച്ച ഫലസ്തീൻ രഹിത മിഡിൽ ഈസ്റ്റ് ഭൂപടം  ഇസ്രായിൽ പേറുന്ന അധിനിവേശ ബോധത്തിന്റെ പ്രതിഫലനമായിരുന്നു.
സ്വാതന്ത്ര്യപൂർവ്വ കാലം മുതൽ തന്നെ ഇന്ത്യയുടെയും ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തിന്റെയും നിലപാട് ഫലസ്തീന്റെ നീതിക്കൊപ്പവും ഇസ്രായിലിന്റെ അതിക്രൂരമായ അധിനിവേശത്തിനെതിരെയുമായിരുന്നു. എന്നാൽ ഇപ്പോൾ ബി.ജെ.പി നേതൃത്വം നൽകുന്ന ഇന്ത്യൻ ഭരണകൂടം ഇസ്രായിലിന്റെ അന്യായത്തിനും അതിക്രമത്തിനുമൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളത്. വംശവെറിയെ പ്രത്യയശാസ്ത്രമായും പ്രായോഗിക പ്രവർത്തന രീതിയായും അംഗീകരിച്ചവർക്ക് മാത്രമേ ഇസ്രായിലിനെ പിന്തുണക്കുന്ന നിലപാട് സ്വീകരിക്കാനാവൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
 

Latest News