വിവാഹം നടക്കാത്തതില്‍ നിരാശ, അടിമാലിയില്‍ 39 കാരന്‍ ദേഹത്ത് തീക്കൊളുത്തി, ഗുരുതര നിലയില്‍

ഇടുക്കി- അടിമാലി ജംഗ്ഷനില്‍ യുവാവ് പരസ്യമായി ആത്മഹത്യക്ക് ശ്രമിച്ചു. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയായിരുന്നു യുവാവിന്റെ ആത്മഹത്യാശ്രമം. വിവാഹം നടക്കാത്തതിന്റെ നിരാശയിലാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പറയപ്പെടുന്നത്. അടിമാലിയിലെ അമ്പലപ്പടിയില്‍ വാടകക്ക് താമസിക്കുന്ന പന്നിയാര്‍ക്കുട്ടി സ്വദേശി തെക്കേകൈതക്കല്‍ ജിനീഷ് എന്ന 39 വയസ്സുള്ള യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

അടിമാലി സെന്‍ട്രല്‍ ജംഗ്ഷനിലെ ഹൈമാസ്‌ക് ലൈറ്റിന് താഴെയായിരുന്നു യുവാവിന്റെ ആത്മഹത്യാശ്രമം നടന്നത്. കയ്യില്‍ കരുതിയിരുന്ന പെട്രോളുമായി ഇവിടെയെത്തിയ ഈ യുവാവ് അത് ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ഓടിക്കൂടി തീ അണച്ചെങ്കിലും ജിനീഷിന് കാര്യമായി തന്നെ പൊള്ളലേറ്റിട്ടുണ്ട്. മാതാവും സഹോദരനും അടങ്ങിയ കുടുംബത്തോടൊപ്പം താമസിക്കുന്ന വ്യക്തിയാണ് ജിനീഷ്.

ഗുരുതരമായി പൊള്ളലേറ്റ ജിനീഷിനെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെനിന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അടിമാലിയിലെ ഹോട്ടലുകളില്‍ ജോലി ചെയ്തു വന്നിരുന്ന വ്യക്തിയാണ് ഇയാള്‍. വിവാഹം നടക്കാത്തതില്‍ ഇയാള്‍ക്ക് വലിയ മനപ്രയാസം ഉണ്ടായിരുന്നുവെന്നും പലപ്പോഴും അത് തുറന്നു പറഞ്ഞിട്ടുണ്ട് എന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി.

 

Latest News