റിയാദ് കിംഗ് ഫൈസല്‍ ആശുപത്രിയില്‍ റോബോട്ട് നിങ്ങളെ സ്വീകരിക്കും

റിയാദ് - സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും സഹായം നല്‍കാനും അവരുടെ അന്വേഷണങ്ങള്‍ക്ക് കൃത്യമായും ഫലപ്രദമായും ഉത്തരം നല്‍കാനും കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ നൂര്‍ എന്ന് പേരിട്ട റോബോട്ടിക് ഉദ്യോഗസ്ഥന്റെ ആദ്യ പതിപ്പ് പുറത്തിറക്കി. സൗദിയിലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്കുള്ളില്‍ സാങ്കേതികവിദ്യയുടെ ഉപയോഗത്തിലെ മാതൃകാപരമായ പരിവര്‍ത്തനത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. ആധുനിക സാങ്കേതികവിദ്യകളും നൂതനാശയങ്ങളും ആരോഗ്യ സംരക്ഷണത്തിന്റെയും രോഗികളുടെ അനുഭവ സമ്പത്തിന്റെയും ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായി, ഏറ്റവും നൂതനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളും മെഷീന്‍ ലേണിംഗ് ആല്‍ഗോരിതങ്ങളും സജ്ജീകരിച്ച റോബോട്ടിക് ജീവനക്കാരനായ നൂര്‍ ആശുപത്രിയിലെ ഐ.ടി വിഭാഗത്തില്‍ നിലയുറപ്പിക്കുന്നു.
ജീവനക്കാര്‍ അഭിമുഖീകരിക്കുന്ന സാങ്കേതിക പ്രശ്‌നങ്ങളെ കുറിച്ചുള്ള അന്വഷണങ്ങള്‍ക്ക് അറബിയിലും ഇംഗ്ലീഷിലും റോബോട്ടിക് ഉദ്യോഗസ്ഥന്‍ ഉത്തരം നല്‍കുന്നു. മറ്റുള്ളവരുമായി ആശയവിനിമയം നടത്താനും പ്രതികരിക്കാനും ജീവനക്കാരുടെ മുഖങ്ങള്‍ തിരിച്ചറിയാനുമുള്ള ശേഷികളും റോബോട്ടിക് ഉദ്യോഗസ്ഥന്റെ ആദ്യ പതിപ്പിന്റെ സവിശേഷതയാണ്.
ജീവനക്കാരെ അവരുടെ മറ്റു ഉത്തരവാദിത്തങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അര്‍പ്പിക്കാനും റോബോട്ടിക് ജീവനക്കാരന്റെ ആദ്യ പതിപ്പ് പ്രാപ്തരാക്കുമെന്ന് കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രി ഹെല്‍ത്ത് ഐ.ടി കാര്യ വിഭാഗം മേധാവി ഡോ. ഉസാമ അല്‍സുവൈലിം പറഞ്ഞു. ഡിജിറ്റല്‍ ഇന്നൊവേഷനുള്ള ആശുപത്രിയുടെ പ്രതിബദ്ധതയുമായി ഈ ചുവടുവെപ്പ് പൊരുത്തപ്പെട്ടുപോകുന്നു.

 

Latest News